സ്പീക്കര്‍ സ്ഥാനാര്‍ത്ഥി കാര്യം ഏകപക്ഷീയമായി തീരുമാനിച്ചു, തൃണമൂലിന് അതൃപ്തി; സമവായത്തിന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. കോണ്‍ഗ്രസിന്റെ ഏകപക്ഷീയമായ തീരുമാനമായിരുന്നു ഇതെന്നാണ് തൃണമൂല്‍ ആരോപിക്കുന്നത്. അവസാന നിമിഷത്തെ തീരുമാനത്തിലാണ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ് പറയുന്നു.
അതേസമയം ലോക്‌സഭാ തിരഞ്ഞെുപ്പിന് ശേഷം ഇന്ത്യാ സഖ്യത്തില്‍ ഉണ്ടാവുന്ന ആദ്യത്തെ ഭിന്നിപ്പാണിത്. കോണ്‍ഗ്രസുമായി നേരത്തെ തന്നെ അത്ര നല്ല ബന്ധത്തിലായിരുന്നില്ല മമത ബാനര്‍ജി. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതോടെ ഇരുപാര്‍ട്ടികളും രണ്ട് തട്ടിലായിരിക്കുകയാണ്.

കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുള്ള തീരുമാനം ഇന്ത്യ സഖ്യത്തിന്റേതല്ലെന്നും, കോണ്‍ഗ്രസ് ഏകപക്ഷീയമായി എടുത്തതാണെന്നും തൃണമൂല്‍ പറഞ്ഞു. എന്‍ഡിടിവിയാണ് സഖ്യത്തിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അവസാന നിമിഷമാണ് തീരുമാനം വന്നത്.
ആരെയും അറിയിക്കാന്‍ സാധിച്ചില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. അന്തിമസമയം അവസാനിക്കുന്നതിന് പത്ത് മിനുട്ട് മുമ്പേയാണ് ഈ തീരുമാനം എടുത്തത്. ഇക്കാര്യത്തില്‍ ആരുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. അതിനുള്ള സമയമില്ലായിരുന്നുവെന്നും കോണ്‍ഗ്രസ് പറയുന്നു. അതേസമയം ഓം ബിര്‍ളയ്‌ക്കെതിരെയാണ് കൊടിക്കുന്നില്‍ സുരേഷ് മത്സരിക്കുന്നത്.
അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷ് തൃണമൂല്‍ നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണയും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി തൃണമൂലിന്റെ സുപ്രധാന നേതാവ് അഭിഷേക് ബാനര്‍ജിയെ കണ്ട് എന്തുകൊണ്ട് പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം എടുത്തുവെന്ന് വിശദീകരിച്ചിട്ടുണ്ട്.
മുതിര്‍ന്ന തൃണമൂല്‍ നേതാവ് സുദീപ് ബന്ധോപധ്യായ അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുമായി ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ആലോചനകള്‍ നടത്തിയിട്ടില്ല. ടിവിയിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ഡെറിക് ഒബ്രയന്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് താന്‍ പറഞ്ഞുവെന്നും സുദീപ് ബന്ധോപധ്യായ എന്‍ഡിടിവിയോട് പറഞ്ഞു.
എന്തുകൊണ്ട് ഏകപക്ഷീയ തീരുമാനമെടുത്തുവെന്ന് കോണ്‍ഗ്രസ് വിശദീകരണിക്കണമെന്നും സുദീപ് ആവശ്യപ്പെട്ടു. തൃണമൂല്‍ ഈ വിഷയത്തില്‍ യോഗം ചേരും. അതില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അതിന് ശേഷം ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കും. ഇതൊരു പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമായിരിക്കുമെന്നും സുദീപ് ബന്ധോപധ്യായ പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത്. കൊടിക്കുന്നില്‍ സുരേഷ് നേരത്തെ പ്രൊ ടേം സ്പീക്കറാവുമെന്നാണ് കരുതിയത്.
പക്ഷേ അദ്ദേഹത്തെ തഴഞ്ഞ് മോദി സര്‍ക്കാര്‍ ഭര്‍തൃഹാരി മഹ്തബിനെ നിയമിക്കുകയായിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം അനുവദിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications