സൈറസ് മിസ്ത്രിയുടെ മരണം: അപകടത്തിന് 5 സെക്കന്റ് മുമ്പുവരെ വാഹനം 100 കി.മി വേഗതയില്‍
ദില്ലി: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് പാല്‍ഘര്‍ പോലീസിന് സമര്‍പ്പിച്ചു. അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുമ്പ് വാഹനം മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് കമ്പനി അറിയിച്ചു. കൂടാതെ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസും ( ആര്‍ ടി ഒ ) തങ്ങളുടെ പ്രാഥമിക റിപ്പോര്‍ട്ടും പോലീസിന് സമര്‍പ്പിച്ചിട്ടുണ്ട്.
സൈറസ് മിസ്ത്രി മറ്റ് മൂന്ന് പേര്‍ക്കൊപ്പം മെഴ്സിഡസ് ബെന്‍സ് കാറില്‍ പോകുമ്പോള്‍ ഡ്രൈവര്‍ അനാഹിത പണ്ടോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മരിച്ച സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പണ്ടോളും സംഭവം നടക്കുമ്പോള്‍ പിന്‍സീറ്റിലായിരുന്നു .

അതേസമയം, കാര്‍ ഓടിച്ചിരുന്ന അനാഹിത പണ്ടോളിനെയും മുന്‍ സീറ്റില്‍ ഇരുന്ന ഡാരിയസ് പണ്ടോളിനെയും അപകടത്തില്‍ പരിക്കേല്‍ക്കുകയും തുടര്‍ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അപകടം സംഭവിക്കുന്നതിന് അഞ്ച് സെക്കന്‍ഡ് മുമ്പ്, വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. ഡ്രൈവര്‍ ബ്രേക്ക് ചവിട്ടി കൂട്ടിയിടിച്ചതോടെ വേഗത 89 കിലോമീറ്ററായി കുറഞ്ഞതായി കമ്പനി അറിയിച്ചു.
ദേ..നോക്കിയേ..എന്നാ ക്യൂട്ടാ ഈ കൊച്ച്: അനുപമയുടെ വൈറൽ ചിത്രങ്ങൾ
ഇതിനിടെ , 100 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ ഓടിക്കുമ്പോള്‍ ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയോ അതോ അതിനുമുമ്പ് ബ്രേക്ക് പ്രയോഗിച്ചോ എന്ന് പോലീസ് കമ്പനിയോട് ചോദിച്ചു. എത്ര തവണ ബ്രേക്ക് ചവിട്ടിയെന്നും പൊലീസ് കമ്പനിയോട് ചോദിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി, അപകടത്തില്‍പ്പെട്ട വാഹനം മെഴ്സിഡസ് കമ്പനി സെപ്റ്റംബര്‍ 12 ന് ഷോറൂമിലേക്ക് കൊണ്ടുപോകും. ഇതിന് ശേഷം ഹോങ്കോങ്ങില്‍ നിന്നുള്ള സംഘം കാര്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കും .
ഹോങ്കോങ്ങില്‍ നിന്നുള്ള സംഘം വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്, അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ലഭിച്ചില്ലെങ്കില്‍, ഇന്ത്യയില്‍ നിന്നുള്ള സംഘം വാഹനം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കും. അതേസമയം, അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ ആകെ നാല് എയര്‍ബാഗുകള്‍ വിന്യസിച്ചിരുന്നതായി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് (ആര്‍ ടി ഒ) റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നാല് എയര്‍ബാഗുകളും വാഹനത്തിന്റെ മുന്‍വശത്തായിരുന്നു.
തുറന്ന നാല് എയര്‍ബാഗുകളില്‍ ഡ്രൈവറുടെ തലയ്ക്ക് മുന്നില്‍ ഒന്ന്, ഡ്രൈവറുടെ കാല്‍മുട്ടിന് സമീപമുള്ള ഒരു എയര്‍ബാഗ്, ഡ്രൈവറുടെ തലയ്ക്ക് മുകളില്‍ തുറന്ന ഒരു കര്‍ട്ടന്‍ എയര്‍ബാഗ്, മുന്‍വശത്തുള്ള യാത്രക്കാരുടെ സീറ്റിന് മുന്നില്‍ തുറന്ന ഒരു എയര്‍ബാഗ് എന്നിവയാണിതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം, സൈറസ് മിസ്ത്രിയുടെ മരണം രാജ്യത്താകെയാകെ ഞെട്ടിച്ചിരുന്നു. ഇതിന് ശേഷം പുറകില്‍ ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പുറകിലിരിക്കുന്ന യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് മൂന്ന് ദിവസത്തിനുള്ളില്‍ പുറത്തിറങ്ങുമെന്നാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത്.
വീഴ്ച വരുത്തുന്നവര്‍ക്കും ഈ നിയമം ലംഘിക്കുന്നവര്‍ക്കും പിഴ ചുമത്തുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. 2012 നും 2016 നും ഇടയില്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന സൈറസ് മിസ്ത്രി ഞായറാഴ്ചയാണ് മുംബൈ-അഹമ്മദാബാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. മിസ്ത്രിയും മറ്റ് മൂന്ന് പേരും ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് പോവുകയായിരുന്ന പാല്‍ഘര്‍ ജില്ലയിലാണ് അപകടമുണ്ടായത്.












Click it and Unblock the Notifications