കോണ്‍ഗ്രസിന് രക്ഷ പ്രിയങ്ക ഗാന്ധി മാത്രം?
വാരണാസി: രാഹുല്‍ ഗാന്ധിയെക്കാള്‍ കാര്യക്ഷമമായി കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്കാ ഗാന്ധിക്ക് കഴിയുമെന്ന് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഒരു അടക്കം പറച്ചിലുണ്ട്. ഇന്ദിരാ ഗാന്ധിയെ ഓര്‍മിപ്പിക്കുന്ന മുഖഭാവങ്ങളും നിഷ്‌കര്‍ഷയുമാണ് പ്രിയങ്കയിലേക്ക് കോണ്‍ഗ്രസ് പ്രതീക്ഷകള്‍ എത്തിക്കുന്ന ഘടകങ്ങള്‍. രാഹുല്‍ ഗാന്ധിയുടെ അത്രയും വിവാദങ്ങളും പ്രിയങ്ക ഈ കാലം കൊണ്ട് ഉണ്ടാക്കിയിട്ടുമില്ല. ഭര്‍ത്താവ് റോബര്‍ട്ട് വധ്രയുടെ വിവാദ ഇടപാടുകളാണ് പ്രിയങ്കയെ മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്നും അകറ്റിനിര്‍ത്തുന്നതെന്നും അഭ്യൂഹങ്ങളുണ്ട്.
എന്നാല്‍ നാല് സംസ്ഥാനങ്ങളിലെ ദയനീയ തോല്‍വിക്ക് ശേഷം വേറെ വഴികളൊന്നും മുന്നിലില്ലാത്ത കോണ്‍ഗ്രസ് പാര്‍ട്ടി പ്രിയങ്കാ ഗാന്ധിയെ നേതാവായി ഉയര്‍ത്തിക്കാണിച്ച് വരും എന്നാണ് പ്രതിപക്ഷ കക്ഷിയായ ബി ജെ പി പറയുന്നത്. രാഹുല്‍ ഗാന്ധി മന്‍മോഹന്‍ സിംഗിന് പിന്‍ഗാമിയാകും എന്ന കോണ്‍ഗ്രസ് പ്രതീക്ഷയ്ക്ക് നേര്‍ വിപരീതമാണിത്. ബി ജെ പി ജനറല്‍ സെക്രട്ടറിയായ രാമേശ്വര്‍ ചൗരസ്യയാണ് കോണ്‍ഗ്രസ് തന്ത്രങ്ങളെ മുന്‍കൂട്ടി പറയുന്നത്.

രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ച സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. രാഹുലിന്റെ ഈ വീഴ്ച ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് മുതലായ യുവ നേതാക്കളെ കോണ്‍ഗ്രസ് മുഖ്യധാരയിലേക്ക് കൊണ്ടുവരണം എന്ന ആവശ്യം ശക്തമായിരുന്നു. ജനക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടായാണ് പ്രിയങ്കയെ പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നത്.
ആം ആദ്മി പാര്‍ട്ടിയുടെ ദില്ലിയിലെ വിജയത്തെ കാര്യമായി കാണുന്നില്ലെന്നും രാമേശ്വര്‍ ചൗരസ്യ പറഞ്ഞു. ഒരുപാട് പ്രാദേശിക പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ അത്ഭുത വിജയങ്ങള്‍ കൊയ്തിട്ടുണ്ട്. അവയില്‍ പലതിനെയും ഇപ്പോള്‍ കാണാന്‍ കൂടി ഇല്ല. അതുപോലെ തന്നെയാകും എ എ പിയുടെയും സ്ഥിതി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏജന്റുമാരാണ് അരവിന്ദ് കെജ്രിവാളും യോഗേന്ദ്ര യാദവും എന്ന് രാമേശ്വര്‍ ചൗരസ്യ കുറ്റപ്പെടുത്തി.












Click it and Unblock the Notifications