ചണ്ഡീഗഡില്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പങ്കെടുത്തേക്കില്ല, ജയ്പൂരില്‍ നിന്നെത്തില്ല
ദില്ലി: ചണ്ഡീഗഡില്‍ വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വീണ്ടും പ്രശ്‌നങ്ങള്‍. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നഗരത്തിലേക്ക് മടങ്ങി വരുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്ക ബാക്കി നില്‍ക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം പറയുന്നത് മടങ്ങി വരുമെന്നാണെങ്കിലും ഇപ്പോഴും ഉറപ്പായിട്ടില്ല.
കഴിഞ്ഞ ദിവസം ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് നേതൃത്വവുമായി രഹസ്യമായും പരസ്യമായും ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. എഎപിയും ബിജെപിയുമാണ് മത്സരരംഗത്തുള്ളത്. കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കിയിട്ടും കാര്യമില്ലാത്തതിനാല്‍ ആര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്യാം.

ചണ്ഡീഗഡില്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് തന്നെ വരാതിരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണെന്ന് സൂചനയുണ്ട്. മൂന്ന് സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയര്‍, സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ശനിയാഴ്ച്ചയാണ് തിരഞ്ഞെടുപ്പ്. എന്നാല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരൊക്കെ നഗരത്തിന് പുറത്താണ്. പഞ്ചാബിലേക്ക് പോലും പോകാതെ ഇവര്‍ നേരെ പോയത് രാജസ്ഥാനിലേക്കാണ്. മേയര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. കൗണ്‍സിലര്‍മാരെ സംരക്ഷിക്കുക എന്നതിനാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നത്.

ശനിയാഴ്ച്ച വരെ കോണ്‍ഗ്രസിനും എഎപിക്കും ഒരുപോലെ നിര്‍ണായകമാണ്. മേയര്‍ തിരഞ്ഞെടുപ്പ് വരെ കൗണ്‍സിലര്‍മാരെ സുരക്ഷിതരാക്കേണ്ടതുണ്ട്. അതേസമയം കോണ്‍ഗ്രസ് വന്നിട്ടില്ലെങ്കില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വരും. 19 വോട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ മേയറെ തിരഞ്ഞെടുക്കാനാവൂ. എഎപിയും ബിജെപിയും തമ്മിലാണ് മത്സരം. കോണ്‍ഗ്രസ് മത്സരത്തില്‍ പിന്മാറിയിരിക്കുകയാണ്. എഎപി അഞ്ജു കത്യാലിനെയാണ് മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി സരബ്ജിത്ത് കൗറിനെയും മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി. രണ്ട് പേരും ആദ്യമായിട്ടാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇവരില്‍ ആര് ജയിക്കണമെങ്കിലും കോണ്‍ഗ്രസിന്റെ വോട്ട് നിര്‍ണായകമാണ്.

കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രാജസ്ഥാനില്‍ തീര്‍ത്ഥയാത്ര പോയിരിക്കുകയാണെന്ന് നേതൃത്വം പറയുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാത്രമേ ഇവര്‍ മടങ്ങിയെത്തൂ എന്നാണ് റിപ്പോര്‍ട്ട്. ഒരുപാര്‍ട്ടിയുമായും സഖ്യമുണ്ടാക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഏഴ് സീറ്റാണ് നിലവില്‍ ഉള്ളത്. ഇതില്‍ അഞ്ച് പേരുടെ വോട്ട് കിട്ടിയാല്‍ ബിജെപിക്കോ എഎപിക്കോ ജയിക്കാം. അതേസമയം എഎപിയുമായി ചേര്‍ന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. പ്രധാനമായും പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യപ്രതിപക്ഷമാണ് എഎപി. കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഗോവയിലും ഉത്തരാഖണ്ഡിലും എഎപിയുണ്ട്.

മേയര്‍ സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. അതുകൊണ്ട് വനിതകളെ മാത്രമേ നിര്‍ത്താനാവൂ. ഇരു നേതാക്കളും നാമനിര്‍ദേശ പത്രിക നല്‍കി. ഇന്നായിരുന്നു അവസാന തിയതി. അതേസമയം സീനിയര്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ദലീപ് ശര്‍മയെയും ബിജെപി കളത്തിലിറക്കുന്നുത. ഡെപ്യൂട്ടി മേയര്‍ പോസ്റ്റിലേക്ക് അനൂപ് ഗുപ്തയെയും മത്സരിപ്പിക്കും. എഎപി സീനിയര്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രേമലതയെ പ്രഖ്യാപിച്ചു. ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയായി രാംചന്ദര്‍ യാദവിനെയും മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എഎപിയുമായി ചേരാന്‍ പറ്റില്ല എന്ന പ്രശ്‌നമാണ് ഉള്ളത്. എന്നാല്‍ ബിജെപിയുമായുള്ള സഖ്യം സ്വപ്‌നം കാണാന്‍ പോലും സാധിക്കില്ല.

ആര്‍ക്കും പിന്തുണ നല്‍കില്ലെന്നാണ് നിലവിലുള്ള ധാരണ. പക്ഷേ അങ്ങനെയൊരു അവസ്ഥ വന്നാല്‍ നഗരത്തിലേക്ക് തിരിച്ചുവന്നാലും പ്രശ്‌നമാണ്. കൗണ്‍സിലര്‍മാര്‍ക്ക് അധികാരത്തിന്റെ ഭാഗമായിരിക്കാം തോന്നാം. ഏത് നിമിഷവും കൂറുമാറാനും സാധ്യതയുണ്ട്. എഎപിയും ബിജെപിയും ഒരുപോലെ കൗണ്‍സിലര്‍മാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ചൗളയും സീനിയര്‍ നേതാവ് ഡിഡി ജിന്‍ഡാലും ഈ നേതാക്കള്‍ക്കൊപ്പം ജയ്പൂരിലുണ്ട്. ചണ്ഡീഗഡില്‍ നിലവില്‍ കൂറുമാറ്റ നിരോധന നിയമം നിലവില്‍ ഇല്ല. അതാണ് കോണ്‍ഗ്രസും എഎപിയും ഭയപ്പെടാന്‍ കാരണം. ആര്‍ക്കും ഏത് പാര്‍ട്ടിയില്‍ വേണമെങ്കിലും ചേരാം. പദവികള്‍ രാജിവെക്കേണ്ടതുമില്ല. പാര്‍ട്ടിയുടെ വിപ്പ് പോലും ഒരു കൗണ്‍സിലര്‍മാരും അനുസരിക്കേണ്ടതില്ല. ആര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്യാം.












Click it and Unblock the Notifications