പ്രധാനമന്ത്രിയല്ല, രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി?
ദില്ലി: 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു പാര്‍ട്ടി വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. എന്നാല്‍ രാഹുല്‍ ഗാന്ധി ആദ്യമായി മുന്നില്‍ നിന്നു നയിച്ച പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കിട്ടിയത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റ്. പിന്നീട് കുറച്ചുകാലം രാഹുല്‍ ഗാന്ധി ചിത്രത്തിലേ ഉണ്ടായില്ല. തിരിച്ചുവരവില്‍, കുറച്ചുകൂടി സജീവമായ രാഹുലിനെയാണ് കോണ്‍ഗ്രസിന് കിട്ടിയത്.
അടുത്ത വര്‍ഷമാദ്യം നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്നാണ് ദില്ലിയില്‍ നിന്നുമുള്ള സൂചനകള്‍. 2019 പൊതുതിരഞ്ഞെടുപ്പിന് മുമ്പായി രാഹുല്‍ ഗാന്ധിയുടെ നേതൃപാടവം പരീക്ഷിക്കാനുള്ള അവസരമായിട്ടാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ കാണുന്നതത്രെ. രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല, കോണ്‍ഗ്രസിനും ശക്തമായ ഒരു തിരിച്ചുവരവ് കൂടിയേ തീരൂ.

നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കിട്ടാവുന്ന ഏറ്റവും മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് രാഹുല്‍ ഗാന്ധി. 403 അംഗ ഉത്തര്‍ പ്രദേശ് അസംബ്ലിയില്‍ 28 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് 2012 തിരഞ്ഞെടുപ്പില്‍ കിട്ടിയത്. ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാള്‍ തിരഞ്ഞെടുപ്പിനെ നയിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി 2017 ലും സമാനമാകുമെന്നാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോര്‍ കരുതുന്നതത്രെ.
രാഹുല്‍ ഗാന്ധി അല്ലെങ്കില്‍ സഹോദരി പ്രിയങ്ക ഗാന്ധി വേണം ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാനെന്നും ആവശ്യം ഉയരുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശനത്തിന് രാജകീയമായ ഒരു തുടക്കം കൂടിയാകും അത്. രാഹുലും പ്രിയങ്കയും അല്ലാത്ത പക്ഷം മുന്‍ ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെയാകും കിഷോറും പാര്‍ട്ടിയും പരിഗണിക്കുക എന്നും അഭ്യൂഹങ്ങളുണ്ട്.












Click it and Unblock the Notifications