കോണ്‍ഗ്രസിന് 'മാനം' മാത്രമല്ല പണവും നഷ്ടം; കെട്ടിവച്ച കാശ് പോയി... ചിരിക്കാനാകാതെ ബിജെപി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശ് നഷ്ടമായി എന്ന് പലപ്പോഴും കേട്ടിട്ടുണ്ട്. ഏതാനും സീറ്റുകളില്‍ മാത്രമായിരിക്കും ഇത്തരം അനുഭവം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാകുക. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ കാര്യം മറിച്ചാണ്. മല്‍സരിച്ച 95 ശതമാനം സീറ്റിലും കെട്ടിവച്ച കാശ് പോയി. ദയനീയമായിരുന്നു പ്രകടനം.
അതേസമയം, കോണ്‍ഗ്രസിന്റെ അവസ്ഥ കണ്ട് സന്തോഷിക്കാന്‍ ബിജെപിക്ക് വകയില്ല. കാരണം അവര്‍ക്കും കെട്ടിവച്ച കാശ് നഷ്ടമായ മണ്ഡലങ്ങളുണ്ട്. യോഗി തരംഗമെന്ന് ബിജെപി വാഴ്ത്തുന്ന സാഹചര്യത്തില്‍ കെട്ടിവച്ച കാശ് പോയി എന്നതും തിരിച്ചടിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള കണക്കുകള്‍ വളരെ രസകരമാണ്....

300ലധികം സീറ്റ് നേടിയാണ് 2017ല്‍ ബിജെപി ജയിച്ചത്. എന്നാല്‍ ഇത്തവണ അത്രയും സീറ്റ് നേടാന്‍ ബിജെപിക്ക് സാധിച്ചില്ല. കാരണം മറ്റൊന്നുമല്ല, സമാജ്‌വാദി പാര്‍ട്ടി അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 2017ല്‍ 50 സീറ്റ് തികയാതിരുന്ന എസ്പി ഇത്തവണ സെഞ്ച്വറി കടന്നിരിക്കുന്നു. ബിജെപിയും എസ്പിയും വാശിയേറിയ മല്‍സരം നടത്തിയപ്പോള്‍ ചിത്രത്തിലില്ലാതായത് കോണ്‍ഗ്രസും ബിഎസ്പിയുമാണ്.

403 നിയമസഭാ മണ്ഡലങ്ങളാണ് ഉത്തര്‍ പ്രദേശില്‍. കോണ്‍ഗ്രസ് 399 മണ്ഡലങ്ങളിലും മല്‍സരിച്ചു. എസ്പിയുടെ പ്രധാന സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നു. 399 മണ്ഡലങ്ങളില്‍ മല്‍സരിച്ച കോണ്‍ഗ്രസിന് ലഭിച്ചത് വെറും 2.4 ശതമാനം വോട്ടാണ്. 33 മണ്ഡലങ്ങളില്‍ മല്‍സരിച്ച ആര്‍എല്‍ഡിക്ക് കോണ്‍ഗ്രസിനേക്കാള്‍ വോട്ട് കിട്ടി. 2.9 ശതമാനം.

399 മണ്ഡലങ്ങളില്‍ മല്‍സരിച്ച കോണ്‍ഗ്രസിന് 387 സീറ്റിലും കെട്ടിവച്ച കാശ് നഷ്ടമായി. ഇങ്ങനെ ഒരു ദയനീയ പ്രകടനമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരുന്നേയില്ല. പ്രിയങ്ക ഗാന്ധി വര്‍ഷങ്ങളായി യുപിയില്‍ പ്രചാരണം നടത്തുന്നു. സംഘടനാ സംവിധാനം ശക്തിപ്പെടുത്തിയ അവര്‍ വനിതാ വോട്ടര്‍മാരെ കൂടെ നിര്‍ത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും ഫലമുണ്ടായില്ല. 2017ല്‍ ഏഴ് സിറ്റ് ലഭിച്ച കോണ്‍ഗ്രസിന് ഇത്തവണ 2 സീറ്റാണ് കിട്ടിയത്.

കോണ്‍ഗ്രസിനെ പോലെ ദയനീയമായ പ്രകടനമാണ് മായാവതിയുടെ ബിഎസ്പിയും കാഴ്ചവച്ചത്. 403 സീറ്റിലും ബിഎസ്പി മല്‍സരിച്ചിരുന്നു. 290 സീറ്റില്‍ പണം നഷ്ടമായി. എന്നാല്‍ ബിജെപിയുടെ കാര്യവും കഷ്ടമാണ്. 376 മണ്ഡലങ്ങളിലാണ് ബിജെപി മല്‍സരിച്ചത്. അവര്‍ക്ക് മൂന്ന് മണ്ഡലങ്ങളില്‍ പണം പോയി. 347 മണ്ഡലങ്ങളില്‍ മല്‍സരിച്ച എസ്പിക്ക് ആറ് മണ്ഡലങ്ങളില്‍ കാശ് നഷ്ടമായി.

അതേസമയം, ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന അപ്‌ന ദളിനും നിഷാദ് പാര്‍ട്ടിക്കും പണം നഷ്ടമായിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്. ഇവര്‍ 27 സീറ്റുകളിലാണ് മല്‍സരിച്ചത്. യുപിയിലെ പ്രാദേശിക കക്ഷികളായ ഇവര്‍ മല്‍സരിച്ചത് അവര്‍ക്ക് ജയിക്കാന്‍ പറ്റുമെന്ന് തോന്നിയ മണ്ഡലങ്ങളിലാണ്. സഖ്യത്തിലെ പ്രധാന കക്ഷിയായ ബിജെപി ബാക്കി സീറ്റുകളില്‍ മല്‍സരിക്കുകയായിരുന്നു.
കിടിലന്‍ ലുക്കില്‍ നടി നൈല ഉഷ; വിശ്വസിക്കാന്‍ പ്രയാസമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

എസ്പിയുടെ സഖ്യകക്ഷികളായിരുന്നു ആര്‍എല്‍ഡിയും എസ്ബിഎസ്പിയും അപ്‌ന ദള്‍ കമരവാദി വിഭാഗവും. 33 സീറ്റില്‍ മല്‍സരിച്ച ആര്‍എല്‍ഡിക്ക് മൂന്ന് സീറ്റില്‍ കാശ് നഷ്ടമായി. മറ്റു രണ്ടു പാര്‍ട്ടികള്‍ 25 സീറ്റുകളിലാണ് മല്‍സരിച്ചത്. ഇവര്‍ക്ക് എട്ട് സീറ്റുകളില്‍ പണം പോയി. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ 4442 സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. ഇതില്‍ 3522 പേര്‍ക്കും പണം നഷ്ടമായിട്ടുണ്ട്.

തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിക്കുന്ന വേളയിലാണ് നിശ്ചിത സംഖ്യ അടയ്‌ക്കേണ്ടത്. മതിയായ വോട്ടുകള്‍ ലഭിച്ചാല്‍ പണം നഷ്ടമാകില്ല. ഒരു മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടിന്റെ ആറില്‍ ഒന്ന് വോട്ട് ലഭിച്ചാല്‍ പണം നഷ്ടമാകില്ല. അല്ലാത്ത അവസ്ഥ വന്നാലാണ് പണം നഷ്ടമാകുക. ബിജെപിക്ക് വേണ്ടി യോഗിയും കോണ്‍ഗ്രസിന് പ്രിയങ്കയും എസ്പിക്ക് അഖിലേഷും ബിഎസ്പിക്ക് മായാവതിയുമാണ് മുന്നിലുണ്ടായിരുന്നത്.


Click it and Unblock the Notifications