'ബംഗാളിൽ സിപിഎമ്മും ബിജെപിയും ബംഗ്ലാദേശിന് സമാനമായ സാഹചര്യം ഉണ്ടാക്കാൻ ശ്രമിക്കുന്നു'; മമത ബാനർജി
കൊൽക്കത്ത: ഏറെ കോളിളക്കം സൃഷ്‌ടിച്ച ട്രെയിനി ഡോക്‌ടറുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന്നിൽ നിന്നും അധികാരം പിടിച്ചെടുക്കാൻ സിപിഎമ്മും ബിജെപിയും ചേർന്ന് ബംഗാളിൽ ബംഗ്ലാദേശിന് സമാനമായ സാഹചര്യം സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നതെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ആരോപിച്ചു.
'പശ്ചിമ ബംഗാളിൽ അധികാരം പിടിച്ചെടുക്കാൻ വേണ്ടി ബംഗ്ലാദേശിലേതിന് സമാനമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് സിപിഐഎമ്മും ബിജെപിയും ശ്രമിക്കുന്നത്' അവർ ഒരു പരിപാടിയിൽ സംസാരിക്കവേ ആരോപിച്ചു. യുവ ഡോക്‌ടറുടെ കൊലപാതകത്തിൽ സംസ്ഥാനത്ത് ഒട്ടാകെ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സിബിഐ അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്‌തു കൊടുക്കുമെന്നും സത്യം തെളിയേണ്ടത് തങ്ങളുടെ കൂടി ആവശ്യമാണെന്നും മമത പറഞ്ഞു. വിഷയത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചെങ്കിലും സംശയാസ്‌പദമായ പ്രചാരണങ്ങളാണ് അഴിച്ചുവിടുന്നതെന്നും അവർ ആരോപിച്ചു.
കൂടാതെ സഖ്യ കക്ഷികളായ കോൺഗ്രസിനെയും സിപിഎമ്മിനേയും മമത കടന്നാക്രമിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പ്രധാന ചോദ്യം. കൂടാതെ ബംഗാളിൽ സിപിഎമ്മിനെ ഭരണകാലത്ത് എത്ര ഹീനമായ കുറ്റകൃത്യങ്ങളാണ് നടന്നിരുന്നതെന്നും അവർ ചോദിച്ചു.
'എനിക്ക് കോൺഗ്രസിനോട് ചോദിക്കാനുണ്ട്, നിങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എത്ര സംഭവങ്ങൾ ഇങ്ങനെ നടന്നിട്ടുണ്ട്... എന്ത് നടപടിയാണ് നിങ്ങൾ സ്വീകരിച്ചത്? സിപിഎമ്മിന്റെ ഭരണത്തിന് കീഴിൽ നിരവധി ഹീനമായ കുറ്റകൃത്യങ്ങൾ നടന്നിരുന്നു, അന്നത്തെ സർക്കാർ നിശബ്‌ദമായിരുന്നു. അന്ന് സോഷ്യൽ മീഡിയയും ഇല്ല, ആളുകൾ അത്ര ബോധവാൻമാരും ആയിരുന്നില്ല' മമത ആരോപിച്ചു.
അടുത്തിടെ അന്തരിച്ച പ്രമുഖ ഇടതുപക്ഷ നേതാവും മുൻ ബംഗാൾ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയെയും അവർ പ്രസംഗത്തിൽ പരാമർശിച്ചു. 2000 മുതൽ 2011 വരെ അദ്ദേഹം അധികാരത്തിലിരുന്നപ്പോൾ ഒരുപാട് ഹീനമായ കുറ്റകൃത്യങ്ങൾ നടന്നുവെന്ന് മമത ബാനർജി എടുത്തു പറയുകയുണ്ടായി.
കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി കൊൽക്കത്തയിലെ വനിതാ ഡോക്‌ടറുടെ ക്രൂരമായ കൊലപാതകത്തിൽ പ്രതികരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് മമതയുടെ മറുപടി. ഇരയ്ക്ക് നീതി ഉറപ്പാക്കുന്നതിന് പകരം കുറ്റവാളിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നായിരുന്നു സംഭവം നടന്ന ആശുപത്രിയേയും പ്രാദേശിക ഭരണകൂടത്തെയും പരാമർശിച്ചു കൊണ്ട് രാഹുൽ ഗാന്ധി ആരോപിച്ചത്.
തന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ച ബിജെപിയെയും മമത ബാനർജി രൂക്ഷമായി വിമർശിച്ചു. തന്നെ എത്ര വേണമെങ്കിലും അധിക്ഷേപിക്കൂ എന്ന് പറഞ്ഞ മമത സോഷ്യൽ മീഡിയയിൽ ആളുകൾ അപവാദ പ്രചരണം നടത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. അതേസമയം, ബംഗാളിൽ ആഭ്യന്തരം, പോലീസ്, ആരോഗ്യ വകുപ്പുകൾ കൈവശം വച്ചിരിക്കുന്ന മമതയ്ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് പല ഭാഗങ്ങളിൽ നിന്നും ഉയരുന്നത്.
കൊൽക്കത്തയിലെ ആർജി കാർ ആശുപത്രിയിലെ സെമിനാർ ഹാളിലാണ് പിജി വിദ്യാർത്ഥിയായ യുവ ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയത്. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ യുവതിയെ ബലാത്സംഗം ചെയ്‌ത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് കണ്ടെത്തിയത്. കേസിൽ കൊൽക്കത്ത പോലീസിലെ സിവിൽ വോളന്റിയർ സഞ്ജയ് റോയിയെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം.












Click it and Unblock the Notifications