സിജെപിയോട് അടുക്കാൻ കോൺഗ്രസ്; നിലപാട് മാറ്റമോ? രാഹുൽ ഗാന്ധിയുടെ ചായ സൽക്കാരത്തിന് ക്ഷണിച്ചു

ന്യൂഡൽഹി: സിജെപിയെ ചേർത്തുനിർത്താനുള്ള നീക്കവുമായി കോൺഗ്രസ്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെയും സംഘടനാ പ്രതിനിധികളെയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സ്വന്തം വസതിയിൽ സംഘടിപ്പിക്കുന്ന ചായ സൽക്കാരത്തിന് ക്ഷണിച്ചതായാണ് റിപ്പോർട്ട്. സിവിൽ സൊസൈറ്റി അംഗങ്ങളുമായി ബന്ധപ്പെടാനുള്ള ചുമതല കോൺഗ്രസ് ഏൽപ്പിച്ച യോഗേന്ദ്ര യാദവാണ് ദീപ്കെയെ ക്ഷണിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

ജന്തർ മന്തറിലെ പ്രതിഷേധങ്ങൾക്ക് അനുമതി നൽകിയിരുന്ന സ്ഥലം പിന്നീട് വിജ്ഞാപനത്തിലൂടെ ഒഴിവാക്കിയതിനു പിന്നാലെ അവിടെ അതിക്രമിച്ചു കയറിയെന്ന കേസിൽ സിജെപി ഭാരവാഹികളായ അശുതോഷ് റങ്കയെയും സൗരവ് ദാസിനെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്‌ച രാഹുൽ ഗാന്ധി ഇരുവർക്കും പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു. കോൺഗ്രസിന്റെ സമീപനത്തിൽ മാറ്റം വരുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

cjp

സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ സിജെപി, ജൂലൈയിൽ ജന്തർ മന്തറിൽ വിദ്യാർഥി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയതോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഈ പ്രതിഷേധങ്ങൾക്ക് പിന്നാലെ ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. സമ്മർദസംഘമായി പ്രവർത്തിക്കുമെന്നാണ് സിജെപി വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ സംഘടന ആം ആദ്‌മി പാർട്ടിയുടെ മറ്റൊരു രൂപമാണെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വത്തിലെ വലിയൊരു വിഭാഗമെന്നാണ് റിപ്പോർട്ട്.

അതിനാൽ തന്നെ സിജെപിയുമായി സഹകരിക്കുന്ന കാര്യത്തിൽ കോൺഗ്രസിലെ പല നേതാക്കൾക്കും നേരത്തെ സംശയമുണ്ടായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 10ന് സിജെപി നടത്തിയ പ്രതിഷേധവും കോൺഗ്രസ് സൂക്ഷ്‌മമായി നിരീക്ഷിച്ചിരുന്നു. പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ നടപടികളിൽ മാധ്യമപ്രവർത്തകർ, പ്രവർത്തകർ, അഭിഭാഷകർ എന്നിവരടക്കം ഏഴായിരത്തോളം പേരെ കസ്‌റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ തിങ്കളാഴ്‌ച സുപ്രീം കോടതിയിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽനിന്ന് സിജെപി വിട്ടുനിൽക്കുകയും ചെയ്‌തിരുന്നു.

കോൺഗ്രസിന്റെ സമീപനത്തിൽ മാറ്റം പ്രകടമായത് രാഹുൽ ഗാന്ധി നടത്തിയ പ്രസ്‌താവനയിലൂടെയാണെന്നാണ് വിലയിരുത്തൽ. ഗ്യാനേഷ് കുമാറിനെതിരായ എല്ലാ പ്രതിഷേധങ്ങളും ഒരേ സമരത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ആരാണ് പ്രതിഷേധിക്കുന്നത്, ഏത് സംഘടനയിൽപ്പെട്ടവരാണ് എന്നതല്ല പ്രധാനമെന്നും ഭരണഘടന സംരക്ഷിക്കാനായി നിലകൊള്ളുന്നവരെ കോൺഗ്രസ് പിന്തുണയ്ക്കുമെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് ദീപ്കെയെയും സിജെപി നേതാക്കളെയും ന്യൂഡൽഹിയിലെ സുനഹരി ബാഗ് റോഡിലെ അഞ്ചാം നമ്പർ വസതിയിൽ സംഘടിപ്പിക്കുന്ന ചായസൽക്കാരത്തിന് കോൺഗ്രസ് ക്ഷണിച്ചത്. ദീപ്കെയുമായി ബന്ധപ്പെടുന്നതിനും മധ്യസ്ഥനായി പ്രവർത്തിക്കുന്നതിനും അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണോടും കോൺഗ്രസ് ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.

എസ്‌ഐആറിനെതിരെയും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഇന്ത്യ സഖ്യം നടത്തുന്ന നീക്കങ്ങളിൽ ഐക്യം വേണമെന്ന രാഹുൽ ഗാന്ധിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് പുതിയ നീക്കം. സിജെപിക്ക് രാഷ്ട്രീയ ഇടം വിട്ടുകൊടുക്കരുതെന്ന് കോൺഗ്രസിലെ ചില നേതാക്കൾ കരുതുന്നതിനാൽ ഈ സമീപനമാറ്റം പാർട്ടിക്കുള്ളിൽ ചർച്ചകൾക്ക് വഴിവെച്ചേക്കാം.

ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിക്കാനും ദേശീയ പതാക ഉയർത്താനും പൗരന്മാർക്ക് അവകാശമുണ്ടെന്ന് നേരത്തെ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ത്രിവർണ പതാക ഉയർത്തുന്നത് കുറ്റമല്ലെന്നും അതിന്റെ പേരിൽ യുവാക്കളെ ജയിലിലടക്കുന്നത് ഭീരുത്വമാണെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു. പ്രതിഷേധങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനത്തിനെതിരെ പ്രതിപക്ഷം ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma