ഇന്‍ഡോറില്‍ സ്ഥാനാര്‍ത്ഥിയില്ല, പ്രചാരണം മാറ്റി കോണ്‍ഗ്രസ്; നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥന
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സ്ഥാനാര്‍ത്ഥി പിന്‍മാറിയതിനെ തുടര്‍ന്ന് പുതിയ തന്ത്രം പരീക്ഷിക്കാന്‍ കോണ്‍ഗ്രസ്. ഇന്‍ഡോറില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ അക്ഷയ് കാന്തി ബാം നേരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചിരുന്നു. ബാം പിന്നീട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.ഇതോടെ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി ഇല്ലാതെ മാറുകയായിരുന്നു.
നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന ദിവസമായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചത്. ഇതോടെ പുതിയ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുക കോണ്‍ഗ്രസിന് അസാധ്യമായ കാര്യമായി മാറുകയായിരുന്നു. ഈ സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പുതിയ പ്രചാരണം ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

നോട്ടയ്ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പ്രാരണം നടത്തുന്നത്. ബിജെപിയെ പാഠം പഠിപ്പിക്കാന്‍ ഇവിഎമ്മിലെ നോട്ട ഓപ്ഷന് വോട്ട് ചെയ്യാനാണ് കോണ്‍ഗ്രസ് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതോടെ ബിജെപി സ്ഥാനാര്‍ത്ഥി ശങ്കര്‍ ലാല്‍വാനിയുടെ വിജയം എളുപ്പമായിരിക്കുകയാണ്.
എന്നാല്‍ ബിജെപിയെ എളുപ്പത്തില്‍ ജയിപ്പിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് കോണ്‍ഗ്രസ്. ഇതിനായി വമ്പന്‍ പ്രചാരണമാണ് അവര്‍ നടത്തുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്നതാണ് പാര്‍ട്ടിയെ ആകെ നിരാശപ്പെടുത്തിയിരിക്കുന്നത്. കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇയാള്‍ക്ക് ബിജെപിയില്‍ ചേരേണ്ടി വന്നതെന്നാണ് കോണ്‍ഗ്രസിന്റെ പ്രചാരണം.
1989 മുതല്‍ ഇന്‍ഡോര്‍ സീറ്റില്‍ കോണ്‍ഗ്രസിന് വിജയിക്കാനായിട്ടില്ല. എന്നാല്‍ ഇത്തവണയാണ് ആദ്യമായിട്ട് കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥി പോലുമില്ലാത്ത അവസ്ഥയുണ്ടാവുന്നത്. ഹൈക്കോടതിയെ സമീപിച്ചിട്ട് പോലും കോണ്‍ഗ്രസിന് യാതൊരു ആനുകൂല്യവും ലഭിച്ചില്ല.
പകരം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു കോണ്‍ഗ്രസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷന്‍ ജിത്തു പട്വാരിയാണ് ഇപ്പോള്‍ ബിജെപിക്കെതിരെ നോട്ടയ്ക്ക് വോട്ട് ചെയ്ത് പ്രതിഷേധിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്. എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അഭ്യര്‍ത്ഥന.
രാഷ്ട്രീയത്തില്‍ നിന്ന് മോശം കാര്യങ്ങളെ അകറ്റി നിര്‍ത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്. അതുകൊണ്ട് ഇവിഎമ്മില്‍ നോട്ട ഓപ്ഷന്‍ ഉണ്ടെന്ന് ജനങ്ങള്‍ മറക്കരുതെന്നും പട്വാരി എക്‌സിലൂടെ ആവശ്യപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ വാര്‍മയും എക്‌സ് പോസ്റ്റിലൂടെ സമാന കാര്യങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇന്‍ഡോറിലെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ കൊള്ളയടിച്ച് കൊണ്ടുപോയിരിക്കുകയാണ്. നിങ്ങളുടെ വോട്ടവകാശത്തെ തന്നെ അവര്‍ ഇല്ലാതാക്കായിരിക്കുകയാണ്. നിങ്ങള്‍ക്ക് അവരെ ഒരു പാഠം പഠിപ്പിക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തൂ. ജനാധിപത്യത്തെ രക്ഷിക്കൂ എന്നും സജ്ജന്‍ വര്‍മ ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications