ഉപഭോക്താക്കൾക്ക് ഇരുട്ടടി; രാജ്യത്ത് എൽപിജി വില കൂട്ടി, 16.5 രൂപയുടെ വർധനവ്, കേരളത്തിൽ 1827 രൂപ മുടക്കണം
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി എണ്ണക്കമ്പനികൾ. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വിലയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. 16.5 രൂപയാണ് ഡിസംബർ ഒന്ന് മുതൽ ഇവയ്ക്ക് അധികമായി നൽകേണ്ടി വരിക. ഇതോടെ 19 കിലോഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വർധിച്ചു. ഡൽഹിയിൽ 1818.5 രൂപയാണ് ഇന്നത്തെ വില.
എന്നാൽ ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വില ഇക്കുറി പരിഷ്‌കരിച്ചിട്ടില്ല. പക്ഷേ, വാണിജ്യ സിലിണ്ടറിന് കഴിഞ്ഞ അഞ്ച് മാസത്തിനിടെ മാത്രം 172.5 രൂപയാണ് കൂടിയത്. പതിവായി എണ്ണക്കമ്പനികൾ നടത്തിവരുന്ന പ്രതിമാസ പുനർനിർണയത്തിന്റെ ഭാഗമായാണ് ഇക്കുറിയും നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ വിവിധ നഗരങ്ങളിൽ ആനുപാതികമായി വില വർധനവ് ഉണ്ടായിട്ടുണ്ട്. വാണിജ്യ സിലിണ്ടറിന് നിലവിൽ കൊൽക്കത്തയിൽ 1927 രൂപയാണ് വില. നവംബറിൽ ഇത് 1911.50 രൂപ മാത്രമായിരുന്ന സ്ഥാനത്താണ് ഈ വർധനവ്. മുംബൈയിൽ 1754.50 രൂപയ്ക്ക് ലഭിച്ചിരുന്ന സിലിണ്ടർ ഇന്ന് മുതൽ 1771 രൂപ നൽകി വാങ്ങേണ്ടി വരും.
ഗാർഹിക സിലിണ്ടറുകളുടെ വില ഓഗസ്‌റ്റിന് ശേഷം മാറ്റിയിട്ടില്ല എന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാൽ കഴിഞ്ഞ മാസം ഉൾപ്പെടെ തുടർച്ചയായ അഞ്ചാം മാസമാണ് വാണിജ്യ സിലിണ്ടറുകളുടെ വില ഉയർത്തിയത്. ഒക്ടോബർ മാസത്തിൽ ഏകദേശം 48.50 രൂപയോളമാണ് രാജ്യത്ത് 19 കിലോ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ഉണ്ടായ വർധനവ്.
കൂടാതെ സെപ്റ്റംബർ മാസത്തിൽ 39 രൂപയോളം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർധനവ് വരുത്തിയിരുന്നു. ഓഗസ്‌റ്റിലും വില ഉയർത്തിയിരുന്നു, അന്ന് താരതമ്യേന കുറഞ്ഞ രീതിയിലുള്ള വില വർധനയാണ് നടപ്പാക്കിയത്. സിലിണ്ടർ ഒന്നിന് 8 രൂപയോളമായിരുന്നു വർധിച്ചത്. ഈ പതിവ് വർഷത്തിന്റെ അവസാന മാസമായ ഡിസംബറിലും തുടർന്നിരിക്കുകയാണ് എണ്ണക്കമ്പനികൾ.
പ്രാഥമികമായി റെസ്‌റ്റോറൻ്റുകൾ, ഹോട്ടലുകൾ, ബേക്കറികൾ, മറ്റ് ഭക്ഷ്യ സ്ഥാപനങ്ങൾ തുടങ്ങിയ ബിസിനസുകളുടെ നാടത്തിപ്പിനായി വലിയ തോതിലുള്ള പാചകത്തിന് ഉപയോഗിക്കുന്നയാണ് വാണിജ്യ സിലിണ്ടറുകൾ. അതുകൊണ്ട് തന്നെ ഹോട്ടൽ ഭക്ഷണത്തിന് ഉൾപ്പെടെ ചിലവേറാനുള്ള സാധ്യതകളാണ് ഇതിലൂടെ ഉയർന്നുവരുന്നത്.
അതുപോലെ തന്നെ പൗഡർ കോട്ടിംഗ്, മെറ്റൽ പ്രോസസ്സിംഗ്, വെയർഹൗസുകളിലെ ഫോർക്ക് ലിഫ്റ്റുകൾ പോലുള്ള യന്ത്രങ്ങൾ പവർ ചെയ്യൽ തുടങ്ങിയ ആവശ്യങ്ങൾക്കായി വ്യാവസായിക അടിസ്ഥാനത്തിലും ഇത് ഉപയോഗിക്കുന്നു. എന്നാൽ വീടുകളിലെ ആവശ്യത്തിന് മാത്രമാണ് ഗാർഹിക എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കാനുള്ള അനുമതിയുള്ളത്.












Click it and Unblock the Notifications