പോലീസ് അനുമതി ലഭിച്ചില്ല: ഡല്‍ഹി സുര്‍ജിത്ത് ഭവനിലെ വി20 പരിപാടി റദ്ദാക്കി സിപിഎം
ന്യൂഡല്‍ഹി: സിപിഎം സുര്‍ജിത് ഭവനില്‍ നടത്തിയ വി20 പരിപാടി റദ്ദാക്കി. ഡല്‍ഹി പോലീസ് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്. വലിയ വിവാദമായ പരിപാടി കൂടിയാണിത്. ഇന്നലെ പോലീസ് വിലക്ക് മറികടന്ന് ഇവിടെ പരിപാടി നടത്തിയിരുന്നു. എന്നാല്‍ ഇന്ന് പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നും, മുന്‍കൂര്‍ പോലീസ് അനുമതി വേണമെന്ന് കോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാണിച്ച് എതിര്‍പ്പറിയിക്കുകയായിരുന്നു.
ഇതോടെ പരിപാടി റദ്ദാക്കുകയായിരുന്നു. ഡല്‍ഹി ഹൈക്കോടതി വിധിയില്‍ നേരത്തെ തലസ്ഥാന നഗരിയിലെ പരിപാടികള്‍ക്ക് അനുമതി തേടണമെന്ന് പറഞ്ഞിരുന്നു.ഇന്ത്യയില്‍ സെപ്റ്റംബര്‍ മാസത്തില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് ബദലായിട്ടാണ് സിപിഎം സഹകരണത്തോടെ വിവിധ സര്‍ക്കാര്‍ ഇതര സംഘടനകള്‍ വി20 ജനകീയ ഉച്ചകോടി എന്ന പരിപാടി സംഘടിപ്പിച്ചത്.

പാര്‍ട്ടിയുടെ ഡല്‍ഹിയിലെ പഠന കേന്ദ്രമായ സുര്‍ജിത് ഭവനില്‍ ഓഗസ്റ്റ് 18നാണ് പരിപാടി ആരംഭിച്ചത്. ബൃന്ദ കാരാട്ട്, ടീസ്ത സെല്‍ല്‍വാദ് അടക്കമുള്ളവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിയുടെ രണ്ടാം ദിനമാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. പരിപാടിക്ക് അനുമതിയില്ലെന്ന് കാണിച്ച് പോലീസ് തടയുകയായിരുന്നു. സുര്‍ജിത്ത് ഭവന്റെ പ്രധാന കവാടം പോലീസ് പൂട്ടുകയും ചെയ്തു. ആരെയും അകത്തേക്ക് കടത്തില്ലെന്നും പോലീസ് നിലപാടെടുത്തു.
അതേസമയം സര്‍ക്കാര്‍ നിലപാടിനോട് എതിര്‍പ്പുള്ളവരുടെ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് ഡല്‍ഹി പോലീസില്‍ നിന്നുണ്ടായതെന്ന് സിപിഎം പറഞ്ഞു. രാവിലെ പത്തരയോടെയാണ് പരിപാടി ആരംഭിച്ചത്. പതിനൊന്ന് മണിയോടെ തന്നെ സുര്‍ജിത്ത് ഭവന്‍ ബാരിക്കേഡ് വെച്ച് പോലീസ് പൂട്ടുകയായിരുന്നു. ആരെയും കടത്തിവിടില്ലെന്നും അറിയിച്ചു. സെമിനാര്‍ നിര്‍ത്തണമെന്ന് പോലീസ് അറിയിച്ചു.
എന്നാല്‍ സെമിനാര്‍ തുടര്‍ന്നിരുന്നു. പോലീസ് സാന്നിധ്യത്തിലാണ് പരിപാടി നടന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്, ജെഡിയു നേതാവ് അനില്‍ ഹെഗ്‌ഡെ എന്നിവര്‍ പരിപാടിക്കായി ഇവിടെ എത്തിയിരുന്നു.ഒരേസമയം വിവിധ സെഷനുകള്‍ സുര്‍ജിത്ത് ഭവനില്‍ നടന്നിരുന്നു. എല്ലാം വിവിധ വിഷയങ്ങളിലായിരുന്നു. പാര്‍ട്ടി ഓഫീസിനകത്ത് നടക്കുന്ന പരിപാടികളില്‍ അനുമതി തേടാറില്ല. പോലീസ് നടപടി അതുകൊണ്ട് വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്.
പരിപാടിയില്‍ സംസാരിക്കാനെത്തിയവരും, പങ്കെടുക്കാന്‍ എത്തിയവരും പോലീസുമായി വാക്കേറ്റവുമുണ്ടായി. പരിസ്ഥിതി വിഷയത്തിലാണ് ജയറാം രമേശ് സംസാരിക്കാനെത്തിയത്. ജി20യും ഇന്ത്യയും അധ്യക്ഷതയും ആരുടെ താല്‍പര്യം, പാരിസ്ഥിതിക അവകാശങ്ങല്‍ ശരിയോ തുടങ്ങിയ വിഷയങ്ങളിലായിരുന്നു സെമിനാര്‍. നേരത്തെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെയുള്ള പോലീസ് സാന്നിധ്യം കുറച്ചിരുന്നു.












Click it and Unblock the Notifications