ബെംഗളൂരു എയർപോർട്ട്- ഹെബ്ബാൾ യാത്ര ഇനി സുഗമമാവും; സദഹള്ളി അണ്ടർപാസ് പദ്ധതി ഉടൻ വരുന്നു
ബെംഗളൂരു: ഹെബ്ബാളിൽ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര ഉടൻ പൂർണമായും സിഗ്നൽ രഹിതമാകും. ഏറെ നാളായി കാത്തിരുന്ന സദഹള്ളി അണ്ടർപാസ് പദ്ധതിയുടെ പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത ആഴ്ച്ച മുതൽ ദേശീയപാത അതോറിറ്റി ആരംഭിക്കുമെന്ന് അറിയിച്ചതോടെയാണ് ഇത്. 700 മീറ്റർ നീളമുള്ള ആറുവരി അണ്ടർപാസ് നിർമ്മാണത്തിനായി രാത്രി 11 മുതൽ പുലർച്ചെ 5 വരെ 15 മാസത്തേക്ക് ജോലി നടത്താൻ ബെംഗളൂരു ട്രാഫിക് പോലീസ് എൻഎച്ച്എഐയ്ക്ക് അനുമതി നൽകിയിട്ടുണ്ട്.
നിലവിൽ ഹെബ്ബാളിൽ നിന്ന് സദഹള്ളി വരെയുള്ള 22 കിലോമീറ്റർ വിമാനത്താവള റോഡിൽ സദഹള്ളി ജംഗ്‌ഷനിലാണ് ഏക ട്രാഫിക് സിഗ്നൽ ഉള്ളത്. ബാക്കി ഭാഗങ്ങളിൽ ഫ്ലൈഓവറുകളും ഉയർന്ന പാതകളും ഉള്ളതിനാൽ സിഗ്നൽ രഹിത യാത്രയാണ്. 35 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ആറുവരി അണ്ടർപാസ് പൂർത്തിയാകുന്നതോടെ ഈ അവസാന ഗതാഗതക്കുരുക്കും ഒഴിവാകും. ഇതോടെ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ വേഗത്തിലും തടസമില്ലാതെയും നടക്കും.

അടുത്ത ആഴ്‌ച മുതൽ ബാരിക്കേഡുകൾ സ്ഥാപിക്കൽ, ഗതാഗത ക്രമീകരണങ്ങൾ, സർവീസ് റോഡുകൾ വികസിപ്പിക്കൽ തുടങ്ങിയ പ്രാഥമിക ജോലികൾ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിർമ്മാണ സമയത്ത് ഗതാഗതം തടസപ്പെടാതിരിക്കാൻ ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള നിലവിലെ രണ്ടുവരി സർവീസ് റോഡുകൾ നാലുവരി റോഡുകളാക്കി വികസിപ്പിക്കും.
മൺസൂൺ അവസാനിക്കുന്ന സെപ്റ്റംബർ മുതൽ അണ്ടർപാസിന്റെ പ്രധാന നിർമാണം ആരംഭിക്കുമെന്നാണ് എൻഎച്ച്എഐ അറിയിച്ചത്. 'കട്ട് ആൻഡ് കവർ' രീതിയിലാണ് അണ്ടർപാസ് നിർമ്മിക്കുക. 2027 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന എയറോ ഇന്ത്യ പ്രദർശനത്തിന് മുമ്പ് പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം.
ഏകദേശം പത്ത് വർഷം മുമ്പാണ് സദഹള്ളി ഗ്രേഡ് സെപ്പറേറ്റർ പദ്ധതി ആദ്യമായി നിർദ്ദേശിച്ചത്. ആദ്യം ഫ്ലൈഓവർ നിർമ്മിക്കാനായിരുന്നു പദ്ധതി. പിന്നീട് ഭൂമി ഏറ്റെടുക്കൽ കുറയ്ക്കാനും ഗതാഗതം കൂടുതൽ സുഗമമാക്കാനും അണ്ടർപാസ് നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു. സദഹള്ളി പ്രദേശത്ത് വൻ റിയൽ എസ്‌റ്റേറ്റ് പദ്ധതികൾ വരുന്നതോടെ ഭാവിയിൽ ഇവിടെ വാഹനത്തിരക്ക് കൂടുതൽ വർധിക്കുമെന്നാണ് വിലയിരുത്തൽ.
രാജ്യസഭയിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി നൽകിയ വിവരമനുസരിച്ച്, ദേവനഹള്ളി ടോൾ പ്ലാസ 2023-24 സാമ്പത്തിക വർഷത്തിൽ 308 കോടി രൂപയും കഴിഞ്ഞ പത്ത് വർഷത്തിനിടെ 1577 കോടി രൂപയും ടോൾ വരുമാനമായി സമാഹരിച്ചിട്ടുണ്ട്. ഇതോടെ കർണാടകയിലെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ടോൾ പ്ലാസയായി ഇത് മാറി.
സദഹള്ളി ടോൾ പ്ലാസയിൽ കാർ, ജീപ്പ്, വാൻ എന്നിവയ്ക്ക് ഒറ്റയാത്രയ്ക്ക് 120 രൂപയും ഇരുവഴിയാത്രയ്ക്ക് 185 രൂപയും ടോളായി ഈടാക്കുന്നു. 50 ഒറ്റയാത്രകൾക്കുള്ള മാസപാസ് നിരക്ക് 4070 രൂപയാണ്. അതേസമയം, ജോലികൾ തീരാൻ ഒരു വർഷത്തോളം വേണ്ടി വരും എന്നാണ് കണക്കാക്കുന്നത്. ജോലികൾ പൂർത്തിയാക്കിയാൽ ഈ റൂട്ടിൽ പിന്നെ യാത്ര സുഗമമാകും, പ്രത്യേകിച്ച് വിമാനത്താവളത്തിലേക്ക് പോവുന്നവർക്ക് ട്രാഫിക് ബ്ലോക്കിനെ ഭയക്കേണ്ടി വരില്ല.














Click it and Unblock the Notifications