ഇന്ത്യക്കും കോണ്‍ഗ്രസിനും ഇടയില്‍ വിള്ളല്‍ വീണുവെന്ന് തോന്നുന്നു: ആത്മപരിശോധന വേണമെന്ന് മനീഷ് തിവാരി
ദില്ലി: സ്വയം ആത്മപരിശോധന നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് മുതിർന്ന നേതാവ് മനീഷ് തിവാരി എംപി. ഇന്ത്യക്കും കോണ്‍ഗ്രസിനും ഇടയില്‍ വിള്ളല്‍ ഉണ്ടായെന്നാണ് തനിക്ക് തോന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുലാംനബി ആസാദ് പാർട്ടി വിട്ട സാഹചര്യത്തിലായിരുന്നു മനീഷ് തിവാരിയുടെ പ്രതികരണം.
സംഘടനാപരമായ മാറ്റങ്ങൾ ആവശ്യപ്പെട്ട് രണ്ട് വർഷം മുമ്പ് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 പ്രമുഖ കോൺഗ്രസ് നേതാക്കളിൽ തിവാരിയും ഉൾപ്പെട്ടിരുന്നു. നേതൃത്വത്തിനെതിരെ നേരത്തേയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമർശനം ഉന്നയിച്ചിരുന്നു.

"രണ്ട് വർഷം മുമ്പ് ഞങ്ങള്‍ 23 പേർ സോണിയാ ഗാന്ധിക്ക് കത്തെഴുതി. പാർട്ടിയുടെ സ്ഥിതി ആശങ്കാജനകമാണെന്നും അത് ഗൗരവമായി കാണണമെന്നും കത്തിന് ശേഷം നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പരാജയപ്പെട്ടു. കോൺഗ്രസും ഇന്ത്യയും ഒരുപോലെ ചിന്തിക്കണം, അവരിൽ ആരെങ്കിലും വ്യത്യസ്തമായി ചിന്തിക്കാൻ തുടങ്ങിയെന്ന് തോന്നുന്നു."- വാർത്താ ഏജൻസിയായ എഎൻഐയോട് മനീഷ് തിവാരി പറഞ്ഞു.
അനുപമേ.. അഴകേ.. ; വെള്ളയില്‍ തിളങ്ങി അനുപമ പരമേശ്വരന്‍, വൈറലായി ചിത്രങ്ങള്‍

"1885 മുതല്‍ ഇന്ത്യയും കോൺഗ്രസും തമ്മിലൊരു ഏകോപനം ഉണ്ടായിരുന്നു. അതില്‍ ഇപ്പോള്‍ വിള്ളൽ വീണതായി തോന്നുന്നു. ഒരു ആത്മപരിശോധന ആവശ്യമാണ്. 2020 ഡിസംബർ 20 ന് സോണിയാ ഗാന്ധിയുടെ വസതിയിൽ നടന്ന യോഗത്തിന്റെ സമവായം നടപ്പിലാക്കിയിരുന്നെങ്കിൽ, ഈ അവസ്ഥ വരില്ലായിരുന്നു''- രണ്ട് വർഷം മുമ്പ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ യോഗത്തെ പരാമർശിച്ച് പഞ്ചാബിലെ ആനന്ദ്പൂർ സാഹിബില്‍ നിന്നുള്ള ലോക്സഭ എംപി പറഞ്ഞു.

ഗുലാംനബി ആസാദ് എഴുതിയ കത്തിന്റെ മെറിറ്റുകളിലേക്ക് പോകാൻ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതേകുറിച്ച് വിശദീകരിക്കാന്‍ ഏറ്റവും നല്ലത് അദ്ദേഹം തന്നെയായിരിക്കും. എന്നാൽ ഒരു വാർഡ് തിരഞ്ഞെടുപ്പിനെ നേരിടാൻ ശേഷിയില്ലാത്ത ആളുകൾ കോൺഗ്രസ് നേതാക്കള്‍ക്ക് വേണ്ടി സംസാരിക്കുന്നു എന്നത് വിചിത്രമാണ്. ഇത് ചിരിപ്പിക്കുന്ന കാര്യമാണെന്നും മനീഷ് തിവാരി വ്യക്തമാക്കി.

42 വർഷമായി താൻ കോൺഗ്രസുകാരനാണെന്നും തനിക്ക് ആരുടേയും സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. "ഞങ്ങൾക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. 42 വർഷം ഞാൻ ഈ പാർട്ടിക്ക് നൽകിയിട്ടുണ്ട്. ഞാൻ ഇത് മുമ്പ് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ ഈ സ്ഥാപനത്തിന്റെ (കോൺഗ്രസ്) കുടിയാന്മാരല്ല, ഞങ്ങൾ അംഗങ്ങളാണ്, ഇപ്പോൾ നിങ്ങൾ ഞങ്ങളെ പുറത്താക്കാൻ ശ്രമിച്ചാൽ , അത് മറ്റൊരു വിഷയമാണ്," അദ്ദേഹം പറഞ്ഞു.

മുതിർന്ന നേതാക്കളുടെ വാക്കുകള്‍ ഹൈക്കമാൻഡ് ശ്രദ്ധിക്കുന്നില്ലെന്നും ചില ഉപജാപ സംഘങ്ങളുടെ പിറകെ പോകുന്നുവെന്നും മനീഷ് തിവാരി ആരോപിച്ചു. "ബാലിശമായ പെരുമാറ്റം", "പക്വതയില്ലായ്മ", "അനുഭവപരിചയമില്ലാത്ത ഉപജാപസംഘം''- തുടങ്ങിയ രൂക്ഷമായ വിമർശനായിരുന്നു തന്റെ രാജിക്കത്തില്‍ ഗുലാംനബി ആസാദ് വ്യക്തമാക്കിയത്.

രാഹുൽ ഗാന്ധി നേതൃത്വത്തിലേക്ക് വന്നതിന് ശേഷം ഈ പാർട്ടിയിൽ നിലനിന്നുപോന്ന മുഴുവൻ കൂടിയാലോചനാ സംവിധാനങ്ങളും തകർത്തെറിയപ്പെട്ടു. എല്ലാ മുതിർന്ന, പരിചയസമ്പന്നരായ നേതാക്കളും മാറ്റിനിർത്തപ്പെട്ടു, ഒട്ടും പരിചയമികവില്ലാത്ത ഒരു പുതിയ കൂട്ടം ആൾക്കാർ പാർട്ടിയുടെ കാര്യങ്ങൾ നടത്താൻ തുടങ്ങിയെന്നും ആസാദ് രാജിക്കത്തില്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications