നിർണായക ജിഎസ്‌ടി കൗൺസിൽ യോഗം സെപ്റ്റംബർ 12ന്; മൊബൈൽ ഫോണുകളുടെ നികുതി കുറച്ചേക്കും!
ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ ജിഎസ്‌ടി നിരക്ക് നിലവിലെ 18 ശതമാനത്തിൽ നിന്ന് കുറയ്ക്കുന്ന കാര്യം സെപ്റ്റംബർ 12ന് ചേരുന്ന നിർണായക കൗൺസിൽ യോഗം പരിഗണിച്ചേക്കും. മൊബൈൽ ഫോൺ വിപണിയിലെ ഡിമാൻഡ് കുറയുന്ന സാഹചര്യത്തിലാണ് നികുതി കുറയ്ക്കാനുള്ള നിർദ്ദേശം പരിഗണിക്കുന്നത്. നികുതി കുറച്ചാൽ മൊബൈൽ ഫോണുകളുടെ വില കുറയാനും വിൽപ്പന വർധിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
374 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജിഎസ്‌ടി കൗൺസിൽ വീണ്ടും യോഗം ചേരുന്നത്. കഴിഞ്ഞ യോഗത്തിൽ പ്രധാനമായും ജിഎസ്‌ടി നിരക്കുകൾ പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു ചർച്ച ചെയ്‌തത്. എന്നാൽ ഇത്തവണ ബിസിനസുകൾക്ക് ജിഎസ്‌ടി നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും നികുതി അനുസരണവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനുമാണ് കൂടുതൽ പ്രാധാന്യം നൽകാൻ സാധ്യത.

മൊബൈൽ ഫോണുകളുടെ നികുതി കുറയ്ക്കുന്നതിന് പുറമെ ജിഎസ്‌ടിയുമായി ബന്ധപ്പെട്ട മറ്റ് നിരവധി വിഷയങ്ങളും യോഗത്തിൽ പരിഗണിച്ചേക്കും. ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കൗൺസിലിന്റെ പരിഗണനയിൽ വരും. ഉൽപ്പന്നം നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്‌തുക്കൾക്കും മറ്റ് ഇൻപുട്ടുകൾക്കും നൽകുന്ന ജിഎസ്‌ടി അന്തിമ ഉൽപ്പന്നത്തിന് ഈടാക്കുന്ന നികുതിയേക്കാൾ കൂടുതലാകുന്ന ഇൻവേർട്ടഡ് ഡ്യൂട്ടി സ്ട്രക്ച്ചർ ഇതിൽ പ്രധാന വിഷയമാണ്.
യഥാർഥമായി സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് നഷ്‌ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള നടപടികളും കൗൺസിൽ പരിഗണിച്ചേക്കും. വിതരണക്കാരൻ പിന്നീട് തനിക്ക് ലഭിച്ച നികുതി സർക്കാരിലേക്ക് അടയ്ക്കാതിരുന്നാൽ, നേരത്തെ നിയമാനുസൃതമായി സാധനങ്ങൾ വാങ്ങിയ ഉപഭോക്താവിന് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ട്. ഇത്തരത്തിലുള്ള യഥാർഥ നികുതിദായകരുടെ താൽപര്യം സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താനാണ് കൗൺസിൽ ശ്രമിക്കുന്നത്.
ജിഎസ്‌ടി ഭരണസംവിധാനം കൂടുതൽ സാങ്കേതികവിദ്യ അധിഷ്‌ഠിതമാക്കുന്നതിനുള്ള നിർദേശങ്ങളും യോഗത്തിൽ ചർച്ചയായേക്കും. ജിഎസ്‌ടിഎൻ, ഇ-ഇൻവോയ്‌സിങ് തുടങ്ങിയ സംവിധാനങ്ങളിൽ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് റിസ്‌ക് അടിസ്ഥാനമാക്കിയുള്ള ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ നികുതി റീഫണ്ട് നടപടികൾ വേഗത്തിലാക്കുന്നതും പരിഗണനയിലുണ്ട്. ഇതിലൂടെ റീഫണ്ട് ലഭിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കാനും ഉദ്യോഗസ്ഥരുടെ ഇടപെടൽ ആവശ്യമായ കേസുകളുടെ എണ്ണം കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
കമ്പൻസേഷൻ സെസും പരിഗണനയിൽ
കെട്ടിക്കിടക്കുന്ന കമ്പൻസേഷൻ സെസുമായി ബന്ധപ്പെട്ട വിഷയവും സെപ്റ്റംബർ 12ലെ ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ പരിഗണിച്ചേക്കും എന്നാണ് വിവരം. കൂടാതെ മൊബൈൽ ഫോണുകളുടെ ജിഎസ്‌ടി നിരക്ക് കുറയ്ക്കുന്നതിന് പുറമെ ജിഎസ്‌ടി സംവിധാനത്തിലെ നിരവധി നടപടിക്രമങ്ങളും നികുതി സംബന്ധമായ തർക്കങ്ങളും യോഗത്തിൽ ചർച്ചയാകാൻ സാധ്യതയുണ്ട്.
ബിസിനസുകൾക്ക് ജിഎസ്‌ടി സംവിധാനം എളുപ്പമാക്കുക, സ്ഥാപനങ്ങളുടെ പ്രവർത്തന മൂലധനം കൂടുതൽ വേഗത്തിൽ ലഭ്യമാക്കുക, ആവർത്തിച്ച് ഉണ്ടാകുന്ന നികുതി തർക്കങ്ങൾ കുറയ്ക്കുക എന്നിവയാണ് ഇത്തവണത്തെ യോഗത്തിലെ പ്രധാന ലക്ഷ്യങ്ങളായി കണക്കാക്കുന്നത്. ഒപ്പം മൊബൈൽ ഫോണുകളുടെ ജിഎസ്‌ടി കുറയ്ക്കാനുള്ള നിർദേശം അംഗീകരിക്കപ്പെടുകയാണെങ്കിൽ ഉപഭോക്താക്കൾക്കും മൊബൈൽ ഫോൺ വിപണിക്കും അത് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications