മൂടിക്കെട്ടിയ ആകാശം, ആടിയുലഞ്ഞ് ലാൻഡിംഗ്; ചെന്നൈ എയർപോർട്ടിൽ ഇൻഡിഗോ വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ചെന്നൈ: ഫെഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്ന് മോശം കാലാവസ്ഥ വെല്ലുവിളിയായിരുന്ന സമയത്ത് സാഹസിക ലാൻഡിങ്ങിന് ശ്രമിച്ച ഇൻഡിഗോ വിമാനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. തമിഴ്‌നാടിന്റെ വടക്കൻ ജില്ലകളിലും പുതുച്ചേരിയിലെ ചില ജില്ലകളിലും ചുഴലിക്കാറ്റ് വ്യാപകമായ നാശ നഷ്‌ടങ്ങൾ സൃഷ്‌ടിച്ചതിന് പിന്നാലെ ശനിയാഴ്‌ച നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്.
ശക്തമായ മാറ്റും മൂടിക്കെട്ടിയ കാലാവസ്ഥയും മൂലം എയർപോർട്ടിൽ ലാൻഡിംഗ് ദുഷ്‌കരമായ വേളയിലാണ് ഇൻഡിഗോ വിമാനം പറന്നിറങ്ങാൻ ശ്രമം നടത്തിയത്. എന്നാൽ പൈലറ്റിന്റെ സംയമനം ഒന്ന് കൊണ്ട് മാത്രമാണ് തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എതിർദിശയിൽ വീശുന്ന കാറ്റും കാഴ്‌ചക്കുറവും മൂലം വിമാനത്താവള പരിസരം ബുദ്ധിമുട്ടുന്ന വേളയിലാണ് സാഹസിക ലാൻഡിംഗ് ശ്രമത്തിന്റെ വീഡിയോ പുറത്തുവരുന്നത്.

ഇന്നലെ ഉച്ചയോടെയാണ് ഇൻഡിഗോ വിമാനം ലാൻഡിംഗ് ശ്രമം നടത്തിയത്. വേഗത്തിൽ പറന്നിറങ്ങിയ വിമാനം റൺവേയിലേക്ക് സാധാരണ രീതിയിലാണ് എത്തുന്നത്. എന്നാൽ പൊടുന്നനെ ഇവിടെ ഉണ്ടായിരുന്ന കാറ്റ് വിമാനത്തെ സ്വാധീനിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. നിലം തൊട്ടപ്പോഴേക്കും വിമാനം ഒരു ഭാഗത്തേക്ക് ചെരിയുന്നതും വീഡിയോയിൽ കാണാമായിരുന്നു.
എന്നാൽ പെട്ടെന്ന് തന്നെ വിമാനം റൺവേയിൽ ഇറക്കാതെ പൈലറ്റ് ആകാശത്തേക്ക് പറക്കുകയായിരുന്നു. ഈ ടേക്ക് ഓഫ് ദൃശ്യങ്ങൾ ഉൾപ്പെടെ കാഴ്ച്ചക്കാരിൽ ഭീതി പടർത്തുകയുണ്ടായി. കനത്ത മഴയെ തുടർന്ന് റൺവേയിൽ തളംകെട്ടി നിന്ന വെള്ളവും സ്ഥിതി ദുഷ്‌കരമാക്കിയിരുന്നു. എങ്കിലും ഭാഗ്യവശാൽ കൂടുതൽ അപകടങ്ങൾ ഒന്നും കൂടാതെ വിമാനം പറന്നുയരുകയായിരുന്നു.
സംഭവത്തിന് പിന്നാലെ കടുത്ത വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ഉയരുന്നത്. മുൻകൂട്ടി അറിയാവുന്ന ഇത്രയും വലിയൊരു കാലാവസ്ഥാ സാഹചര്യം മനസിലാക്കി വിമാനങ്ങളുടെ പ്രവർത്തനം നിശ്ചയിക്കാൻ എന്ത് കൊണ്ട് കഴിയുന്നില്ലെന്നാണ് ചോദ്യം. മാത്രമല്ല മോശം കാലാവസ്ഥയിൽ വിമാനത്തിന് ലാൻഡിംഗ് നിർദ്ദേശം നൽകിയത് ആരാണെന്നും ചോദ്യം ഉയരുന്നുണ്ട്.
അതേസമയം, ഫെഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്ന് ഇന്നലെ അടച്ചിട്ട വിമാനത്താവളം ഇന്ന് പുലർച്ചെ നാല് മണിക്കാണ് തുറന്ന് പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനത്ത് വിവിധ മേഖലകളിൽ കനത്ത നഷ്‌ടവും ആൾനാശവും വിതച്ചുകൊണ്ടാണ് ഫെഞ്ചൽ കരതൊട്ടത്. പുതുച്ചേരി, തമിഴ്‌നാട് തീരങ്ങളിലൂടെ കരകയറിയ ഫെഞ്ചൽ ചുഴലിക്കാറ്റ് കനത്ത മഴയ്ക്കും വഴിയൊരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications