വിജയ് അല്ല, രാഹുൽ ഗാന്ധി തന്നെയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് നേതാവ്; വിവാദം മുറുകുന്നു
ചെന്നൈ: തമിഴ്‌നാട്ടിൽ പ്രധാനമന്ത്രി പദത്തെ ചൊല്ലിയുള്ള വിവാദം തുടങ്ങിയതിന് പിന്നാലെ വിശദീകരണവുമായി കോൺഗ്രസ്. ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് അംഗീകരിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് തരാഹൈ കുത്ബർ പറയുന്നത്. കോൺഗ്രസും സഖ്യകക്ഷിയായ ടിവികെയും തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന വാർത്തകളും അവർ നിഷേധിച്ചു.
ഇന്ത്യ ടുഡേ നടത്തിയ 'മൂഡ് ഓഫ് ദി നേഷൻ' സർവേയിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ പരിഗണിക്കുന്ന നേതാക്കളിൽ വിജയ് മൂന്നാം സ്ഥാനത്തായിരുന്നു. ഇതിന് പിന്നാലെ വിജയിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ടിവികെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതാണ് കോൺഗ്രസിന്റെ എതിർപ്പ് ക്ഷണിച്ചു വരുത്തിയത്.

പിന്നാലെ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിച്ചില്ലെങ്കിൽ കോൺഗ്രസ് സഖ്യത്തിൽ നിന്ന് പുറത്തുപോകുമെന്ന് മുന്നറിയിപ്പ് നൽകിയെന്ന വാർത്തകളും ഇതിന് പിന്നാലെ പുറത്തുവന്നു. എന്നാൽ വിജയ് പ്രധാനമന്ത്രിയാകുമെന്ന തരത്തിലുള്ള പ്രചാരണം പാർട്ടി പ്രവർത്തകരുടെ ആവേശം മാത്രമാണെന്നാണ് കുത്ബർ പറയുന്നത്.
പാർട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാട് ഇതല്ലെന്നും അവർ വ്യക്തമാക്കി. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിച്ചിട്ടുണ്ട്. അതനുസരിച്ചാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്; കുത്ബർ പറഞ്ഞു. നിലവിൽ വിഷയത്തിൽ പല കോണുകളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരുന്ന വേളയിലാണ് അവരുടെ പ്രതികരണം.
കോൺഗ്രസ് മന്ത്രി വിശ്വനാഥന്റെ ചില പരാമർശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, കോൺഗ്രസ് സ്വന്തം നിലയിൽ വളരുന്ന പാർട്ടിയാണെന്ന് കുത്ബർ പറഞ്ഞു. ടിവികെയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ് എന്നും അവർ വ്യക്തമാക്കി. കോൺഗ്രസ് ഒരു സ്വതന്ത്രവും ജനാധിപത്യപരവുമായ പാർട്ടിയാണെന്നും അവർ പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് ലഭിക്കുന്ന വലിയ ജനപിന്തുണ ബിജെപിയെ ഭയപ്പെടുത്തുന്നുണ്ടെന്നും 2029ൽ രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും കുത്ബർ അവകാശപ്പെട്ടു. എന്നാൽ കോൺഗ്രസ് നേതാവിന്റെ ഈ പരാമർശങ്ങൾ കൊണ്ട് മാത്രം തമിഴ്‌നാട്ടിലെ വിവാദങ്ങൾ തീരില്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
സംസ്ഥാന നിയമസഭയിൽ ജയിച്ചപ്പോൾ തന്നെ വിജയ്‌യെ പ്രധാനമന്ത്രി പദത്തിലേക്ക് അവതരിപ്പിക്കണമെന്ന ആവശ്യം ടിവികെ അണികൾക്ക് ഇടയിൽ ശക്തമായിരുന്നു. കേവലം 2 വർഷം കൊണ്ട് തമിഴ്‌നാട് പോലെയുള്ള സംസ്ഥാനത്ത് അധികാരത്തിൽ എത്താൻ സാധിച്ച വിജയ്ക്ക് ദേശീയ തലത്തിൽ ബിജെപിയ്ക്ക് ബദലാവാൻ സാധിക്കുമെന്നാണ് അണികളുടെ അവകാശവാദം.


Click it and Unblock the Notifications