തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരായ പരാതി; കാബിനറ്റ് സെക്രട്ടറിയേറ്റ് നടപടിയെടുത്തില്ല
ന്യൂഡൽഹി: മുതിർന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥനെതിരെ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ നൽകിയ പരാതികളിൽ നടപടിയെടുക്കാൻ കേന്ദ്ര മന്ത്രിസഭാ സെക്രട്ടേറിയറ്റ് വിസമ്മതിച്ചതായി റിപ്പോർട്ട്. പരാതികൾ കമ്മീഷണർമാർ വ്യക്തിഗത നിലയിലാണ് നൽകിയതെന്നും അവയെ മുഴുവൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഔദ്യോഗിക കത്തിടപാടായി കണക്കാക്കാനാവില്ലെന്നാണ് സെക്രട്ടേറിയറ്റ് വ്യക്തമാക്കിയത്.
വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകളിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. മുതിർന്ന ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണറായ മനീഷ് ഗാർഗിന്റെ പ്രവർത്തനരീതിയെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും ജൂലൈ 29ന് കേന്ദ്ര മന്ത്രിസഭാ സെക്രട്ടറി ടിവി സോമനാഥന് പ്രത്യേകം കത്തുകൾ അയച്ചിരുന്നു.

മുതിർന്ന ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർമാർ, ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർമാർ, ഡയറക്‌ടർ ജനറൽമാർ, തത്തുല്യ പദവിയിലുള്ള ഉദ്യോഗസ്ഥർ എന്നിവർക്കിടയിലെ ജോലിവിഭജനത്തിൽ മനീഷ് ഗാർഗ് മാറ്റങ്ങൾ വരുത്തിയെന്നാണ് പരാതികളിലെ പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് കമ്മീഷനുമായോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായോ മുൻകൂർ ചർച്ച നടത്താതെയാണ് ഈ മാറ്റങ്ങൾ വരുത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥനും വിവരാവകാശ പ്രവർത്തകനുമായ ലോകേഷ് കെ ബത്ര നൽകിയ അപേക്ഷയ്ക്ക് മറുപടിയായാണ് മന്ത്രിസഭാ സെക്രട്ടേറിയറ്റ് നിലപാട് വ്യക്തമാക്കിയത്. കമ്മീഷണർമാരുടെ കത്തുകൾ ഗൗരവത്തോടെ പരിഗണിക്കേണ്ടതാണെങ്കിലും അവയെ മുഴുവൻ കമ്മീഷന്റെയും ഔദ്യോഗിക അറിയിപ്പായി കാണാനാവില്ലെന്ന് സെക്രട്ടേറിയറ്റ് കുറിപ്പിൽ വ്യക്തമാക്കി.
രണ്ട് കത്തുകളും ലഭിച്ചതായി അറിയിക്കാനും അവയുടെ പകർപ്പുകൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറിക്ക് വിവരത്തിനായി കൈമാറാനും സെക്രട്ടേറിയറ്റ് നിർദേശിച്ചു. ഭാവിയിൽ മനീഷ് ഗാർഗിനെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുമ്പോൾ പരിഗണിക്കുന്നതിനായി വിഷയം രേഖപ്പെടുത്തുകയും ചെയ്‌തു.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സന്ധുവും ജോഷിയും കമ്മീഷന്റെ ആഭ്യന്തര സംവിധാനങ്ങളിലൂടെ വിഷയം ഉന്നയിക്കുന്നതിന് പകരം കേന്ദ്ര മന്ത്രിസഭാ സെക്രട്ടറിയെ സമീപിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യവും ഇതോടെ ഉയർന്നു. ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭരണവിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായി ചുമതലയേറ്റശേഷം മനീഷ് ഗാർഗ് മുതിർന്ന ഉദ്യോഗസ്ഥർക്കിടയിലെ ജോലിവിഭജനം പുനഃക്രമീകരിച്ച് ഉത്തരവിറക്കിയെന്നാണ് രണ്ട് കമ്മീഷണർമാരുടെയും ആരോപണം.
