ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരാൻ സിജെപി; ഒക്ടോബർ 10ന് വീണ്ടും ഇറങ്ങും
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 10ന് ഡൽഹിയിലെ ജന്തർ മന്തറിൽ വീണ്ടും പ്രതിഷേധം നടത്തുമെന്ന് കോക്രോച്ച് ജനത പാർട്ടി പ്രഖ്യാപിച്ചു. പോലീസ് അനുമതി നിഷേധിച്ചിട്ടും മുംബൈയിലെ ശിവാജി പാർക്കിൽ ആയിരക്കണക്കിന് പേർ പങ്കെടുത്ത പ്രതിഷേധത്തിന് പിന്നാലെയാണ് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ സമരം കൂടുതൽ ശക്തമാക്കുമെന്ന് അറിയിച്ചത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ ഒരു മാസം നീണ്ട പ്രതിഷേധത്തിന് സിജെപി നേതൃത്വം നൽകിയിരുന്നു. ഇതിന് പിന്നാലെ ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. ഇപ്പോൾ വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിശോധനയുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ഉണ്ടായെന്ന ആരോപണം ഉന്നയിച്ചാണ് ഗ്യാനേഷ് കുമാറിന്റെ രാജി സിജെപി ആവശ്യപ്പെടുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതയെക്കുറിച്ച് ഇന്ത്യൻ എക്‌സ്പ്രസ് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടാണ് സിജെപി പ്രതിഷേധത്തിന് പ്രധാന കാരണമായത്. ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിജെപി പ്രവർത്തകർ ഡൽഹിയിലേക്ക് എത്തി ഒക്ടോബർ 10ന് ജന്തർ മന്തറിൽ പ്രതിഷേധിക്കുമെന്ന് അഭിജീത് ദിപ്കെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
പ്രതിഷേധക്കാരെ ഡൽഹി പോലീസ് തടഞ്ഞാൽ തടയുന്ന സ്ഥലമെല്ലാം ജന്തർ മന്തറായി മാറുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് ദിപ്കെ വ്യക്തമാക്കി. ജൂലൈ 20ന് നടന്ന സംഭവങ്ങൾ ആവർത്തിക്കരുതെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ സർക്കാർ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാത്മാഗാന്ധി കാണിച്ചുതന്ന സമാധാനത്തിന്റെ വഴിയിലൂടെയായിരിക്കും പ്രതിഷേധം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നവർ പ്രതിഷേധത്തിൽ പങ്കുചേരണമെന്നും ദിപ്കെ ആഹ്വാനം ചെയ്‌തു.
ജൂലൈ 20ന് നടന്ന സംഭവങ്ങളാണ് അദ്ദേഹം പരാമർശിച്ചത്. അന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തിയ ആയിരക്കണക്കിന് വിദ്യാർഥികളും പോലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്കും ഡൽഹി പോലീസിലെയും റാപ്പിഡ് ആക്ഷൻ ഫോഴ്‌സിലെയും കേന്ദ്ര റിസർവ് പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.
പ്രതിഷേധക്കാർക്ക് ലോഹ പെല്ലറ്റുകൾ മൂലം പരിക്കേറ്റതായി ആരോപണം ഉയർന്നതിനെ തുടർന്ന് സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് വിദ്യാർഥികൾക്ക് നേരെ ലോഹ പെല്ലറ്റുകൾ പ്രയോഗിച്ചെന്ന ആരോപണവും ഇതോടെ ഉയർന്നു. സംഭവം ഓഗസ്‌റ്റൽ സുപ്രീം കോടതിയിലും എത്തിയിരുന്നു. തുടർന്ന് ഇതിനെ കുറിച്ച് അന്വേഷിക്കാൻ ഉന്നത തല സമിതിയെ നിയോഗിച്ചിരുന്നു.


Click it and Unblock the Notifications
