കാശ്‌മീരുമായി ബന്ധപ്പെട്ട വിവാദ പ്രസംഗം; എഴുത്തുകാരി അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
ന്യൂഡൽഹി: പ്രശസ്‌ത എഴുത്തുകാരി അരുന്ധതി റോയിയെ യുഎപിഎ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ. കാശ്‌മീരുമായി ബന്ധപ്പെട്ട് എഴുത്തുകാരി 2010ൽ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് നിലവിലെ നടപടി. കാശ്‌മീർ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ മുൻ ഇന്റർനാഷണൽ ലോ പ്രൊഫസറായ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെയും യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്.
2010 ഒക്‌ടോബർ 28ന് സാമൂഹിക പ്രവർത്തകനായ സുശീൽ പണ്ഡിറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ന്യൂഡൽഹിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്ന് അരുന്ധതി റോയിക്കും ഷൗക്കത്ത് ഹുസൈനുമെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തതെന്നാണ് അധികൃതർ അറിയിച്ചത്.

2010 ഒക്‌ടോബര്‍ 21ന് 'ആസാദി ദ ഓണ്‍ലി വേ' എന്ന പേരിൽ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പരിപാടിയില്‍ അരുന്ധതി റോയും ഹുസൈനും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് കേസ്. സമ്മേളനത്തിൽ ചർച്ച ചെയ്യുകയും സംസാരിക്കുകയും ചെയ്‌ത വിഷയങ്ങൾ 'കാശ്‌മീർ ഇന്ത്യയിൽ നിന്ന് വേർപെടുത്തുന്നത്' സംബന്ധിച്ചതാണെന്നും ഗവർണറുടെ ഓഫീസ് ചൂണ്ടിക്കാട്ടി.
റോയിയെയും ഷൗക്കത്ത് ഹുസൈനെയും കൂടാതെ, കശ്‌മീരി വിഘടനവാദി സയ്യിദ് അലി ഷാ ഗീലാനി, പാർലമെന്റ് ആക്രമണക്കേസിൽ കുറ്റവിമുക്തനായ ഡൽഹി സർവകലാശാല മുൻ അധ്യാപകൻ എസ്എആർ ഗീലാനി, പ്രമുഖ ആക്‌ടിവിസ്‌റ്റ് വരവര റാവു എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. കേസ് നിലനിൽക്കെ തന്നെ ഇവർ മൂന്നു പേരും മരണപ്പെടുകയായിരുന്നു.
വിദ്വേഷ പ്രസംഗം സംബന്ധിച്ച കേസുകളിൽ പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള നടപടികൾക്ക് ബന്ധപ്പെട്ട സർക്കാരിന്റെ അനുമതി വേണമെന്നാണ് ചട്ടം. അതനുസരിച്ചാണ് ഡൽഹി പോലീസ് തുടർനടപടികൾക്കായി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി തേടിയത്. ഇതിന് പിന്നാലെയാണ് ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകിയത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾക്കായി സിആർപിസിയുടെ 196 വകുപ്പ് പ്രകാരം അവരെ പ്രോസിക്യൂട്ട് ചെയ്യാൻ രാജ്ഭവൻ 2023 ഒക്ടോബറിൽ അനുമതി നൽകിയിരുന്നു. ഐപിസി 153 എ, 153 ബി, 505 എന്നീ വകുപ്പുകളായിരുന്നു അന്ന് ഇവർക്കെതിരെ ചുമത്തിയത്. അതിന് പിന്നാലെയാണ് ഇപ്പോൾ യുഎപിഎ കൂടി ചേർത്തിരിക്കുന്നത്.












Click it and Unblock the Notifications