'സമാധാനപരമായ പ്രതിഷേധങ്ങളല്ല വ്യാപാരത്തെ ബാധിക്കുന്നത്, സർക്കാർ നഗരം അടച്ചുപൂട്ടുന്നതാണ്'; സിജെപി
ന്യൂഡൽഹി: കനോട്ട് പ്ലേസിലുള്ള സെൻട്രൽ പാർക്കിൽ സിജെപി സംഘടിപ്പിക്കുന്ന 'ലഹ്‌റാ ദോ തിരംഗ' മാർച്ചിനെച്ചൊല്ലിയുള്ള വ്യാപാരികളുടെ ആശങ്കകൾക്ക് മറുപടിയുമായി അഭിജീത് ദിപ്‌കെ. സമാധാനപരമായ പ്രതിഷേധങ്ങളല്ല വ്യാപാരത്തെ ബാധിക്കുന്നതെന്നും മറിച്ച് സർക്കാർ ഒരു നഗരം മുഴുവൻ അടച്ചിടുന്നതാണ് കച്ചവടത്തെ ദോഷകരമായി ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കനോട്ട് പ്ലേസിൽ നിന്ന് മാറി പ്രതിഷേധങ്ങൾ നടത്തണമെന്ന് രാഷ്ട്രീയ പാർട്ടികളോടും സമരസംഘടനകളോടും ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ (എൻഡിടിഎ) ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്‌ചകളായി നടന്ന പ്രതിഷേധങ്ങൾ വിൽപ്പനയെ ബാധിക്കുകയും വ്യാപാരികളുടെ ഉപജീവനമാർഗം തടസപ്പെടുത്തുകയും ചെയ്തെന്നാണ് സംഘടനയുടെ വാദം. ഇന്ന് വൈകിട്ട് അഞ്ചിന് നടക്കാനിരിക്കുന്ന മാർച്ചിനെതിരെ ആശ്വാസം തേടി വ്യാപാരികളുടെ സംഘടന സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.

ഇതിലാണ് ഇപ്പോൾ സിജെപി സ്ഥാപകൻ പ്രതികരിച്ചത്. 'സമാധാനപരമായ പ്രതിഷേധങ്ങൾ കൊണ്ടല്ല വ്യാപാരങ്ങൾ തകരുന്നത്. സർക്കാർ ഒരു നഗരം മുഴുവൻ അടച്ചിടാനും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കാനും സ്വന്തം പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കാനും നഗരത്തെ യുദ്ധമേഖലയാക്കി മാറ്റാനും തീരുമാനിക്കുമ്പോഴാണ് വ്യാപാരത്തെ ബാധിക്കുന്നത്' എന്ന് ദിപ്‌കെ തന്റെ എക്‌സ് പോസ്‌റ്റിൽ കുറിച്ചു.
വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിൽ ക്രമക്കേടുകൾ നടന്നുവെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് സിജെപി മാർച്ചിന് ആഹ്വാനം ചെയ്‌തത്. ഒക്ടോബർ 13ന് ജന്തർ മന്തറിൽ പ്രവേശിച്ചതിനെ തുടർന്ന് സിജെപി നേതാക്കളായ സൗരവ് ദാസിനെയും ആശുതോഷ് റങ്കയെയും കസ്‌റ്റഡിയിലെടുക്കുകയും പിന്നീട് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിടുകയും ചെയ്‌തതോടെ പ്രതിഷേധം കൂടുതൽ ശക്തമായി.
പുതിയ ഏറ്റുമുട്ടലിന് തൊട്ടുമുമ്പ് ജന്തർ മന്തറിന്റെ ഔദ്യോഗിക പ്രതിഷേധവേദി എന്ന പദവി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിച്ചിരുന്നു. ഇതിനെതിരെയാണ് ദേശീയ പതാകയേന്തി സെൻട്രൽ പാർക്കിൽ പ്രതിഷേധം നടത്താൻ സിജെപി തീരുമാനിച്ചത്. മഹാത്മാഗാന്ധിയുടെ സമാധാനത്തിന്റെയും അഹിംസയുടെയും തത്വങ്ങളോടാണ് സംഘടനയ്ക്ക് പ്രതിബദ്ധതയെന്ന് ദിപ്‌കെ പറഞ്ഞു.
സർക്കാരിനോട് ഉത്തരവാദിത്തം ആവശ്യപ്പെടുന്നതും അനീതിക്കെതിരെ പ്രതിഷേധിക്കുന്നതും ജനാധിപത്യത്തിൽ പൗരന്മാർക്കുള്ള അടിസ്ഥാന അവകാശങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈ, പൂനെ, ജയ്‌പൂർ, ലഖ്‌നൗ, ബെംഗളൂരു, നാഗ്‌പൂർ എന്നിവിടങ്ങളിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധങ്ങളെല്ലാം സമാധാനപരമായിരുന്നുവെന്നും ദിപ്‌കെ അവകാശപ്പെട്ടു.
ജയ്‌പൂരിൽ തനിക്കെതിരെ ആക്രമണമുണ്ടായെന്നും എന്നാൽ തിരിച്ചടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ശാരീരികമായ ബലപ്രയോഗം സംഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുന്നത് അരാജകത്വമല്ല. തെരുവിലിറങ്ങി അനീതിക്കെതിരെ പ്രതിഷേധിക്കുന്നതും അരാജകത്വമല്ല. പൊതുപദവികൾ വഹിക്കുന്നവരെ ചോദ്യം ചെയ്യുന്നതും അരാജകത്വമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കഴിഞ്ഞ മൂന്ന് സിജെപിയും ഇന്ത്യ സഖ്യവും നടത്തിയ പ്രതിഷേധങ്ങൾ കനോട്ട് പ്ലേസിലെ വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചെന്ന് ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ ഇന്നലെ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. കടയുടമകൾ, ഹോട്ടൽ ജീവനക്കാർ, ഡ്രൈവർമാർ, വഴിയോര കച്ചവടക്കാർ തുടങ്ങി മേഖലയിലെ വ്യാപാരത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നിരവധി തൊഴിലാളികൾ ഇതുമൂലം ബുദ്ധിമുട്ടിലായെന്നാണ് സംഘടനയുടെ വാദം.


Click it and Unblock the Notifications
