'കൊവിഡിനെ വെറും ജലദോഷമായി കണ്ട് തള്ളിക്കളയരുത്..'; മുന്നറിയിപ്പുമായി ഡോ. സൗമ്യ സ്വാമിനാഥൻ
ന്യൂഡൽഹി: രാജ്യം ഒമിക്രോൺ തരംഗത്തിന് സാക്ഷ്യം വഹിച്ച് ഒന്നര വർഷത്തിന് ശേഷം, ഇപ്പോൾ ഒമിക്രോണിന്റെ ജെഎൻ വൺ ഉപവകഭേദം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിൽ വർധിച്ചുവരുന്ന കൊവിഡ് കേസുകളെ കുറിച്ച് രണ്ട് പ്രമുഖ ആരോഗ്യ വിദഗ്‌ധരാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മുൻ ചീഫ് സയന്റിസ്‌റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ, കൊവിഡിനെ വെറും ജലദോഷമായി തള്ളിക്കളയുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗുരുതരമായി രോഗബാധിതരായ ആളുകളുടെ കാര്യത്തിൽ മാത്രമല്ല, രോഗത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ, വർധിച്ച അപകടസാധ്യതകളായ ഹൃദയാഘാതം, മാനസികാരോഗ്യ പ്രശ്‌നങ്ങൾ എന്നിവ അടക്കം ചൂണ്ടിക്കാട്ടിയാണ് അവർ മുന്നറിയിപ്പ് നൽകിയത്. ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്.

രോഗബാധയ്ക്ക് എതിരെ ആളുകൾ സ്വീകരിക്കേണ്ട മുൻകരുതലുകളും ഡോ. സ്വാമിനാഥൻ എടുത്തുപറയുകയുണ്ടായി. പ്രായമായവരും പ്രതിരോധശേഷി കുറഞ്ഞവരും മാസ്‌ക് ധരിക്കാൻ തുടങ്ങേണ്ടതുണ്ടെന്നാണ് അവർ പറയുന്നത്.
ഇതിന് പുറമെ നാഷണൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് ടാസ്‌ക് ഫോഴ്‌സ് കോ-ചെയർമാൻ ഡോ രാജീവ് ജയദേവനും മുന്നറിയിപ്പുമായി രംഗത്ത് വന്നിരുന്നു. കൊച്ചിയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളുള്ള രോഗികളിൽ 30 ശതമാനം പേർക്കും കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞുവെന്ന് പറഞ്ഞ രാജീവ് ജയദേവൻ, കോവിഡ് കേസുകൾ സമൂഹത്തിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും, തന്റെ അയൽക്കാരനും രോഗബാധ കണ്ടെത്തിയെന്നും അറിയിച്ചു.
എങ്കിലും, പുതിയ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെങ്കിലും, ഇന്ത്യയിലെ ഉയർന്ന വാക്‌സിനേഷൻ നിരക്ക് കാരണം, അധികം പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനിടയില്ലെന്നാണ് ഇരുവരും ചൂണ്ടിക്കാണിക്കുന്നത്. 2020ലെ ആദ്യ തരംഗത്തിലും 2021ലെ മാരകമായ ഡെൽറ്റ തരംഗത്തിലും ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങൾ എങ്ങനെയിരുന്നോ പ്രവർത്തിച്ചിരുന്നത്, ഇപ്പോൾ അതിൽ നിന്ന് ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്നും ഡോ. സൗമ്യ സ്വാമിനാഥൻ ചൂണ്ടിക്കാട്ടി.
അതേസമയം, രാജ്യത്താകെ കഴിഞ്ഞ 24 മണിക്കൂറിനിടെ 358 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. അതിൽ ഭൂരിഭാഗവും കേരളത്തിലാണെന്നതാണ് ആശങ്ക ഉണർത്തുന്ന ഘടകം. നിലവിൽ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 2669 ആണ്.
കൊവിഡ് രോഗ ബാധയ്ക്ക് കാരണമായ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ജെഎന്‍ വൺ രാജ്യത്ത് ഇതുവരെ 21 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. നിതി ആയോഗ് അംഗം (ആരോഗ്യവിഭാഗം) വികെ പോളാണ് ഇക്കാര്യം അറിയിച്ചത്. ഗോവയില്‍ 19 പേര്‍ക്കും മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഓരോത്തര്‍ക്ക് വീതവുമാണ് ഈ വകഭേദം സ്ഥിരീകരിച്ചത്.












Click it and Unblock the Notifications