വിജയ ഫോര്‍മുല ഉറപ്പിച്ച് കോണ്‍ഗ്രസ്, അഞ്ചിടത്ത് തരംഗമാകാന്‍ പ്ലാന്‍ ഇങ്ങനെ, ഞെട്ടിക്കാന്‍ രാഹുലും
ദില്ലി: കോണ്‍ഗ്രസ് അഞ്ചിടത്ത് നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ തരംഗമാകുമെന്ന ഉറപ്പിലാണ്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അത്രയേറെ നേട്ടമാണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസ് നേടിയത്. പക്ഷേ ഹിന്ദി ഹൃദയ ഭൂമിയായ ഹിമാചല്‍ പ്രദേശില്‍ നേടിയ വിജയമാണ് കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നത്. ഹിമാചല്‍ മോഡലാണ് ഇനി എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഉപയോഗിക്കുക.
ബിജെപിക്ക് പോലും ഈ രീതി കോണ്‍ഗ്രസ് എങ്ങനെയാണ് നടപ്പാക്കിയതെന്ന് അറിയില്ലായിരുന്നു. അത്രയും നിശബ്ദമായിട്ടായിരുന്നു പ്രവര്‍ത്തനം. കൃത്യമായ സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും വന്നതാണ് ഈ വിജയത്തിന്റെ വലിയ ക്രെഡിറ്റ്.

ഹിമാചലില്‍ നാല് സീറ്റും നേടിയാണ് കോണ്‍ഗ്രസ് തിരിച്ചുവന്നത്. ഈ ആവേശം കൈവിടരുതെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. വന്‍ പ്ലാനുകളാണ് മുന്നിലുള്ളത്. സംസ്ഥാന അധ്യക്ഷന്‍ കുല്‍ദീപ് സിംഗ് റാത്തോഡിന്റെ നേതൃത്വത്തിന്റെ സംസ്ഥാനമൊട്ടാകെ ഇളക്കി മറിക്കുന്ന പദയാത്ര ആരംഭിച്ചിരിക്കുകയാണ്. 68 നിയമസഭാ സീറ്റിലും ഇനി കോണ്‍ഗ്രസ് ബിജെപിക്ക് വെല്ലുവിളിയാവും. ജന്‍ ജാഗ്രണ്‍ പദ്ധതിയും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമായും കോണ്‍ഗ്രസ് ദുര്‍ബലമായി കിടക്കുന്ന 15 സീറ്റുകളോളം ഉണ്ട്. ഇത് പിടിക്കാനാണ് ഈ പദയാത്ര. സംഘടനാ സംവിധാനം ദുര്‍ബലമായ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് പദയാത്ര ശ്രദ്ധ കേന്ദ്രീകരിക്കുക.

എന്തൊക്കെയാണെന്ന് പാര്‍ട്ടിയുടെ ദുര്‍ബലമായ ഘടകങ്ങള്‍ എന്നറിയാനുള്ള നീക്കവും ഇതോടൊപ്പമുണ്ട്. നിലവില്‍ ബിജെപിയുടെ നീക്കങ്ങളെല്ലാം ദുര്‍ബലമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കോട്ട തന്നെ വീണതോടെ നേതാക്കള്‍ക്കിടയില്‍ കടുത്ത വിഭാഗീയത വന്നിരിക്കുകയാണ്. ദേശീയ നേതൃത്വവുമായിട്ടാണ് പ്രശ്‌നം. അതേസമയം കോണ്‍ഗ്രസ് ക്യാമ്പിലാണെങ്കില്‍ വിഭാഗീയത തീര്‍ത്തും ഇല്ലാതായിരിക്കുകയാണ്. ഇപ്പോഴത്തെ എംഎല്‍എമാരും മുന്‍ എംഎല്‍എമാരും മണ്ഡലത്തില്‍ തന്നെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. വിലക്കയറ്റവും ഇന്ധന വിലയും ജീവിത ചെലവ് വര്‍ധിച്ചതും അടക്കം ഹിമാചലിനെ ബാധിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും ബിജെപിക്ക് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല.

