എന്തുകൊണ്ട് കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നു? കീര്‍ത്തി ആസാദിന്റെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ കീര്‍ത്തി ആസാദും അശോക് തന്‍വാറും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി അവരുടെ ഡല്‍ഹിയിലെ വസതിയില്‍ വച്ച് ഇരുവരെയും സ്വീകരിച്ചു. ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളെ കാണുന്നതിനും ചില ഔദ്യോഗിക ചര്‍ച്ചകള്‍ക്കും വേണ്ടിയാണ് മമത എത്തിയത്. ബിജെപി ചെയ്യുന്നത് വിഭജനത്തിന്റെ രാഷ്ട്രീയമാണെന്നും രാജ്യത്തെ നേരായ പാതയില്‍ നയിക്കാന്‍ ഒരാള്‍ വേണമെന്നും കീര്‍ത്തി ആസാദ് മാധ്യമങ്ങളോട് പ്രതകരിച്ചു. രാജ്യത്തെ നയിക്കാന്‍ മമതയ്ക്ക് സാധിക്കുമെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഹരിയാന കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന അധ്യക്ഷനാണ് അശോക് തന്‍വാര്‍. ഹരിയാനയിലെ സിര്‍സ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാഗമായിരുന്നു അദ്ദേഹം. 2019ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച തന്‍വാര്‍ അപ്‌ന ഭാരത് മോര്‍ച്ച എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന്റെ പേരിലാണ് തന്‍വാര്‍ പാര്‍ട്ടി വിട്ടത്. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ ഉള്‍പ്പെടെയുള്ള നേതാക്കളുമായി അദ്ദേഹം കടുത്ത പോരിലായിരുന്നു. കീര്‍ത്തി ആസാദിനെയും അശോക് തന്‍വാറിനെയും സ്വീകരിച്ച മമത ബാനര്‍ജി, ഞാന്‍ ഹരിയാനയിലേക്ക് ഉടന്‍ പോകുമെന്ന് പ്രതികരിച്ചു. അശോക് തന്‍വാര്‍ എന്നെ ഹരിനായയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഞാന്‍ ഉടനെ അങ്ങോട്ട് പോകും. ബിജെപിയെ പരാജയപ്പെടുത്തുകയാണ് എന്റെ ലക്ഷ്യമെന്നും മമത വിശദീകരിച്ചു.

കീര്‍ത്തി വര്‍ധന്‍ ഭഗവദ് ഝാ ആസാദ് എന്നാണ് ബിഹാറുകാരനായ കീര്‍ത്തി ആസാദിന്റെ മുഴുവന്‍ പേര്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ഭഗവദ് ഝാ ആസാദിന്റെ മകനാണ്. 1983ല്‍ ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു കീര്‍ത്തി ആസാദ്. 2014ല്‍ ബിജെപി ടിക്കറ്റില്‍ ബിഹാറിലെ ദര്‍ഭംഗ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. 2017ല്‍ ബിജെപി വിട്ടു. 2019ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

നേരത്തെ ഡല്‍ഹിയിലെ ഗോലി മാര്‍ക്കറ്റ് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു കീര്‍ത്തി ആസാദ്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിയില്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കീര്‍ത്തി ആസാദ് പരസ്യമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് 2015 ഡിസംബറില്‍ ബിജെപിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ധന്‍ബാദ് മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചിരുന്നെങ്കിലും തോറ്റു. സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് മമത ഡല്‍ഹിയിലെത്തിയത്. ത്രിപുര, ഗോവ, അസം എന്നീ സംസ്ഥാനങ്ങളിലേക്കാണ് തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപിക്കാന്‍ ശ്രമം നടത്തുന്നത്. മൂന്നിടത്തും ബിജെപിയാണ് ഭരിക്കുന്നത്.
ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...












Click it and Unblock the Notifications