കമ്മീഷനുമായോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായോ മുൻകൂർ ചർച്ച നടത്താതെയാണ് ഉത്തരവിറക്കിയതെന്നും ഇത്തരം തീരുമാനങ്ങൾ ചർച്ച ചെയ്യുകയോ കമ്മീഷന്റെ അനുമതി നേടുകയോ വേണമെന്ന വാക്കാലും രേഖാമൂലവുമുള്ള നിർദേശങ്ങൾ ഉണ്ടായിരുന്നിട്ടും മാറ്റങ്ങൾ വരുത്തിയെന്നും അവർ ആരോപിച്ചു.
ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട ഫയൽ ഭരണവിഭാഗം തനിക്ക് നൽകിയില്ലെന്ന് വിവേക് ജോഷിയും പരാതിയിൽ ചൂണ്ടിക്കാട്ടി. ജോലിവിഭജനത്തിലെ മാറ്റങ്ങൾ നിലവിലുള്ള നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും 2023ലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്നും ഇരുവരും വാദിച്ചു.
ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനായ മനീഷ് ഗാർഗിനെ 2024 സെപ്റ്റംബർ രണ്ടിനാണ് കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിയമിച്ചത്. സന്ധുവിന്റെയും ജോഷിയുടെയും കത്തുകൾ ഓഗസ്‌റ്റ് അഞ്ചിന് ലഭിച്ചതായി മന്ത്രിസഭാ സെക്രട്ടേറിയറ്റ് അറിയിക്കുകയും അവയുടെ പകർപ്പുകൾ പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പിനും എസ്‌റ്റാബ്ലിഷ്മെന്റ് ഓഫീസർക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിനും കൈമാറുകയും ചെയ്‌തിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമാണെന്നും ഭരണനിർവഹണ വിഭാഗത്തിന്റെ ഇടപെടലുകളിൽനിന്ന് അതിനെ സ്വതന്ത്രമായി നിലനിർത്തുന്നതിനുള്ള സംവിധാനമാണ് നിലവിലുള്ളതെന്നും മന്ത്രിസഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. കമ്മീഷന്റെ പ്രവർത്തനം അതിന്റേതായ ചട്ടങ്ങളും മാർഗനിർദേശങ്ങളും അനുസരിച്ചാണ് നടക്കുന്നതെന്നും കുറിപ്പിൽ പറഞ്ഞു.
2023ലെ നിയമത്തിലെ 18-ാം വകുപ്പും സെക്രട്ടേറിയറ്റ് പരാമർശിച്ചു. കഴിയുന്നത്ര തീരുമാനങ്ങൾ ഏകകണ്ഠമായി എടുക്കണമെന്നും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാൽ ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ പരിഹരിക്കണമെന്നുമാണ് ഈ വ്യവസ്ഥ വ്യക്തമാക്കുന്നത്.
ഗാർഗിനെ കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതിയാണ് നിയമിച്ചതെങ്കിലും അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രവർത്തനങ്ങളും പെരുമാറ്റവും ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾക്കും മാർഗനിർദേശങ്ങൾക്കും വിധേയമാണെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. എന്നാൽ മുഴുവൻ കമ്മീഷന്റെയും ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ വ്യക്തിഗത കത്തുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുന്നത് അനുചിതമായേക്കാമെന്ന് വ്യക്തമാക്കി.
അതേസമയം, തിരഞ്ഞെടുപ്പ് പട്ടികകളുമായി ബന്ധപ്പെട്ട ചുമതലകൾ എങ്ങനെ വിഭജിക്കണമെന്നതിനെച്ചൊല്ലിയുള്ള ആഭ്യന്തര ഉത്തരവാണ് വിവാദത്തിന് തുടക്കമിട്ടത്. പേരുകൾ ചേർക്കുക, ഒഴിവാക്കുക, വോട്ടർ പട്ടിക പുതുക്കുക തുടങ്ങിയ അധികാരങ്ങൾ സംസ്ഥാനതല ഉദ്യോഗസ്ഥരിൽനിന്ന് മാറ്റി കേന്ദ്രീകരിക്കുന്നതിലേക്ക് ഈ മാറ്റങ്ങൾ നയിച്ചേക്കാമെന്ന് സന്ധുവും ജോഷിയും ആശങ്കപ്പെട്ടതായി സെപ്റ്റംബറിൽ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്‌തിരുന്നു.


Click it and Unblock the Notifications