ബിജെപിക്ക് പാളിപ്പോയ നയത്തെ കുറിച്ചാണ് ജനങ്ങളെ കോണ്‍ഗ്രസ് ബോധ്യപ്പെടുത്തുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, പാചകവാതക വില, എന്നിവയെല്ലാം സജീവമായി കോണ്‍ഗ്രസ് നേതാക്കളുടെ പ്രചാരണത്തിലുണ്ട്. സംസ്ഥാന അധ്യക്ഷന്‍ കുല്‍ദീപ് സിംഗിന് ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ കുതിപ്പില്‍ ചെറുതല്ലാത്ത ക്രെഡിറ്റുണ്ട്. നേതാക്കളെയെല്ലാം ഒന്നിപ്പിച്ചതും മികച്ച സ്ഥാനാര്‍ത്ഥി നിര്‍ണയവുമെല്ലാം റാത്തോഡിന്റെ മികവാണ്. വീരഭദ്ര സിംഗിന് ശേഷം സംസ്ഥാനത്താകെ അംഗീകരിക്കപ്പെടുന്ന നേതാവായി റാത്തോഡ് മാറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ വിശ്വാസ്യതയാണ് ഇതിലൊരു കാരണം. കോണ്‍ഗ്രസ് അധികാരം പിടിച്ചാല്‍ മുഖ്യമന്ത്രിയാവാന്‍ സാധ്യതയും കുല്‍ദീപ് സിംഗിനാണ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജയിക്കാത്ത മണ്ഡലങ്ങള്‍ ഇത്തവണ പിടിച്ചെടുക്കണമെന്നാണ് കുല്‍ദീപ് നിര്‍ദേശിച്ചിരിക്കുന്നത്. രാഹുലില്‍ നിന്നുള്ള സന്ദേശമാണിത്. മൊത്തത്തില്‍ 22 നിയമസഭാ മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് ചെറിയ തോതിലെങ്കിലും ദുര്‍ബലാവസ്ഥയിലുള്ളത്. ഇതില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ 18 സീറ്റ് വരെ കോണ്‍ഗ്രസിനൊപ്പം പോരുമെന്ന് ഉറപ്പാണ്. ഈ 22 ഇടത്താണ് പദയാത്ര ആദ്യത്തെ കുറച്ച് മാസങ്ങളില്‍ കേന്ദ്രീകരിക്കുക. നിലവില്‍ 13 മണ്ഡലങ്ങളാണ് പദയാത്രയുടെ ഭാഗമാകുന്നത്. അതില്‍ നാലെണ്ണത്തില്‍ കുല്‍ദീപ് സിംഗ് റാത്തോഡ് പര്യടനം നടത്തി കഴിഞ്ഞു. ഇവയെല്ലാം നേടാവുന്ന മണ്ഡലമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഹിമാചലില്‍ ബിജെപിക്ക് കങ്കണയുടെ പരാമര്‍ശം അടക്കം വലിയ തിരിച്ചടിയാവും. സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നെഗറ്റീവ് പ്രതിച്ഛായയാണ് നടിക്ക് സമ്മാനിച്ചിരിക്കുന്നത്. ബിജെപി ഇത് ഏറ്റെടുത്തിട്ടുമില്ല. അതേസമയം ഇതിന് പുറമേ അംഗത്വ പ്രചാരണവും ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. പ്രതികൂല ഘടകങ്ങളെ മറികടക്കാനുള്ള ശ്രമം ബിജെപി നടത്തുന്നുണ്ടെങ്കിലും ഭരണവിരുദ്ധ അതിശക്തമായി നില്‍ക്കുകയാണ് ഹിമാചലില്‍. കാര്‍ഷിക നിയമം പിന്‍വലിച്ച പ്രഖ്യാപനത്തിലൂടെ വലിയ തരംഗമൊന്നും ബിജെപിക്ക് സംസ്ഥാനത്ത് ഉണാക്കാനായിട്ടില്ല. ബിജെപിയില്‍ ഹിമാചലിന് വിശ്വാസ്യത നഷ്ടപ്പെട്ടതാണ് പ്രധാന കാരണം.

