മൂന്നിടത്ത് ഭരണം, കുറച്ചത് പഞ്ചാബില്‍ മാത്രം, ഇന്ധന വിലയുടെ ചൂടറിഞ്ഞ് കോണ്‍ഗ്രസ്, വില കുറയ്ക്കും
ദില്ലി: അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രതീക്ഷിത വിജയം ചിലയിടങ്ങളില്‍ നേടിയിരുന്നു. ഇതിന്റെ പ്രധാന ക്രെഡിറ്റ് ഇന്ധന വില വര്‍ധനവായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഇന്ധന വില കുറച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളൊന്നും വില കുറച്ചിട്ടില്ലായിരുന്നു. സമ്മര്‍ദം ശക്തമായപ്പോള്‍ പഞ്ചാബിലാണ് കോണ്‍ഗ്രസ് വില കുറച്ചിരിക്കുന്നത്. കേരളത്തില്‍ അടക്കം കോണ്‍ഗ്രസ് നടത്തുന്ന സമരം മുഴുവന്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നയം കാരണം ദുര്‍ബലമായിരിക്കുകയാണ്. കോണ്‍ഗ്രസ് ഇന്ധന നികുതി കുറയ്ക്കുന്ന കാര്യത്തില്‍ സമ്മര്‍ദത്തിലാണ്.

പഞ്ചാബില്‍ ഇന്ധന വില കാരണം കോണ്‍ഗ്രസ് തോറ്റുപോകുമെന്ന അവസ്ഥയിലായിരുന്നു. കേന്ദ്രം എക്‌സൈസ് നികുതി കുറച്ചപ്പോള്‍ സംസ്ഥാന നികുതിയായ വാറ്റ് കുറയ്ക്കാനായിരുന്നു ആവശ്യം. പഞ്ചാബില്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയുടെ ഇടപെടലാണ് വില കുറച്ചത്. സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടായാലും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കുറയ്ക്കാമെന്ന നിലപാടിലാണ് ചന്നി. പുതുക്കിയ വില പ്രകാരം 96 രൂപ 16 പൈസയാണ് പെട്രോളിന് ലിറ്ററിന് വില. ഡീസലിന് 84 രൂപ 80 പൈസയും. ബിജെപിയും എഎപിയും അകാലിദളും ഒരുപോലെ പഞ്ചാബ് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു.
പത്ത് രൂപയാണ് പെട്രോളിന് കുറച്ചത്. ഡീസലിന് 5 രൂപയും. ദില്ലിയെ അപേക്ഷിച്ച് ഏറ്റവും കുറവാണ് പെട്രോളിന് പഞ്ചാബില്‍ വില. ഒന്‍പത് രൂപയോളമാണ് കുറവ്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും നടക്കാത്ത കാര്യമാണിതെന്ന് ചന്നി പറയുന്നു. ചണ്ഡീഗഡും ഹരിയാനയും വില വെട്ടിക്കുറച്ചോടെ പഞ്ചാബില്‍ പ്രതിസന്ധിയുണ്ടായിരുന്നു. പെട്രോള്‍ പമ്പിലൊന്നും ആരും വരാത്ത അവസ്ഥയായി. ഒഴിഞ്ഞ് കിടക്കുന്ന പമ്പുകള്‍ സംസ്ഥാനത്ത് ഉടനീളം ഉണ്ടായിരുന്നു. ചണ്ഡീഗഡില്‍ പെട്രോളിന് ലിറ്ററിന് 94 രൂപ മാത്രമാണ് ഉള്ളത്. ഹരിയാനയില്‍ 95 രൂപയും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഇന്ധന വലിയ തിരിച്ചടിയാവുമെന്ന് ഹൈക്കമാന്‍ഡും കരുതുന്നുണ്ട്.
സിറക്പൂരിലും മൊഹാലിയിലും പെട്രോള്‍ പമ്പുകള്‍ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ഇവിടങ്ങളിലൊന്നും ആളുകള്‍ തിരിഞ്ഞുനോക്കിയില്ല. സമീപ പ്രദേശങ്ങളിലേക്ക് പോയി ഇന്ധനമടിക്കുന്നതാണ് കണ്ടത്. ഹിമാചലില്‍ അടക്കം ബിജെപി തിരിച്ചടി നേരിട്ടത് ഇന്ധന വില വര്‍ധനവ് കൊണ്ടായിരുന്നു. ഇതും കണ്ടറിഞ്ഞാണ് കോണ്‍ഗ്രസ് വില കുറയ്ക്കാന്‍ തയ്യാറായത്. പഞ്ചാബിന് വാറ്റ് കുറച്ചതിലൂടെ 4150 കോടി വരുമാന നഷ്ടമാണ് ഉണ്ടാവുക. നേരത്തെ കുടിവെള്ളത്തിന്റെ ബില്ലുകളെല്ലാം കോണ്‍ഗ്രസ് എഴുതി തള്ളിയിരുന്നു. ഇത് ഗ്രാമീണ-നഗര മേഖലകള്‍ വ്യത്യാസമില്ലാതെയായിരുന്നു. ഇതിലൂടെ 1800 കോടി സര്‍ക്കാരിന് നഷ്ടമുണ്ടാകും. ഇനി രാജസ്ഥാനും ഛത്തീസ്ഗഡും ആ മാര്‍ഗത്തിലേക്ക് വരുമോ എന്നാണ് അറിയാനുള്ളത്.












Click it and Unblock the Notifications