ഡൽഹിയിൽ ശൈത്യ തരംഗം പിടിമുറുക്കുന്നു; അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ്, ട്രെയിനുകൾ വൈകിയോടുന്നു
ന്യൂഡൽഹി: ശീതക്കാറ്റ് തുടരുന്നതിനാൽ വ്യാഴാഴ്‌ച പുലർച്ചെയും ഡൽഹിയുടെയും സമീപ സംസ്ഥാനങ്ങളുടെയും വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് നിലനിൽക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, പഞ്ചാബ്, ഹരിയാന, ഡൽഹി, പശ്ചിമ ഉത്തർപ്രദേശ്, വടക്കുപടിഞ്ഞാറൻ മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ബുധനാഴ്‌ച രാത്രി 11.30 വരെ ഇടതൂർന്ന മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നു.
കിഴക്കൻ ഉത്തർപ്രദേശിലെയും ത്രിപുരയിലെയും ഒറ്റപ്പെട്ട ഇടങ്ങളിൽ മിതമായ മൂടൽമഞ്ഞ് നിരീക്ഷിക്കപ്പെട്ടപ്പോൾ ചണ്ഡീഗഡ്, വടക്കുപടിഞ്ഞാറൻ രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ആഴം കുറഞ്ഞ മൂടൽമഞ്ഞ് അനുഭവപ്പെട്ടു. അതേസമയം, തണുത്ത കാലാവസ്ഥ കാരണം ചില ട്രെയിനുകൾ ന്യൂഡൽഹിയിലേക്ക് വൈകി ഓടുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പുലർച്ചെയുള്ള മൂടൽമഞ്ഞ് കാലാവസ്ഥ ഉത്തരേന്ത്യയിൽ കഴിഞ്ഞ രണ്ടാഴ്‌ചയായി റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും 100ലധികം വിമാനങ്ങൾ ഡൽഹി വിമാനത്താവളത്തിൽ വൈകുകയും ചെയ്‌തിരുന്നു. ഇതോടെ യാത്രക്കാർക്ക് കൃത്യമായി നിർദ്ദേശങ്ങൾ നൽകണമെന്ന ഉത്തരവുമായി ഡിജിസിഎ രംഗത്ത് വന്നിരുന്നു.
ചൊവ്വാഴ്‌ച രാത്രി മൂടൽമഞ്ഞ് പലയിടത്തും കാഴ്‌ച മറയ്ക്കാൻ ഇടയാക്കിയതിനാൽ, അനാവശ്യ യാത്രകൾ ഒഴിവാക്കാനും വാഹനമോടിക്കുമ്പോൾ മുൻകരുതൽ സ്വീകരിക്കാനും കാലാവസ്ഥാ വകുപ്പ് ജനങ്ങളോട് നിർദ്ദേശിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് ഉത്തരേന്ത്യയിൽ ഇടതൂർന്നതും വളരെ കനത്തതുമായ മൂടൽമഞ്ഞ് നിലനിൽക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
ഡൽഹിക്ക് പുറമെ അയൽ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ സാധാരണയിലും കുറഞ്ഞ താപനില ജനജീവിതം ദുസ്സഹമാക്കുകയാണ്. പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗർ ജില്ലയിൽ കഴിഞ്ഞ ദിവസം പൂജ്യം ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയതെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.












Click it and Unblock the Notifications