യുപിയില്‍ തുടർഭരണം എളുപ്പമാവില്ല: ബിജെപി ക്യാമ്പില്‍ ആശങ്ക, സഖ്യസാധ്യത തേടേണ്ടി വരും
കാണ്‍പൂർ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി 300-ലധികം സീറ്റുകൾ നേടുമെന്ന് ബി ജെ പി നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും, അടുത്ത സർക്കാർ രൂപീകരിക്കല്‍ ബി ജെ പിക്ക് അത്ര സുഖകരമല്ലെന്നാണ് അവരുടെ തന്നെ ആഭ്യന്തര സർവേകള്‍ വ്യക്തമാക്കുന്നത്. കേന്ദ്രമന്ത്രിയുടെ മകൻ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന കർഷകർക്കെതിരായ ലഖിംപൂർ-ഖേരി അക്രമവും മുഖ്യ പ്രതിപക്ഷമായ എസ്പി ആർ എൽ ഡിയുമായി ഉണ്ടാക്കിയ സഖ്യവും സംസ്ഥാനത്ത് ബി ജെ പിയുടെ വോട്ടുബാങ്കില്‍ വലിയ വിള്ളല്‍ വീഴ്ത്തിയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
2017 ല്‍ ബി ജെപിക്ക് ഏറെ ഗുണകരമായ സാമൂദായിക സമവാക്യം ഇത്തവണ അത്ര ഗുണകരമായ രീതിയില്‍ പ്രതിഫലിച്ചില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.'' ഒവൈസി (എ ഐ എം ഐ എം) ഘടകം ന്യൂനപക്ഷ വോട്ടുകളുടെ ഒരു വിഭജനവും സൃഷ്ടിച്ചിട്ടില്ല. ന്യൂനപക്ഷങ്ങൾ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തോട് കൂടുതൽ ചായ്‌വ് കാണിച്ചിട്ടുണ്ട്. എന്നാല്‍ ദളിത് വോട്ടുകളില്‍ ബി എസ്പിക്ക് ഇപ്പോഴും നിർണ്ണായക സ്വാധീനമുണ്ട്, നാലാം റൗണ്ട് തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ബി ജെ പിക്ക് കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ സാധിക്കുക" ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ജാട്ട്, യാദവ് വോട്ടർമാരുടെ ആധിപത്യമുള്ള 150-ലധികം സീറ്റുകളിൽ എസ്പി-ആർഎൽഡി സഖ്യം വലിയ വെല്ലുവിളി ഉയർത്തുന്നതായി ബി ജെ പി വൃത്തങ്ങൾ പറയുന്നു. എന്നിരുന്നാലും, പ്രധാനമന്ത്രി മോദി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നിടത്തെല്ലാം പാർട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകൾ ഒരു പരിധിവരെ മെച്ചപ്പെടുന്നു എന്നതാണ് വലിയ ആശ്വാസകരമെന്നും ബി ജെ പി നേതാക്കള്‍ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളിൽ പാർട്ടി കാര്യമായ പ്രതീക്ഷ വെച്ചുപുലർത്തിയിട്ടില്ല. "രണ്ടാം ഘട്ടം അടിസ്ഥാനപരമായി എസ്പി-ഘട്ടമായിരുന്നു. എന്നാൽ ഞങ്ങൾ ഞങ്ങളുടെ വോട്ട് ബാങ്ക് പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ മാരത്തൺ മീറ്റിംഗുകൾ ഉപയോഗിച്ച് ഏകീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്" ഉത്തർപ്രദേശിലെ പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പാർട്ടി 300 സീറ്റിൽ കുറയാതെ വിജയിക്കുമെന്നാണ് ബി ജെ പി ദേശീയ അധ്യക്ഷൻ ജെപി നദ്ദ അടുത്തിടെ അവകാശപ്പെട്ടത്. എന്നിരുന്നാലും, സംസ്ഥാനത്ത് അധികാരം നിലനിർത്താൻ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യകക്ഷികളെ ബി ജെ പി തേടേണ്ടി വന്നേക്കുമെന്ന വിലയിരുത്തലും ശക്തമാണ്.












Click it and Unblock the Notifications