കോണ്‍ഗ്രസിന് നോ എന്‍ട്രി ബോര്‍ഡ് വെച്ചിരിക്കുകയാണ് ജനങ്ങള്‍; ദളിതരെ അപമാനിച്ചുവെന്നും മോദി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്ത് എത്തി. ഹരിയാന തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കാനാണ് അദ്ദേഹം എത്തിയത്. മോദിയെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഗീതയുടെ മണ്ണില്‍ സത്യം വിജയിച്ചുവെന്ന് ചരിത്ര വിജയത്തെ സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.
ഹരിയാന വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ചരിത്ര വിജയമാണ് ജനങ്ങള്‍ നല്‍കിയതെന്നും പറഞ്ഞു. മൂന്നാം തവണയും ഹരിയാനയില്‍ താമര വിരിഞ്ഞു. സത്യവും വികസനവുമാണ് ഹരിയാനയില്‍ വിജയിച്ചത്. ജമ്മു കശ്മീരില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് ബിജെപിക്കെന്ന് മോദി. സീറ്റും വോട്ടും ഹരിയാനയില്‍ വര്‍ധിച്ചു. വീണ്ടും വീണ്ടും ബിജെപിയെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നു. നുണകളില്‍ മുകളില്‍ വികസനം നേടിയ വിജയമാണിതെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസിനെതിരെയും രൂക്ഷ വിമര്‍ശനം മോദി ഉന്നയിച്ചു. കോണ്‍ഗ്രസിന് എവിടെയെങ്കിലും ഭരണത്തുടര്‍ച്ച കിട്ടിയിട്ടുണ്ടോ? അവര്‍ ജനങ്ങളെ ഇത്രയും കാലം വഞ്ചിക്കുകയാണ് ചെയ്തതെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസിന് നോ എന്‍ട്രി ബോര്‍ഡ് വെച്ചിരിക്കുകയാണ് ജനങ്ങളെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ജയം. നദ്ദയുടെയും ടീമിന്റെയും വിജയമാണിത്. ഹരിയാനയിലെ ജനങ്ങള്‍ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ്. ഭരണമാറ്റം എന്ന രീതി മാറിയിരിക്കുകയാണ്. 1966ല്‍ ഹരിയാന സംസ്ഥാനം രൂപീകൃതമായ ശേഷം 13 തിരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും സര്‍ക്കാരുകള്‍ ഇവിടെ മാറാറുണ്ട്. എന്നാല്‍ ഒരു പാര്‍ട്ടിക്ക് തന്നെ ഇത് മൂന്നാം തവണയാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നു. ഇത് മുമ്പൊന്നും ഇല്ലാത്ത വിധത്തിലുള്ള ജയമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഹരിയാനയിലെ ദളിതുകളെ അവര്‍ അപമാനിച്ചു. അധികാരമില്ലെങ്കില്‍ കോണ്‍ഗ്രസിന് വെള്ളത്തില്‍ നിന്ന് കരയിലേക്ക് ഇട്ട മീനിന്റെ അവസ്ഥയാണ്. ജാതിയുടെ പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ തമ്മിലടിപ്പിക്കുകയാണെന്നും മോദി വിമര്‍ശിച്ചു.
കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ വരെ ചോദ്യം ചെയ്തുവെന്ന് മോദി. അര്‍ബന്‍ നക്‌സലുകളെ കൂട്ടുപിടിച്ച് രാജ്യത്ത് ഭയം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനും പ്രകോപിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമിച്ചു. ഹരിയാനയിലെ കര്‍ഷകര്‍ തന്നെ കോണ്‍ഗ്രസിന് മറുപടി നല്‍കി. അവര്‍ ബിജെപിക്കൊപ്പമാണ്. ദളിതുകളും ഒബിസികളും കോണ്‍ഗ്രസിന്റെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞു. അവര്‍ രാജ്യത്തിനൊപ്പമാണെന്നും മോദി പറഞ്ഞു.
ബിജെപി ലക്ഷ്യമിടുന്നത് വികസിത ഭാരതമാണ്. ഹരിയാനയിലെ കായികതാരങ്ങള്‍ക്ക് മികച്ച അവസരം ഉറപ്പാക്കും. കായിക മേഖലയില്‍ ഇന്ത്യ ലോകശക്തിയായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീര്‍ വിഘടനവാദത്തില്‍ നിന്നും കര്‍ഫ്യൂവില്‍ നിന്ന് പുറത്തുവരികയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ജമ്മു കശ്മീരില്‍ ഭരണഘടനയുടെ മൂല്യം പുനസ്ഥാപിക്കപ്പെടുന്നതില്‍ നിര്‍ണായകമായെന്ന് മോദി അവകാശപ്പെട്ടു.












Click it and Unblock the Notifications