മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും ജയിലിലടച്ചാലും സത്യം മൂടിവെക്കാനാകില്ല; സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യത്തെ മൂടിവെക്കാന്‍ സാധിക്കില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഭീഷണികളുണ്ടായി എന്ന ട്വിറ്റര്‍ മുന്‍ സി ഇ ഒ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്താലത്തില്‍ ആണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിനായി അതിക്രൂരമായ രീതിയാണ് അവലംബിക്കുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. വിയോജിപ്പുകളെ ഭയപ്പെടുത്തുകയും മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും അവരെ അധിക്ഷേപിക്കുകയും ചെയ്യുകയാണ്. തെറ്റായ കാരണങ്ങള്‍ പറഞ്ഞ് അവരെ ജയിലിലടക്കുകയും ചെയ്യുന്നു എന്ന് യെച്ചൂരി പറഞ്ഞു.

എന്നാല്‍ മോദി സര്‍ക്കാരിന്റെ ഒരു നിഷേധത്തിനും മാധ്യമ ഉള്ളടക്കത്തിന്റെ സത്യത്തെ അവ്യക്തമാക്കാന്‍ കഴിയില്ല എന്ന് സീതാറാം യെച്ചൂരി പറഞ്ഞു. നിഷേധങ്ങളും ഭീഷണിയുമാണ് മോദി സര്‍ക്കാരിന്റെ ശൈലി എന്നും കര്‍ഷകരുടെ ഐതിഹാസികമായ സമരത്തെ ലാത്തിചാര്‍ജ് കൊണ്ടും മറ്റും എങ്ങനെയാണ് ഈ സര്‍ക്കാര്‍ നേരിട്ടത് എന്ന് നാം കണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.
ഒടുവില്‍ നരേന്ദ്ര മോദിക്ക് പിന്‍വാങ്ങേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം കേരളത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്ത പശ്ചാത്തലത്തിലാണ് സീതാറം യെച്ചൂരിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങളോട് സീതാറാം യെച്ചൂരി ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനിടെ സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പ്രചാരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ഈ പ്രസ്താവനയില്‍ വിശദീകരണവുമായി എംവി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. ആടിനെ പട്ടിയാക്കുന്ന സമീപനമാണു മാധ്യമങ്ങള്‍ സ്വീകരിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
ക്രിമിനല്‍ ഗൂഢാലോചന നിയമത്തിന്റെ മുന്നില്‍ കൃത്യമായി വരേണ്ടതാണ് എന്നാണ് താന്‍ പറഞ്ഞത് എന്ന് ഗോവിന്ദന്‍ പറഞ്ഞു. അത് പത്രപ്രവര്‍ത്തകയാണെങ്കിലും രാഷ്ട്രീയക്കാരാണെങ്കിലും എന്നു മാത്രമാണു താന്‍ പറഞ്ഞതെന്നും അതിനപ്പുറം ചേര്‍ത്തതെല്ലാം തന്റെ പേരില്‍ ഉന്നയിച്ച തെറ്റായ വാദങ്ങളാണ് എന്നും അദ്ദേഹം വിശദീകരിച്ചു. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്നു താന്‍ പറഞ്ഞെന്നു പ്രചരിപ്പിച്ചാല്‍ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ സര്‍ക്കാര്‍ വിരുദ്ധ, എസ് എഫ് ഐ വിരുദ്ധ പ്രചാരണവുമായി മാധ്യമങ്ങളുടെ പേരും പറഞ്ഞു നടന്നാല്‍ ഇനിയും കേസില്‍ ഉള്‍പ്പെടുത്തും എന്നായിരുന്നു ഗോവിന്ദന്‍ പറഞ്ഞത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ എഴുതാത്ത പരീക്ഷ വിജയിച്ചതായി വെബ്‌സൈറ്റിലുള്ളത് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്തത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കവെയായിരുന്നു വിവാദ പരാമര്‍ശം.












Click it and Unblock the Notifications