നേപ്പാള്‍ ഭൂകമ്പത്തില്‍ ബിജെപി രാഷ്ട്രീയവും വര്‍ഗീയതയും കലക്കുന്നു?
ദില്ലി: നേപ്പാളിനെയും ഉത്തരേന്ത്യയെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി രാഷ്ട്രീയവും വര്‍ഗീയതയും കലക്കുന്നതായി കോണ്‍ഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബി ജെ പി എം പി സാക്ഷി മഹാരാജ് നടത്തിയ വിവാദ പരാമര്‍ശമാണ് ആരോപണത്തിന് ആധാരം. രാഹുല്‍ കേദാര്‍നാഥില്‍ സന്ദര്‍ശനം നടത്തിയത് കാരണമാണ് ഭൂകമ്പമുണ്ടായത് എന്നായിരുന്നു സാക്ഷി മഹാരാജിന്റെ വാക്കുകള്‍.
ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി പ്രസിഡണ്ട് അമിത് ഷായും ഈ ദുരന്തത്തില്‍ വര്‍ഗീയതയും രാഷ്ട്രീയവും കലര്‍ത്താന്‍ ശ്രമിക്കുകയാണ്- പാര്‍ട്ടി വക്താവ് സുഷ്മിത ദേവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നേരത്തെ സാക്ഷി മഹാരാജ് ഹിന്ദു സ്ത്രീകളോട് പത്ത് കുട്ടികളെ പ്രസവിക്കാന്‍ ആവശ്യപ്പെട്ടതും ഗോഡ്‌സെയെ രക്തസാക്ഷിയാക്കിയതും വിവാദമായിരുന്നു.

തന്റെ വാക്കുകളിലൂടെ കേദാര്‍നാഥിലെ ഭഗവാനെ നിസാരവല്‍ക്കരിക്കുകയും അപകടത്തില്‍ പെട്ട ആളുകളെ കളിയാക്കുകയും ചെയ്യുകയാണ് സാക്ഷി മഹാരാജ്. ഇയാള്‍ക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷായോടും ആവശ്യപ്പെടുന്നതായും സുഷ്മിത ദേവ് പറഞ്ഞു.
ഹരിദ്വാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സാക്ഷി മഹാരാജ് രാഹുല്‍ കേദാര്‍നാഥില്‍ പോയതാണ് ഭൂകമ്പത്തിന് കാരണമെന്ന് പറഞ്ഞത്. നിസ്സാരമായ ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള സമയമല്ല ഇതെന്നും അപകടത്തില്‍ പെട്ടവര്‍ക്ക് വേണ്ട സഹായം എത്തിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും കോണ്‍ഗ്രസ് ഇതിനോട് തിരിച്ചടിച്ചു.












Click it and Unblock the Notifications