ഹിമാചല്‍ മാത്രമല്ല മറ്റിടങ്ങളിലും ഇതേ മോഡലാണ് കോണ്‍ഗ്രസ് നടപ്പാക്കുക. അതേസമയം മണിപ്പൂരില്‍ ഇടതുപക്ഷവുമായി ചേരാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ബംഗാളില്‍ ഇരുപാര്‍ട്ടികളും സഖ്യത്തില്‍ മത്സരിച്ചിരുന്നു. മണിപ്പൂരില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇത് പ്രാഥമിക ഘട്ടത്തിലാണ്. 35.1 ശതമാനം പോപ്പുലര്‍ വോട്ടുകള്‍ കോണ്‍ഗ്രസ് 2017ല്‍ നേടിയതാണ്. അതേസമയം സിപിഎമ്മിനും സിപിഐയ്ക്കും വളരെ ചെറിയ സാന്നിധ്യം മാത്രമാണ് മണിപ്പൂരിലുള്ളത്. 0.74 ശതമാനം വോട്ടാണ് സിപിഐക്ക് ലഭിച്ചത്. സിപിഎമ്മിന് 0.01 ശതമാനം വോട്ടും. എന്നാല്‍ സംസ്ഥാനത്താകെ ഇവര്‍ക്ക് സാന്നിധ്യമുണ്ട്. അതാണ് കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍കൈയ്യെടുക്കാന്‍ കാരണം.

ഒളിമ്പിക് താരങ്ങള്‍ക്ക് വലിയ ജനസ്വാധീനം മണിപ്പൂരിലുണ്ട്. ഒളിമ്പിക് മെഡല്‍ നേടിയ താരത്തിന്റെ പിതാവ് ഇടതുപക്ഷ പ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ് ഇതും കൂടി മുന്നില്‍ കണ്ടാണ് സഖ്യത്തിന് താല്‍പര്യപ്പെടുന്നത്. ഇടതുപാര്‍ട്ടികള്‍ക്ക് ഒറ്റയ്ക്ക് ഒരു സീറ്റിലും വിജയിക്കാനാവില്ല. എന്നാല്‍ സഖ്യമുണ്ടായാല്‍ അവര്‍ക്ക് വലിയ നേട്ടമാണ്. ചെറുപാര്‍ട്ടികളുമായി ചേരണമെന്ന് രാഹുല്‍ ഗാന്ധിയാണ് എല്ലാ നേതാക്കളോടും നിര്‍ദേശിച്ചത്. ഇത് കോണ്‍ഗ്രസിനേക്കാള്‍ ചെറിയ പാര്‍ട്ടിയാവണമെന്നും നേതാക്കള്‍ പറയുന്നു. ഇടതുപക്ഷവുമായി ചേരാന്‍ രാഹുലിനുള്ള വലിയ താല്‍പര്യവും ഇതിലുണ്ട്. രാജ്യസഭാ സീറ്റില്‍ നേരത്തെ മുന്‍ കൊല്‍ക്കത്ത മേയര്‍ ബികാസ് ഭട്ടാചാര്യയെ മത്സരിപ്പിച്ചത് ഇടതുപക്ഷവുമായി ചേര്‍ന്നായിരുന്നു. ഇതും രാഹുലിന്റെ താല്‍പര്യമായിരുന്നു.

യുപിയിലും കോണ്‍ഗ്രസ് പുതിയ പ്ലാന്‍ പരിശോധിക്കുന്നുണ്ട്. കയസ്ത വിഭാഗത്തിന്റെ വോട്ടാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. 2.75 കോടി വോട്ടര്‍മാരുള്ള വിഭാഗമാണ് കയസ്ത. നഗരമേഖലകളിലാണ് ഇവരുള്ളത്. കയസ്ത വിഭാഗം ഇപ്പോള്‍ ന്യൂനപക്ഷമായി മാറിയെന്നും, സാമ്പത്തികമായി പിന്നോക്ക നില്‍ക്കുന്ന ഈ വിഭാഗത്തിലുള്ളവര്‍ക്ക് സംവരണം വേണമെന്നും അഖില ഭാരതീയ കയസ്ത മഹാസഭ പ്രസിഡന്റ് സുബോധ് കാന്ത് സഹായ് പറഞ്ഞു. 38 നിയമസഭാ സീറ്റുകളില്‍ ഇവര്‍ നിര്‍ണായകമാകും. ഗൊരഖ്പൂര്‍, പ്രയാഗ്രാജ്, വാരണാസി, ലഖ്‌നൗ, ബറേലി, മൊറാദാബാദ്, ദിയോറിയ, കൗശാംബി, ഷംലി എന്നിവയാണ് ഇവരുടെ കോട്ടകള്‍. ഇവിടെ കോണ്‍ഗ്രസ് പ്രതീക്ഷയിലാണ്.












Click it and Unblock the Notifications