കോണ്‍ഗ്രസ് ജയിക്കുന്നെങ്കില്‍ തനിച്ച്... നിലപാട് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി; അഭ്യൂഹങ്ങള്‍ തള്ളി
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമെന്ന പ്രചാരണം പ്രിയങ്ക ഗാന്ധി തള്ളി. കോണ്‍ഗ്രസ് തനിച്ചു മല്‍സരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. ജയിക്കുന്നുവെങ്കില്‍ കോണ്‍ഗ്രസ് തനിച്ചായിരിക്കും. ഉത്തര്‍ പ്രദേശിലെ എല്ലാ നിയമസഭാ സീറ്റിലും കോണ്‍ഗ്രസ് മല്‍സരിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രമേ മല്‍സരിപ്പിക്കുകയുള്ളൂ. ഇറക്കുമതി സ്ഥാനാര്‍ഥികള്‍ ഉണ്ടാകില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ബുലന്ദ്‌ഷെഹറില്‍ കോണ്‍ഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രിയങ്ക.
യുപിയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യം ചേരില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വലിയ പാര്‍ട്ടികളുമായുള്ള സഖ്യം ഞങ്ങള്‍ക്ക് ഗുണം ചെയ്തിട്ടില്ല. അതുകൊണ്ട് ഇത്തവണ വലിയ കക്ഷികളുമായി സഖ്യമുണ്ടാകില്ല. ചെറുകക്ഷികളുമായി സഖ്യസാധ്യത പരിശോധിക്കും. കോണ്‍ഗ്രസുമായോ ബിഎസ്പിയുമായോ സഖ്യമുണ്ടാക്കില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

അഖിലേഷ് യാദവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കിയത്. 40 ശതമാനം സീറ്റില്‍ വനിതകളെ മല്‍സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ വോട്ടര്‍മാരില്‍ പകുതി സ്ത്രീകളാണ്. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് പ്രിയങ്കയുടെ മിക്ക പ്രഖ്യാപനങ്ങളും. സ്ത്രീ പക്ഷ പ്രകടന പത്രിക പ്രത്യേകം പുറത്തിറക്കുമെന്നും പ്രിയങ്ക അറിയിച്ചിട്ടുണ്ട്.
ലുങ്കി ഡാന്‍സുമായി ജാന്‍വി കപൂര്‍; നടിയുടെ പുതിയ ഫോട്ടോ വൈറല്‍
ഒരുകാലത്ത് കോണ്‍ഗ്രസിന്റെ തട്ടകമായിരുന്നു ഉത്തര്‍ പ്രദേശ്. മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസായിരുന്നു ജയിച്ചിരുന്നത്. അന്ന് യുപിയും കേന്ദ്രവും ഭരിച്ചത് കോണ്‍ഗ്രസായിരുന്നു. യുപിയില്‍ കോണ്‍ഗ്രസിന് ഇളക്കം തട്ടിയതോടെയാണ് കേന്ദ്രത്തില്‍ അവര്‍ക്ക് ഭരണം നഷ്ടമായതും. ബാബരി മസ്ജിദ് വിവാദമാണ് യുപിയില്‍ കോണ്‍ഗ്രസിന്റെ കാല്‍ച്ചുവട്ടിലെ മണ്ണിളകാന്‍ ഒരുകാരണം. എസ്പിയുടെയും ബിഎസ്പിയുടെയും ശക്തിപ്പെടല്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച വേഗത്തിലാക്കി. 403 അംഗ നിയമസഭയില്‍ ഇന്ന് കോണ്‍ഗ്രസിന് വെറും 7 സീറ്റാണുള്ളത്. ഇതില്‍ നിന്ന് ഉയര്‍ത്താനാണ് പ്രിയങ്കയുടെ നീക്കം. കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന പ്രിയങ്കയുടെ പ്രഖ്യാപനം അതുകൊണ്ടുതന്നെ വലിയ ദൗത്യമാകുമെന്ന് ചുരുക്കം.
അതിനിടെ പ്രിയങ്ക ഗാന്ധി ഇന്ന് രാവിലെ ബിഎസ്പി അധ്യക്ഷ മായാവതിയെ കണ്ടു. മായാവതിയുടെ അമ്മ രാംരതി കഴിഞ്ഞ ദിവസമാണ് മരിച്ചത്. മായാവതിയുടെ ത്യാഗ്‌രാജ് മാര്‍ഗിലെ വീട്ടിലേക്കാണ് മൃതദേഹം കൊണ്ടുവന്നത്. ഇന്ന് രാവിലെ ഡല്‍ഹിയിലെ അവരുടെ വീട്ടിലെത്തിയാണ് പ്രിയങ്ക ഗാന്ധി മായാവതിയെ കണ്ടത്.
തികച്ചും അനൗദ്യോഗിക സന്ദര്‍ശനമാണിതെന്ന് കോണ്‍ഗ്രസ്, ബിഎസ്പി നേതാക്കള്‍ പ്രതികരിച്ചു. യുപിയില്‍ ഒരു പാര്‍ട്ടികളുമായും സഖ്യം ചേരില്ല എന്നാണ് മായാവതി പറഞ്ഞിട്ടുള്ളത്. തനിച്ച് മല്‍സരിക്കുമെന്നും 2007ലെ പോലെ യുപിയുടെ അധികാരം പിടിക്കുമെന്നും മായാവതി പറയുന്നു.












Click it and Unblock the Notifications