ഗുജറാത്തിൽ കോസ്‌റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്നുവീണ് 3 മരണം; അപകടം പരിശീലന പറക്കലിനിടെ
ന്യൂഡൽഹി: ഗുജറാത്തിലെ പോർബന്തർ വിമാനത്താവളത്തിൽ കോസ്‌റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പൈലറ്റുമാർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ഉച്ചയ്ക്ക് 12.10നാണ് സംഭവം നടന്നതെന്ന് പോർബന്തർ പോലീസ് സൂപ്രണ്ട് ഭഗീരത്‌സിൻഹ് ജഡേജ പറഞ്ഞു. കോസ്‌റ്റ് ഗാർഡിന്റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്.
ലാൻഡിംഗിനിടെയാണ് അപകടമുണ്ടായത് എന്നാണ് ലഭ്യമായ വിവരം. പതിവ് പരിശീലന പറക്കലായിരുന്നു ഇവിടെ നടന്നത്. മൂന്ന് പേരുമായി ഹെലികോപ്റ്റർ പോർബന്തർ വിമാനത്താവളത്തിൽ തകർന്നുവീഴുകയായിരുന്നു. തുടർന്ന് അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് പേരെയും പുറത്തെടുത്ത് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ പോർബന്തറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും മൂന്ന് ക്രൂ അംഗങ്ങളും ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങിയതായി കമലാ ബാഗ് പോലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടർ രാജേഷ് കന്മിയ പിന്നീട് സ്ഥിരീകരിച്ചു. ഇന്ത്യൻ കോസ്‌റ്റ് ഗാർഡ് ഉദ്യോഗസ്ഥർ ജീവനക്കാരുടെ മരണം സ്ഥിരീകരിച്ചു, അപകട കാരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നാണ് അവർ അറിയിച്ചത്.
അപകടത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ എയർ എൻക്ലേവിലാണ് അപകടമുണ്ടായത്. അപകടത്തിൽ കൂടുതൽ പേർക്ക് പരിക്കേറ്റുവെന്നാണ് സൂചന. ഇവരെ അടുത്തുള്ള സിവിക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോസ്‌റ്റ് ഗാർഡിന്റെ മറ്റൊരു ഹെലികോപ്റ്റർ കടലിൽ പതിച്ച് മാസങ്ങൾക്കകമാണ് അടുത്ത അപകടമുണ്ടായത്. കഴിഞ്ഞ സെപ്റ്റംബറിൽ ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ പോർബന്തറിന് സമീപം അറബിക്കടലിൽ തകർന്നുവീഴുകയായിരുന്നു.
ഒരു മാസം നീണ്ട തിരച്ചിലിനൊടുവിലാണ് പൈലറ്റിന്റെ മൃതദേഹം ഒക്ടോബറിൽ ഗുജറാത്ത് തീരത്ത് നിന്ന് കോസ്‌റ്റ് ഗാർഡ് കണ്ടെടുത്തത്. പോർബന്തർ തീരത്ത് നിന്ന് 30 നോട്ടിക്കൽ മൈൽ അകലെ മോട്ടോർ ടാങ്കർ ഹരി ലീലയിൽ പരിക്കേറ്റ ഒരാളെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഹെലികോപ്റ്റർ തകർന്നത്.
കരസേനയും നാവികസേനയും വ്യോമസേനയും ഉപയോഗിക്കുന്ന എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററിൽ രണ്ട് വർഷം മുമ്പ് നിരവധി പിഴവുകൾ കണ്ടെത്തിയിരുന്നു. ഡിസൈനിൽ ഉൾപ്പെടെ ഹെലികോപ്റ്ററിൽ പിഴവുകൾ കണ്ടെത്തിയിരുന്നു. ധ്രുവ് ഹെലികോപ്റ്ററുകൾ നിരന്തരം അപകടത്തിൽപെട്ടതിനെ തുടർന്നായിരുന്നു ഈ പരിശോധന. പിന്നീട് സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കിയതിന് ശേഷം മാത്രമാണ് ഇവയുടെ പ്രവർത്തനം പുനരാരംഭിച്ചത്.












Click it and Unblock the Notifications