കശ്മീരില്‍ ഇനി കോണ്‍ഗ്രസ് ഒറ്റക്ക്
ജമ്മു: ജമ്മു കശ്മീരില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും വേര്‍പിരിഞ്ഞു. തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത ജനുവരിയിലാണ് നടക്കുന്നത്. 87 നിയമസഭ മണ്ഡലങ്ങളിലും ഇനി കോണ്‍ഗ്രസ് ഒറ്റക്കായിരിക്കും മത്സരിക്കുക.

കോണ്‍ഗ്രസ് ദേശീയ നേതാക്കളായ ഗുലാംനബി ആസാദും അംബിക സോണിയും പിസിസി പ്രസിഡന്റ് സൈഫുദ്ദീന്‍ സോസും ചേര്‍ന്നാണ് വേര്‍പിരിയല്‍ തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ കോണ്‍ഗ്രസുമായി പിരിയാന്‍ താനാണ് ആദ്യം തീരുമാനിച്ചതെന്ന് പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി.
ജമ്മു കശ്മീരില്‍ തങ്ങളുടെ പാര്‍ട്ടി ഒറ്റക്ക് മത്സരിക്കണം എന്നാണ് പ്രവര്‍ത്തകരുടെ ആഗ്രഹം എന്ന് ഒമര്‍ പറയുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയെ ഗാന്ധിയെ ഇക്കാര്യം 10 ദിവസം മുമ്പ് അറിയിച്ചിരുന്നതായും ഒമര്‍ അവകാശപ്പെടുന്നു.
2009 ലാണ് കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണി അധികാരത്തിലെത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കശ്മീരില്‍ ആറ് വര്‍ഷമാണ് സംസ്ഥാന സര്‍ക്കാരിന്റെ കാലാവധി. പിഡിപിയുമായോ നാഷണല്‍ കോണ്‍ഫറന്‍സുമായോ സഖ്യത്തിലേര്‍പ്പെട്ടാല്‍ അവരുടെ അജണ്ടകള്‍ ബാധ്യതയാകുമെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്.
ഭരണം ഒരുമിച്ചായിരുന്നെങ്കിലും കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും അത്ര സുഖത്തിലായിരുന്നില്ല. ഇത് താഴെ തട്ടിലെ പ്രവര്‍ത്തകര്‍ വരെ എത്തിയിരുന്നു. ഈ തരത്തില്‍ മുന്നോട്ട് പോയാല്‍ തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സിന്റെ വിലയിരുത്തല്‍.












Click it and Unblock the Notifications