കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ തീര്‍ന്നു... ഇനി കുതിക്കാം, പോരാടണമെന്ന് സല്‍മാന്‍ ഖുര്‍ഷിദ്
ദില്ലി: ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തെ പ്രശംസിച്ച് മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. രാജ്യത്ത് കോണ്‍ഗ്രസിനുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ഖുര്‍ഷിദ് പറഞ്ഞു. ഇനി തിരിച്ചടിയില്‍ നിന്ന് കരകയറി മുന്നോട്ട് കുതിക്കാനുള്ള സമയമാണ്. ഇത്രയും കാലം മോശം സമയമായിരുന്നു. സ്വന്തം കഴിവിലും പാര്‍ട്ടിക്ക് വിശ്വാസ കുറവുണ്ടായിരുന്നുവെന്നും ഖുര്‍ഷിദ് പറഞ്ഞു.

രണ്ട് സംസ്ഥാനങ്ങളിലെയും ഫലം ഒരുപാട് ആത്മവിശ്വാസം പാര്‍ട്ടിക്ക് നല്‍കുന്നുണ്ട്. പ്രവര്‍ത്തകരോട് ഇതില്‍ ഒരുപാട് കടപ്പെട്ടിരിക്കുകയാണ്. ഒരുപാട് പ്രചോദനം നല്‍കുന്നതാണ് ഈ വിജയം. കോണ്‍ഗ്രസ് ഈ വിജയത്തില്‍ നിന്ന് മുതലെടുക്കണമെന്നും ഖുര്‍ഷിദ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വീണ്ടും ജീവവായും നല്‍കിയിരിക്കുകയാണ്. ഇത് എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുള്ള ഓര്‍മപ്പെടുത്തലാണെന്നും ഖുര്‍ഷിദ് പറഞ്ഞു.
കോണ്‍ഗ്രസില്‍ ഇനിയും പോരാട്ടവീര്യം ബാക്കിയുണ്ട്. അത് നേതാക്കള്‍ തിരിച്ചറിയണം. ഇനി പോരാട്ടത്തിന്റെ നാളുകളാണ്. ഏറ്റവും സത്യസന്ധമായി ആ പോരാട്ടം നടത്തണമെന്നും ഖുര്‍ഷിദ്പറഞ്ഞു. ഇത് രാഷ്ട്രീയ സാഹചര്യം മാറുന്നുവെന്നതിന്റെ സൂചനയാണ്. കോണ്‍ഗ്രസിന് ഇനി വീഴ്ച്ചയുണ്ടാവില്ല. ട്രെന്‍ഡ് ഇനിയും മാറ്റാന്‍ സാധിക്കും. പറയുന്ന ഓരോ വിഷയങ്ങളില്‍ കൃത്യത കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് സാധിക്കണമെന്നും ഖുര്‍ഷിദ് വ്യക്തമാക്കി.
കോണ്‍ഗ്രസിന് വളരെ മികച്ചൊരു പ്രകടപത്രികയുണ്ട്. എന്നാല്‍ ജനങ്ങളുടെ മുന്നില്‍ പറയുന്ന ഓരോ വിഷയത്തിനും വ്യക്തതയാണ് വേണ്ടത്. പ്രകടനപത്രികയില്‍ നിന്നുള്ള വ്യതിചലനവും വ്യത്യസ്ത നിലപാടുകളും ഒഴിവാക്കേണ്ടതാണ്. കോണ്‍ഗ്രസിനുള്ളില്‍ നിലപാടുകള്‍ക്ക് ഐക്യത കൊണ്ടുവരണം. പാര്‍ട്ടിക്ക് അതിന് സാധിക്കുമെന്നും ഖുര്‍ഷിദ് പറഞ്ഞു. മാധ്യമങ്ങള്‍ പാര്‍ട്ടിയെ എഴുതി തള്ളിയെന്നും, എന്നാല്‍ അതല്ല തിരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്നും ഖുര്‍ഷിദ് പറഞ്ഞു.












Click it and Unblock the Notifications