'കോൺഗ്രസിന് ഒരു സിന്ധ്യയുടേയും ആവശ്യമില്ല, മധ്യപ്രദേശ് തിരിച്ച് പിടിച്ചിരിക്കും'; കമൽനാഥ്
ഭോപ്പാൽ: ഈ വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ വളരെ ഉറ്റുനോക്കപ്പെട്ടുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസായിരുന്നു ഇവിടെ ജയിച്ചത്. എന്നാൽ ബി ജെ പിയുടെ ഓപ്പറേഷൻ താമരയിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ താഴെ വീണു. കോൺഗ്രസ് നേതൃത്വവുമായി അതൃപ്തിയിലായിരുന്ന യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയേയും അദ്ദേഹത്തിന് ഒപ്പമുള്ള 24 ഓളം എംഎൽഎമാരേയും മറുകണ്ടം ചാടിച്ച് കൊണ്ടായിരുന്നു ബി ജെ പി നീക്കം. അതേസമയം വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ഭരണം തിരിച്ച് പിടിക്കുമെന്ന് അവകാശപ്പെടുകയാണ് കോൺഗ്രസ്.

ഇത്തവണ കോൺഗ്രസ് സംസ്ഥാന ഭരണം പിടിക്കും. കോൺഗ്രസിന് ജയിക്കാൻ ഒരു സിന്ധ്യയുടേയും ആവശ്യമില്ല', എന്നായിരുന്നു മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കമൽനാഥിന്റെ പ്രതികരണം. തലസ്ഥാന നഗരമായ ഭോപ്പാലിൽ നിന്നും 270 കിമി അകലെയുള്ള തികംഗഡിൽ കോൺഗ്രസിൽ പറിപാടിയിൽ സംസാരിക്കുകയായിരുന്നു കമൽനാഥ്.' തന്റെ കോട്ടയായ ഗ്വാളിയോറിൽ പോലും ജ്യോതിരാധിത്യ സിന്ധ്യയുടെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു. സിന്ധ്യ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഗ്വാളിയാറിൽ മേയർ തിരഞ്ഞെടുപ്പിൽ ബി ജെ പി പരാജയപ്പെട്ടത്? ഞങ്ങൾക്ക് ജയിക്കാൻ ഒരു സിന്ധ്യയുടേയും ആവശ്യമില്ല', കമൽനാഥ് പറഞ്ഞു.

സിന്ധ്യയുടെ കോട്ടയായ ഗ്വാളിയോറിൽ അടക്കം കഴിഞ്ഞ മേയർ തിരഞ്ഞെടുപ്പിൽ ബി ജെ പി വലിയ തിരിച്ചടി നേരിട്ടിരുന്നു. 5 മേയർ സീറ്റുകളിലായിരുന്നു കോൺഗ്രസ് ഇവിടെ ജയിച്ചത്. നേരത്തേ 16 സീറ്റും ബി ജെ പിക്കായിുന്നു ലഭിച്ചത്. അതേസമയം വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് വൻ വിജയം നേടി തിരിച്ച് വരവ് നടത്തുമെന്നും കമൽനാഥ് പറഞ്ഞു. 'മധ്യപ്രദേശിൽ ബി ജെ പി ദീർഘകാലം ഭരിച്ചിട്ടും, തൊഴിലില്ലായ്മ, കുടിയേറ്റം, വരൾച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ പല മേഖലകളേയും അലട്ടുകയാണ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ബുന്ദേൽഖണ്ഡ് ഉൾപ്പെടെയുള്ള മേഖലകളിൽ വലിയ ശ്രദ്ധ ചെലുത്തും', കമൽനാഥ് പറഞ്ഞു.

ബി ജെ പിയെ ഞെട്ടിച്ച് കൊണ്ടായിരുന്നു 2018 ൽ മധ്യപ്രദേശ് ഭരണം കോൺഗ്രസ് പിടിച്ചത്. യുവ നേതാവായ ജ്യോതിരാദിത്യ സിന്ധ്യയും കമൽനാഥും കൈകോർത്തായിരുന്നു കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത്. എന്നാൽ ഭരണം ലഭിച്ചതിന് ശേഷം ഇരുവരും തമ്മിലുള്ള അധികാര വടംവലി രൂക്ഷമാകുകയായിരുന്നു. ഉപമുഖ്യമന്ത്രി പദമോ പാർട്ടി അധ്യക്ഷ പദമോ വേണമെന്നതായിരുന്നു ജ്യോതികാദിത്യ സിന്ധ്യയുടെ ആവശ്യം. കമൽനാഥ് ഇതിന് വഴങ്ങാൻ തയ്യാറാകാതിരുന്നതോടെയാണ് ബി ജെ പിയിലേക്ക് സിന്ധ്യ കാലുമാറിയത്. നിലവിൽ കേന്ദ്ര ബി ജെ പി സർക്കാരിൽ വ്യോമയാന മന്ത്രിയാണ് സിന്ധ്യ.

അതേസമയം ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ സിന്ധ്യയ്ക്ക് ബി ജെ പി എന്ത് റോൾ നൽകുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ഗ്വാളിയാർ മേഖലയിലടക്കം ശക്തമായ സാന്നിധ്യമുള്ള നേതാവാണ് സിന്ധ്യ. യുവ നേതാവായ സിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്നുള്ള ആവശ്യം ഒരുവിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. മുതിർന്ന നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നത് തിരച്ചടിയ്ക്ക് കാരണമാകുമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഭരണ വിരുദ്ധ വികാരവും ബി ജെ പിക്ക് ഇവിടെ വലിയ വെല്ലുവിളി തീർക്കുന്നുണ്ട്.












Click it and Unblock the Notifications