ബെംഗളൂരുവിൽ ഫുട്‌പാത്തുകളും റോഡരികുകളും ഒഴിപ്പിച്ചു തുടങ്ങി; 75 കി.മീ ദൂരത്തിൽ തെരുവ് കച്ചവടക്കാർ പുറത്ത്
ബെംഗളൂരു: നഗരത്തിൽ കാൽനടയാത്രക്കാർക്കായി സുരക്ഷിതവും തടസരഹിതവുമായ നടപ്പാതകൾ ഉറപ്പാക്കാൻ വൻതോതിലുള്ള ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും നഗരത്തിലെ അഞ്ച് കോർപ്പറേഷനുകളും ചേർന്നാണ് 'സേഫ് ഫുട്‌പാത്ത് ക്യാംപെയിൻ' ഇന്നലെ മുതൽ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ നഗരത്തിലെ പ്രധാന റോഡുകളിലെ ഫുട്‌പാത്തുകൾ കൈയേറിയിരുന്ന അനധികൃത നിർമ്മാണങ്ങളും കച്ചവട സംവിധാനങ്ങളും നീക്കം ചെയ്‌തു.
മജസ്‌റ്റിക്, സാമ്പിഗെ റോഡ്, വിജയനഗർ, ഇന്ദിരാനഗർ, എച്ച്എസ്ആർ ലേഔട്ട്, ജെപി നഗർ, ജയനഗർ തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങളിലാണ് ആദ്യഘട്ട നടപടികൾ നടന്നത്. ആദ്യ ദിവസം മാത്രം ഏകദേശം 75 കിലോമീറ്റർ ദൂരത്തിലുള്ള ഫുട്‌പാത്തുകളാണ് ശുചീകരിച്ചത്. നഗരത്തിലെ 1500 കിലോമീറ്റർ നീളമുള്ള പ്രധാന, ഉപപ്രധാന റോഡുകളിലേക്ക് ഈ ക്യാംപെയിൻ വ്യാപിപ്പിക്കാനാണ് അധികൃതരുടെ പദ്ധതി.

കാൽനടയാത്രക്കാർക്ക് സുരക്ഷിതവും തടസമില്ലാത്തതുമായ നടപ്പാതകൾ ലഭിക്കുന്നത് അടിസ്ഥാന അവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിനെ തുടർന്നാണ് നടപടി ശക്തമാക്കിയത്.
ചെറിയ കടകൾ, തള്ളുവണ്ടികൾ, വ്യാപാര സ്ഥാപനങ്ങളുടെ പടിക്കെട്ടുകൾ, പരസ്യബോർഡുകൾ, താത്കാലിക ഷെഡുകൾ, മേൽക്കൂരയുടെ നീട്ടിപ്പണികൾ എന്നിവ ഫുട്‍പാത്തുകളിൽ നിന്ന് നീക്കം ചെയ്‌തു.
വീണ്ടും ഇവ സ്ഥാപിക്കാതിരിക്കാനായി പിടിച്ചെടുത്ത സാധനങ്ങൾ ട്രാക്ടറുകളിൽ കയറ്റി മാറ്റി. ചിലയിടങ്ങളിൽ മാലിന്യങ്ങളും നിർമാണാവശിഷ്‌ടങ്ങളും നീക്കം ചെയ്‌തു. മജസ്‌റ്റിക്കിലും വിജയനഗറിലും തെരുവ് കച്ചവടക്കാർ പ്രതിഷേധം നടത്തിയെങ്കിലും അനിഷ്‌ട സംഭവങ്ങളൊന്നും ഉണ്ടായില്ല. മതിയായ ബദൽ സംവിധാനം ഒരുക്കാതെയാണ് ഒഴിപ്പിക്കൽ നടപടിയെന്ന് ആരോപിച്ച് തെരുവ് കച്ചവടക്കാരുടെ സംഘടനയും പ്രതിഷേധം രേഖപ്പെടുത്തി.
ജൂലൈ 3 മുതൽ ഫുട്‌പാത്തുകൾ കൈയേറുന്നവർക്കെതിരെ പിഴ ചുമത്തുകയും സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം, തെരുവ് കച്ചവടക്കാരുടെ ഉപജീവനം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്‌ണ ബൈരേ ഗൗഡ പറഞ്ഞു.
പ്രധാന ആർട്ടീരിയൽ റോഡുകളുടെ 20 ശതമാനം ഒഴികെ, കാൽനടയാത്രക്കാർക്ക് തടസമുണ്ടാകാത്ത രീതിയിൽ മറ്റ് റോഡുകളിൽ തെരുവ് കച്ചവടം തുടരാമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നഗരത്തിലെ ഏകദേശം 1500 കിലോമീറ്റർ ദൈർഘ്യമുള്ള ആർട്ടീരിയൽ, സബ്-ആർട്ടീരിയൽ, പ്രധാന റോഡുകൾ നോൺ-വെൻഡിംഗ് സോണുകളായി വിജ്ഞാപനം ചെയ്യാനാണ് ജിബിഎയുടെ തീരുമാനം.
ഈ റോഡുകളിലെ ഫുട്‌പാത്തുകളിലും പ്രധാന ഗതാഗത ഇടനാഴികളിലും തെരുവ് കച്ചവടം അനുവദിക്കില്ല. കാൽനട യാത്രക്കാരുടെ സഞ്ചാരത്തിന് തടസമാകുന്ന കടകൾ, തള്ളുവണ്ടികൾ, പരസ്യബോർഡുകൾ, താൽക്കാലിക ഷെഡുകൾ തുടങ്ങിയവ നീക്കം ചെയ്യുന്ന നടപടികൾ തുടരാനാണ് തീരുമാനം. മറ്റ് റോഡുകളിൽ തെരുവ് കച്ചവടക്കാർക്ക് പ്രവർത്തനം തുടരാൻ അനുമതിയുണ്ടെങ്കിലും കാൽനട യാത്രക്കാർക്ക് തടസമുണ്ടാക്കാത്ത രീതിയിലായിരിക്കണം വ്യാപാരം നടത്തേണ്ടത്.














Click it and Unblock the Notifications