ഇങ്ങനൊരു മോശം അനുഭവമുണ്ടായിട്ടില്ല, വിസ്താര എയര്‍ലൈന്‍സിനെതിരെ ഇര്‍ഫാന്‍ പഠാന്‍, ട്വീറ്റ് വൈറല്‍
ദില്ലി: ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍ പൊതുവേ സൗമ്യനാണ്. താരം അധികം ദേഷ്യപ്പെട്ട് കണ്ടിട്ടുമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഒരു ട്വീറ്റാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. വിസ്താര എയര്‍ലൈന്‍സിനെതിരെയായിരുന്നു ട്വീറ്റ്. തനിക്ക് വളരെ മോശം അനുഭവമാണ് വിസ്താരയില്‍ നിന്നുണ്ടായതെന്ന് ഇര്‍ഫാന്‍ പറയുന്നു.
മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്കിടെയാണ് മോശം കാര്യങ്ങള്‍ സംഭവിച്ചതെന്ന് ഇര്‍ഫാന്‍ വെളിപ്പെടുത്തി. താനും ഭാര്യയും കുട്ടികളും അടക്കം ഒരു മണിക്കൂറോളം കൗണ്ടറില്‍ കാത്തിരിക്കാന്‍ നിര്‍ബന്ധിതനായെന്നും ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തു.

താരത്തിന്റെ ട്വീറ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്. വിസ്താര എയര്‍ലൈന്‍സിന്റെ ഗ്രൗണ്ട് സ്റ്റാഫിന്റെ പെരുമാറ്റം വളരെ മോശമായിരുന്നുവെന്നും ഇര്‍ഫാന്‍ പഠാന്‍ പറയുന്നു. ഇന്ന് ഞാന്‍ ദുബായിലേക്ക് വിസ്താരയുടെ യുകെ 201 ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ചെക് ഇന്‍ കൗണ്ടറില്‍ പക്ഷേ എനിക്ക് നേരിട്ടത് വളരെ മോശം അനുഭവമാണ്.

എന്റെ ടിക്കറ്റ് ക്ലാസ് അവര്‍ യാതൊരു അറിയിപ്പും നല്‍കാതെ മാറ്റി. മുന്‍കൂട്ടി ബുക്ക് ചെയ്ത സീറ്റിംഗാണ് അവര്‍ മാറ്റിയത്. അതെങ്ങനെയാണ് സാധ്യമാകുക. ഒന്നര മണിക്കൂര്‍ പ്രശ്‌നപരിഹാരത്തിനായി കൗണ്ടറില്‍ താന്‍ കാത്തിരിക്കാന്‍ നിര്‍ബന്ധിതനായെന്നും ഇര്‍ഫാന്‍ ട്വീറ്റില്‍ പറഞ്ഞു.തന്നെ മാത്രമല്ല, ഇത് ഭാര്യയെയും എട്ട് മാസം മാത്രമുള്ള എന്റെ കുഞ്ഞിനെയും അഞ്ച് വയസ്സുള്ള കുട്ടിയെയും ഇത് ബാധിച്ചുവെന്നും, അവരും ഇത് അനുഭവിക്കേണ്ടി വന്നുവെന്നും ഇര്‍ഫാന്‍ പറയുന്നു.

ഇക്കാര്യം വിസ്താര ശ്രദ്ധിച്ചിട്ടുണ്ടാവും. അവര്‍ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഇര്‍ഫാന്‍ പറഞ്ഞു. വിസ്താരയുടെ ഗ്രൗണ്ട് സ്റ്റാഫ് വളരെ പരുഷമായിട്ടാണ് പെരുമാറിയത്. പല പല ഒഴിവു കഴിവുകള്‍ അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. മറ്റ് ചില യാത്രക്കാര്‍ക്കും ഇതേ അവസ്ഥ നേരിടേണ്ടി വന്നു. എന്തുകൊണ്ടാണ് അനാവശ്യമായി ഉള്ളതിലും കൂടുതല്‍ ടിക്കറ്റ് അവര്‍ വിറ്റതെന്ന് എനിക്ക് മനസ്സിലാവുന്നില്ലെന്നും ഇര്‍ഫാന്‍ പറയുന്നു.

കളിക്കാന്‍ ടീമില്‍ ഇടമില്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് വിട പറയാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇത്തരത്തില്‍ കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കാന്‍ അവര്‍ക്ക് മാനേജ്‌മെന്റ് എങ്ങനെയാണ് അനുമതി നല്‍കിയത്. അധികൃതര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് കരുതുന്നു. എനിക്കിങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ല. ഇനി ആര്‍ക്കും അതുപോലൊന്ന് വരാതിരിക്കാന്‍ നടപടി ആവശ്യമാണെന്നും ഇര്‍ഫാന്‍ പറഞ്ഞു. അതേസമയം നിരവധി പേര്‍ താരത്തിന് പിന്തുണച്ച് അറിയിച്ചു.

ഇത് വിസ്താരയില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ ചോപ്ര വിസ്താരയെ ടാഗ് ചെയ്ത് കുറിച്ചത്. അതേസമയം ഇതുവരെയും സംഭവത്തില്‍ വിസ്താര പ്രതികരിച്ചിട്ടില്ല. ഇര്‍ഫാനോടും മറ്റ് യാത്രക്കാരോടും കമ്പനി മാപ്പുപറയണമെന്ന ആവശ്യവും ശക്തമാണ്.












Click it and Unblock the Notifications