കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍, 9 ദിവസത്തിനിടെ ഇരട്ടിയായി, പുതിയ 21 ജെഎന്‍ 1 കേസുകള്‍ കൂടി
ന്യൂഡല്‍ഹി: പുതുവത്സരം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഇന്ത്യയില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറില്‍ 614 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെയ് 21ന് ശേഷം 24 മണിക്കൂറില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകളാണിത്. ചൈനയിലും യുഎസ്സിലും പുതിയ കൊവിഡ് വേരിയന്റായ ജെഎന്‍.1 കാരണം കേസുകളില്‍ വന്‍ തോതില്‍ വര്‍ധനയുണ്ടായിരിക്കുകയാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം രാജ്യത്താകെയുള്ള ആക്ടീവ് കേസുകള്‍ 2311 ആയി ഉയര്‍ന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങള്‍ കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ നിന്നുള്ളയാള്‍ക്ക് ജെഎന്‍.1 വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഈ വേരിയന്റ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണിത്. തിരുവനന്തപുരം ജില്ലയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ ആക്ടീവ് കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 938 കേസുകളായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. എന്നാല്‍ ഡിസംബര്‍ പതിനൊന്നിന് ഇത് 1970 ആയി ഉയരുകയായിരുന്നു. ഇതുവരെ രാജ്യത്താകെ 21 ജെഎന്‍.1 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് നീതി ആയോഗ്യ ആരോഗ്യ വിഭാഗം അംഗം ഡോ വികെ പോള്‍ പറഞ്ഞു. നേരത്തെ ഇരുപത് കേസുകളാണ് ആകെ ഉള്ളതെന്ന് ഇന്‍സാകോഗ് പറഞ്ഞിരുന്നു.
റിപ്പോര്‍ട്ട് ചെയ്ത പുതിയ വകഭേദ പ്രകാരമുള്ള കേസുകളില്‍ 18 എണ്ണം ഗോവയിലാണ്. ഒരെണ്ണം കേരളത്തിലും, മറ്റൊന്ന് മഹാരാഷ്ട്രയിലുമായിരുന്നു. നിലവില്‍ 2041 ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. കര്‍ണാടക 79, തമിഴ്‌നാട് 77, മഹാരാഷ്ട്ര 35, ഗോവ 23, പുതുച്ചേരി 20, ഗുജറാത്ത് 12, തെലങ്കാന 9, പഞ്ചാബ് 5, ഡല്‍ഹി 4, ജാര്‍ഖണ്ഡ് 2, മധ്യപ്രദേശ് 2, ഉത്തര്‍പ്രദേശ് 1, ജമ്മു കശ്മീര്‍ 1 എന്നിങ്ങനെയാണ് ആക്ടീവ് കേസുകളുടെ എണ്ണം.
ബെംഗളൂരുവില്‍ രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇവ രണ്ടും രോഗലക്ഷണം പ്രകടമായി കാണിക്കാത്തവരായിരുന്നു. ഡിസംബര്‍ പതിനേഴിന് ഇന്‍ഫ്‌ളുവന്‍സ രോഗലക്ഷണം കാണിച്ചയാളാണ് മരിച്ചത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കൊവിഡ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ അതിനെ നേരിടാനുള്ള നടപടികളും അദ്ദേഹം ചോദിച്ചറിഞ്ഞു.
അതേസമയം ആരും ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ പറഞ്ഞു. അദ്ദേഹം ആശുപത്രികളിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. എല്ലാ സംസ്ഥാനങ്ങളും ജാഗ്രതയോടെയാണ് ഇതിനെ കാണുന്നത്. നിരീക്ഷണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായം ഉറപ്പാക്കും. ജാഗ്രത ഉണ്ടായാല്‍ മാത്രം മതി, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications