വിപ്ലവ സൂര്യന് അവസാനത്തെ ലാൽസലാം; സീതാറാം യെച്ചൂരി അന്തരിച്ചു
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശാസ്വകോശ സംബന്ധമായ രോഗത്തെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയവെയാണ് യെച്ചൂരിയുടെ അന്ത്യം. 72 വയസായിരുന്നു. നേരത്തെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാണെന്നും നിലവിൽ യന്ത്രങ്ങളുടെ സഹായത്തോടെയാണ് ശ്വാസമെടുക്കുന്നതെന്നും ആശുപത്രി ബുള്ളറ്റിൻ വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ കമ്മ്യൂണിസ്‌റ്റുകൾക്ക് ഇടയിലെ സൗമ്യ മുഖവും ഒരു പരിധിവരെ മിതവാദിയും ആയിരുന്നു സീതാറാം യെച്ചൂരി. അടുത്ത കുറച്ചു കാലമായി ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു അദ്ദേഹം. എങ്കിലും സിപിഎം ദേശീയ ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള യെച്ചൂരിയുടെ സേവനങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടുന്നതാണ്.

1992 മുതൽ സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ മെമ്പറായി പ്രവർത്തിച്ചു വരുന്ന വ്യക്തി കൂടിയാണ് സീതാറാം യെച്ചൂരി. നേരത്തെ പശ്ചിമ ബംഗാളിൽ നിന്ന് രാജ്യസഭാ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർലമെന്ററി രംഗത്തും തന്റെ മികവ് തെളിയിച്ചിരുന്നു. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായി അദ്ദേഹം പ്രവർത്തിച്ചു.
ചെന്നൈയിൽ ഒരു തെലുങ്കു കുടുംബത്തിലായിരുന്നു സീതാറാം യെച്ചൂരിയുടെ ജനനം. ആന്ധ്രയിലെ കാക്കിനഡയിൽ നിന്നുള്ളവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. പിതാവ് ആന്ധ്രാപ്രദേശ് സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ എഞ്ചിനീയറും മാതാവ് ഒരു സർക്കാർ ഉദ്യോഗസ്ഥയുമായിരുന്നു. ജെഎൻയു സർവകലാശായിൽ നിന്ന് എംഎ എക്കണോമിക്‌സ് ബിരുദം ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ വ്യക്തിയായിരുന്നു യെച്ചൂരി.
എസ്എഫ്ഐയിലൂടെ ആയിരുന്നു സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. തുടർന്ന് 1975ൽ അദ്ദേഹം സിപിഎമ്മിൽ ചേർന്നു. 1975ലെ അടിയന്തരാവസ്ഥ കാലത്ത് ജെഎൻയു വിദ്യാർത്ഥി ആയിരുന്നു അദ്ദേഹം. പിന്നീട് പടിപടിയായി മേലേക്ക് ഉയർന്നുവന്ന അദ്ദേഹം പ്രകാശ് കാരാട്ടിൽ നിന്ന് സ്ഥാനം ഏറ്റെടുത്ത ശേഷം കഴിഞ്ഞ ഒൻപത് വർഷമായി അദ്ദേഹം തന്നെയാണ് ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നത്.
പലഘട്ടത്തിലും നിർണായക തീരുമാനങ്ങൾ എടുക്കുന്നതിൽ ഒട്ടും മടികാണിക്കാത്ത വ്യക്തി കൂടിയായിരുന്നു സീതാറാം യെച്ചൂരി. 2014ൽ ദേശീയ തലത്തിൽ ബിജെപി അധികാരത്തിൽ എത്തിയ ശേഷം പ്രതിപക്ഷ സഖ്യം, അതും വിശാലമായ രീതിയിൽ കൊണ്ട് വരണമെന്ന ആവശ്യത്തിന്റെ പ്രധാന വക്താവ് ആയിരുന്നു യെച്ചൂരി. ബംഗാളിൽ ഉൾപ്പെടെ കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടാനും യെച്ചൂരിയുടെ ഇടപെടലുണ്ടായി.
ദി വയറിന്റെ എഡിറ്ററും മുമ്പ് ബിബിസി ഹിന്ദി സർവീസിന്റെ ഡൽഹി എഡിറ്ററുമായിരുന്ന സീമ ചിസ്‌തിയെയാണ് യെച്ചൂരി വിവാഹം ചെയ്‌തത്. അതിന് മുൻപ് ഇന്ദ്രാണി മജുംദാറിനെ സീതാറാം യെച്ചൂരി വിവാഹം ചെയ്‌തിരുന്നു. ഈ ബന്ധത്തിൽ അദ്ദേഹത്തിന് ഒരു മകനും മകളുമുണ്ട്.












Click it and Unblock the Notifications