ഗ്യാനേഷ് കുമാറിനെതിരെ ഇന്ന് സിജെപി പ്രതിഷേധം; മുംബൈയിലും ഡൽഹിയിലും കനത്ത സുരക്ഷ
മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി ഇന്ന് മുംബൈയിൽ പ്രതിഷേധം നടത്തും. ഡൽഹിയിലെ ജന്തർ മന്തറിൽ ആം ആദ്‌മി പാർട്ടി, ഓൾ ഇന്ത്യ സ്‌റ്റുഡന്റ്സ് അസോസിയേഷൻ, നാഷണൽ സ്‌റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ, ഇന്ത്യൻ യൂത്ത് കോൺഗ്രസ് എന്നീ സംഘടനകളും സമാനമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. എന്നാൽ ഇരു നഗരങ്ങളിലും പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചതായാണ് റിപ്പോർട്ട്.
ന്യൂഡൽഹി ജില്ലയിൽ ഭാരതീയ ന്യായ സുരക്ഷാ സംഹിതയിലെ 163ാം വകുപ്പ് പ്രകാരം നിരോധന ഉത്തരവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻകൂർ അനുമതിയില്ലാതെ അഞ്ചോ അതിലധികമോ പേർ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, ധർണകൾ, മുദ്രാവാക്യം വിളിക്കൽ, പ്രസംഗങ്ങൾ എന്നിവയ്ക്ക് നിയന്ത്രണമുണ്ട്. ആയുധങ്ങൾ, ബാനറുകൾ, പ്ലക്കാർഡുകൾ, വടികൾ തുടങ്ങിയവ കൊണ്ടുപോകുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പൊതുസുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനും ഗതാഗത തടസ്സം ഒഴിവാക്കുന്നതിനുമാണ് നിയന്ത്രണങ്ങളെന്ന് പോലീസ് അറിയിച്ചു. ജന്തർ മന്തറിന് സമീപമുള്ള പ്രദേശങ്ങളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയും ചെയ്‌തിട്ടുണ്ട്.

ജന്തർ മന്തറിലേക്കുള്ള പ്രധാന റോഡുകളിലും പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ടോൾസ്‌റ്റോയ് മാർഗ്, ജൻപഥ് റോഡ്, സൻസദ് മാർഗ് തുടങ്ങിയ മേഖലകളിലാണ് അധിക സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഡൽഹി മെട്രോയുടെ 11 സ്‌റ്റേഷനുകളിലും പ്രവേശനവും പുറത്തേക്കുള്ള വഴിയും താൽക്കാലികമായി അടച്ചിട്ടുണ്ട്. രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, ജൻപഥ്, പട്ടേൽ ചൗക്ക്, സേവാ തീർഥ്, മണ്ഡി ഹൗസ്, ലോക് കല്യാൺ മാർഗ്, ഐഎൻഎ, ചാവ്രി ബസാർ, രാമകൃഷ്‌ണ ആശ്രമ മാർഗ്, ന്യൂഡൽഹി എന്നിവയാണ് അടച്ച സ്‌റ്റേഷനുകൾ.
മുംബൈയിലെ ശിവാജി പാർക്കിലാണ് സിജെപി പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാണ് പ്രധാന ആവശ്യം. രാജിയുണ്ടായില്ലെങ്കിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും ഒക്ടോബർ അവസാനത്തോടെ ഡൽഹിയിലെ ജന്തർ മന്തറിൽ സമരം നടത്തുമെന്നും സംഘടന നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം രാജിവെക്കണമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. പോലീസ് അനുമതി നിഷേധിച്ചാലും വീണ്ടും വീണ്ടും പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. ഒക്ടോബർ ആറിന് പ്രതിപക്ഷ എംപിമാർ നടത്താൻ തീരുമാനിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ വിരുദ്ധ പ്രതിഷേധത്തിൽ സിജെപി പങ്കെടുക്കില്ലെന്നും തങ്ങളുടെ പ്രസ്ഥാനം സ്വതന്ത്രമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ടാണ് ഗ്യാനേഷ് കുമാറിനെതിരെ സിജെപിയും പ്രതിപക്ഷ പാർട്ടികളും വിമർശനം ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും പത്ത് മാസത്തിനിടെ കുറഞ്ഞത് 14 തവണ ചില തീരുമാനങ്ങളിലും ഉത്തരവുകളിലും എതിർപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.
അതിനിടെ കൊച്ചി അടക്കമുള്ള ദക്ഷിണേന്ത്യൻ നഗരങ്ങളിലും സിജെപി പ്രതിഷേധത്തിന് ഒരുങ്ങുന്നുണ്ട്. ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് കൊച്ചിയിൽ സിജെപിയുടെ പ്രതിഷേധ പരിപാടി നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹൈക്കോർട്ട് ജങ്ഷനിൽ വച്ചാണ് പ്രതിഷേധ പരിപാടി നടക്കുക. രാജ്യത്തിൻറെ മറ്റ് ഭാഗങ്ങളിലും സമാനമായ പരിപാടി നടത്താനാണ് സിജെപി നീക്കം.


Click it and Unblock the Notifications
