'ജോ ബച്ചേ...' പരമ്പരയുമായി ബന്ധപ്പെട്ട വിവാദം; പാക് ഉള്ളടക്കങ്ങൾ തടയണമെന്ന് നെറ്റ്‌ഫ്ലിക്‌സിനോട് കേന്ദ്രം

ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്നുള്ള സിനിമകൾ, വെബ് സീരീസുകൾ, മറ്റ് വിനോദ ഉള്ളടക്കങ്ങൾ എന്നിവ ഇന്ത്യയിലെ കാഴ്‌ചക്കാർക്ക് ലഭ്യമാക്കില്ലെന്ന് ഉറപ്പാക്കാൻ നെറ്റ്ഫ്ലിക്‌സിനോട് ആവശ്യപ്പെട്ട് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. ഡിസംബർ 4 ന് ആഗോളതലത്തിൽ പ്രദർശനം ആരംഭിക്കുന്ന പാകിസ്ഥാൻ വെബ് സീരീസായ 'ജോ ബച്ചെ ഹേ സാങ് സമൈത് ലോ'യുടെ ഇന്ത്യൻ റിലീസിനെക്കുറിച്ചുള്ള പരാതികളെ തുടർന്നാണ് സർക്കാരിന്റെ ഏറ്റവും പുതിയ നടപടി.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾ, സ്ട്രീമിംഗ് സേവനങ്ങൾ, ഡിജിറ്റൽ ഇടനിലക്കാർ എന്നിവരോട് പാകിസ്ഥാനിൽ നിന്നുള്ള ഉള്ളടക്കം സ്ട്രീം ചെയ്യുന്നത് നിർത്താൻ ആവശ്യപ്പെട്ട 2025 മെയ് 8 ലെ നിർദേശത്തെ മന്ത്രാലയം ഓർമ്മിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ വരിക്കാർക്ക് പാകിസ്ഥാനിൽ നിന്നുള്ള ചിത്രങ്ങളോ പരമ്പരകളോ ലഭ്യമാക്കിയിട്ടില്ലെന്ന് കമ്പനി സർക്കാരിനെ അന്ന് അറിയിച്ചിരുന്നു.

jo bachay

2025 ഏപ്രിൽ 22ന് 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് 2025 മെയ് 8ന്പാകിസ്ഥാനിൽ നിന്നുള്ള ചിത്രങ്ങൾക്കും പരമ്പരകൾക്കും വിലക്ക് വന്നത്. സബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനമാക്കിയുള്ള സേവനങ്ങളിലൂടെയോ അല്ലാതെയോ വാഗ്‌ദാനം ചെയ്യുന്ന പാകിസ്ഥാനി വംശജരുടെ വെബ് സീരീസുകൾ, സിനിമകൾ, ഗാനങ്ങൾ, പോഡ് കാസ്‌റ്റുകൾ, മറ്റ് സ്ട്രീമിംഗ് ഉള്ളടക്കം എന്നിവ നിർത്തലാക്കാൻ ഒടിടി പ്ലാറ്റ്ഫോമുകളോടും ഡിജിറ്റൽ ഇടനിലക്കാരോടും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

പാക്കിസ്ഥാനി എഴുത്തുകാരനായ ഫർഹത് ഇഷ്ത്തിയാക്കിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഉർദു നോവലിനെ അടിസ്ഥാനമാക്കിയുള്ള ഒരു റൊമാന്റിക് ഡ്രാമയാണ് ഓൾ ദി ലവ് ഔർ ഹാർട്ട്സ് കാരി എന്ന പേരിൽ അന്താരാഷ്ട്രതലത്തിൽ പ്രചരിപ്പിക്കപ്പെടുന്ന ജോ ബച്ചെ ഹേ സാങ് സമൈത് ലോ. ഫവാദ് ഖാൻ, മഹീറ ഖാൻ, സനം സയീദ്, അഹദ് റാസ മിർ, ഹനിയ ആമിർ, ഹംസ അലി അബ്ബാസി, ഇഖ്റ അസീസ്, മായ അലി, ബിലാൽ അഷ്റഫ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖ പാകിസ്ഥാനി അഭിനേതാക്കൾ ഈ പരമ്പരയിൽ അഭിനയിക്കുന്നു.

നേരത്തെ ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷനും (എഐസിഡബ്ല്യുഎ) ഫെഡറേഷൻ ഓഫ് വെസ്‌റ്റേൺ ഇന്ത്യ സിനി എംപ്ലോയീസും (എഫ്ഡബ്ല്യുഐസിഇ) സീരീസ് ഇന്ത്യയിൽ സ്ട്രീം ചെയ്യുന്നത് തടയാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചിരുന്നു. പാക് അഭിനേതാക്കളുടെ പങ്കാളിത്തത്തെ അസോസിയേഷൻ എതിർക്കുകയും ടെലിവിഷൻ, സിനിമ, ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലുടനീളം പാകിസ്ഥാൻ വംശജരുടെ വിനോദ ഉള്ളടക്കം നിരോധിക്കുന്ന സ്ഥിരമായ നിയമ ചട്ടക്കൂട് ആവശ്യപ്പെടുകയും ചെയ്‌തു.

കൂടാതെ നിലവിലുള്ള നിയന്ത്രണങ്ങൾ ശരിയായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും എഫ്‌ഡബ്ല്യുഐസിഇ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സീരീസ് ഇന്ത്യൻ പ്രേക്ഷകർക്ക് ലഭ്യമാക്കിയാൽ ഇന്ത്യയിലെ നെറ്റ്ഫ്ലിക്‌സ് പ്രോജക്റ്റുകൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്ന് അതിന്റെ പ്രതിനിധികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നെറ്റ്ഫ്ലിക്‌സ് ഉടൻ തന്നെ തീരുമാനം അറിയിക്കുമെന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma