കശ്‌മീരിലെ കുപ്‍വാരയിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു, സൈനികന് പരിക്കേറ്റു
ശ്രീനഗർ: കശ്‌മീരിലെ കുപ്‌വാര ജില്ലയിൽ ബുധനാഴ്‌ച സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും ഒരു സൈനികന് പരിക്കേൽക്കുകയും ചെയ്‌തു. ജമ്മുവിനെയും കശ്‌മീർ താഴ്‌വരയെയും വിഭജിക്കുന്ന പിർ പഞ്ചൽ പർവതനിരകളുടെ തെക്ക് ഭാഗത്തായി ഭീകര പ്രവർത്തനം കൂടുതൽ ശക്തമാവുന്നു എന്ന റിപ്പോർട്ടുകൾക്ക് ഇടയിലാണ് പുതിയ സംഭവം.
കുപ്‌വാരയിലെ കോവട്ട് പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജമ്മു കശ്‌മീർ പോലീസും സുരക്ഷാ സേനയും സംയുക്ത തിരച്ചിൽ ആരംഭിച്ചത്. ലോലാബ് താഴ്‌വരയിലെ ചലനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്ന ആർമിയുടെ ദിവാർ ക്യാമ്പിന് സമീപമാണ് വെടിവെപ്പുണ്ടായതെന്നാണ് സംഭവത്തെ കുറിച്ച് അറിയുന്നവരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയുന്നു.

ലോലാബിനെ ബന്ദിപ്പോര, ബാരാമുള്ള ജില്ലകളുമായി ബന്ധിപ്പിക്കുന്ന വനമേഖലയാണ് ഇത്. എന്നാൽ ജമ്മു കശ്‌മീരിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയായ നിയന്ത്രണരേഖയ്ക്ക് (എൽഒസി) കുറുകെ നുഴഞ്ഞുകയറിയ ശേഷം ഒരു ജില്ലയിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കാൻ തീവ്രവാദികൾ ഈ വഴിയാണ് ഉപയോഗിച്ചു വരുന്നത്.
24 മണിക്കൂറിനിടെ കശ്‌മീരിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ചൊവ്വാഴ്‌ച, നിയന്ത്രണ രേഖയ്ക്ക് സമീപം പൂഞ്ച് ജില്ലയിൽ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയപ്പോൾ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പിന്നാലെ വിവിധ മേഖലകളിൽ സൈന്യം പരിശോധനയും സുരക്ഷയും ശക്തമാക്കിയിരുന്നു.
കുപ്‌വാരയിലെ കേരൻ സെക്‌ടറിൽ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തുകയും രണ്ട് ഭീകരരെ വധിക്കുകയും ചെയ്‌തതിന് ദിവസങ്ങൾക്ക് ശേഷമാണ് മേഖലയിൽ വീണ്ടും ഏറ്റുമുട്ടൽ നടക്കുന്നത്. ജൂലൈ 14ന്, കേരനിൽ മറ്റൊരു നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയപ്പോൾ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു.
ഭീകരാക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മേഖലയിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡ്രോണുകൾ, ക്വാഡ്‌കോപ്റ്ററുകൾ, ഹ്യൂമൻ ഇന്റലിജൻസ് എന്നിവ ഉപയോഗിച്ച് ഭീകരരുടെ നീക്കം നിരീക്ഷിക്കാനും നുഴഞ്ഞുകയറ്റം തടയാനും സൈന്യം ശ്രമം തുടരുന്നുണ്ട്. കേരൻ ഒരു സ്ഥിരം നുഴഞ്ഞുകയറ്റ പാതയായി മാറിയ നിലയിലാണ് ഇപ്പോൾ.
ഈ വർഷം, ജമ്മുവിലെ ആറ് ജില്ലകളിൽ നടന്ന ഒരു ഡസനോളം ആക്രമണങ്ങളിൽ 12 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു വില്ലേജ് ഡിഫൻസ് ഗാർഡും അഞ്ച് തീവ്രവാദികളും ഉൾപ്പെടെ 28 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications