തെലങ്കാനയില്‍ ആ പത്ത് എംഎല്‍എമാർ അയോഗ്യരാകുമോ? രാഹുലിനും വിമർശനം, ബിആർഎസ് പരാതി നല്‍കി
ഹൈദരാബാദ്: കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളിലായി തെലങ്കാനയിലെ പത്തോളം ബി ആർ എസ് എം എല്‍ എ മാരാണ് ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ ചേർന്നിരിക്കുന്നത്. ഇതോടെ നിയമസഭയിലെ ബി ആർ എസ് അംഗങ്ങലുടെ എണ്ണം വലിയ തോതില്‍ കുറയുകയും ചെയ്തു. എം എല്‍ എമാരുടെ നിരന്തരമായ കൂടുമാറ്റമായതോടെ വിഷയത്തില്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ബി ആർ എസ് നേതൃത്വമിപ്പോള്‍.
കോൺഗ്രസിൽ ചേർന്ന തങ്ങളുടെ 10 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ബിആർഎസ് ചൊവ്വാഴ്ച നിയമസഭാ സ്പീക്കർ ഗദ്ദം പ്രസാദ് കുമാറിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. ബി ആർ എസ് വർക്കിംഗ് പ്രസിഡൻ്റ് കെ ടി രാമറാവുവും മറ്റ് പാർട്ടി എം എൽ എമാരും ചേർന്നാണ് നിയമസഭയിൽ സ്പീക്കർക്ക് കത്ത് നല്‍കിയത്.

തങ്ങളുടെ ഹർജി സ്പീക്കർ സ്വീകരിച്ചതായും നിയമത്തിൻ്റെയും ഭരണഘടനയുടെയും പ്രസക്തമായ വ്യവസ്ഥകൾ പരിശോധിച്ച ശേഷം ഹർജികളില്‍ തീരുമാനമെടുക്കാമെന്ന് സ്പീക്കർ ഉറപ്പുനൽകിയെന്നാണ് കെടി രാമറാവു വ്യക്തമാക്കുന്നത്. "ഞങ്ങൾക്ക് ഇപ്പോഴും സ്പീക്കറിൽ വിശ്വാസമുണ്ട്. അദ്ദേഹം ഒരു നല്ല തീരുമാനം എടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ ഞങ്ങൾ സുപ്രീം കോടതിയെ സമീപിക്കും" അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മൂന്ന് മാസത്തിനകം അയോഗ്യത സംബന്ധിച്ച് സ്പീക്കർ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി വിധിയിൽ പറഞ്ഞിരുന്നതായും ഇത് പ്രസാദ് കുമാറിനോട് വിശദീകരിച്ചതായും ബിആർഎസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവിൻ്റെ മകൻ കൂടിയായ രാമറാവു പറഞ്ഞു.
ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഭരണഘടനയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും അദ്ദേഹം കൂറുമാറിയ എം എൽ എമാരെ മുതുകിൽ തട്ടു സ്വീകരികരിക്കുകയാണെന്നും രാമറാവു ആരോപിച്ചു.
ബി ആർ എസ് എം എൽ എമാരെ അവഗണിക്കുകയും ഔദ്യോഗിക പരിപാടികളിലെ പ്രോട്ടോക്കോൾ ലംഘനത്തിലും ബി ആർ എസ് പ്രതിനിധി സംഘം സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബറിൽ തിരഞ്ഞെടുപ്പ് നടന്നതിന് ശേഷം 10 പാർട്ടി എം എൽ എമാർ കോൺഗ്രസിലേക്ക് മാറിയ സാഹചര്യത്തിലാണ് ബി ആർ എസ് അയോഗ്യത ഹർജി സമർപ്പിച്ചത്. 10 ബി ആർ എസ് എം എൽ എമാരെ കൂടാതെ പാർട്ടിയുടെ ആറ് എം എൽ സിമാരും കോൺഗ്രസിലേക്ക് ചേക്കേറിയിട്ടുണ്ട്. എം എല്‍ എമാരുടെ കൂറുമാറ്റത്തോടെ 119 അംഗ തെലങ്കാന നിയമസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 75 ആയി ഉയർന്നു. പ്രതിപക്ഷത്തുള്ള ബി ആർ എസിനുള്ളത് 28 പേരുടെ പിന്തുണയാണ്.
ബിആർഎസിൻ്റെ വിമർശനത്തിന് മറുപടിയായി കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്. അധികാരത്തിലിരുന്നപ്പോൾ ബി ആർ എസ് മറ്റ് പാർട്ടികളിലെ എം എൽ എമാരെ എം എല്‍ എമാരെ ചാക്കിട്ട് പിടിച്ചിരുന്നതിനാല്‍ കെ ചന്ദ്രശേഖർ റാവുവിൻ്റെ നേതൃത്വത്തിലുള്ള പാർട്ടിക്ക് കൂറുമാറ്റത്തെക്കുറിച്ച് സംസാരിക്കാൻ ധാർമ്മിക അവകാശമില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നത്.












Click it and Unblock the Notifications