പ്രായം വെറും 18, കരുക്കൾ നീക്കി ഗുകേഷ് നേടിയത് കോടികൾ; സ്വന്തമായി ബെൻസ് കാർ, ആസ്‌തി എത്ര?
ചെന്നൈ: ലോക ചെസ് ചമ്പ്യൻഷിപ്പിൽ ചരിത്രവിജയം നേടി ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ പ്രതിഭയാണ് ഡി ഗുകേഷ്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ലോക ചാമ്പ്യൻ എന്ന പട്ടമാണ് ഗുകേഷിനെ തേടിയെത്തിയത്. നിലവിലെ ചാമ്പ്യനായ ചൈനീസ് താരമായ ഡിംഗ് ലിറനെയാണ് പതിനെട്ടുകാരനായ ഗുകേഷ് പരാജയപ്പെടുത്തിയത്. 14 മത്സരങ്ങൾ അടങ്ങിയ ലോക ചാമ്പ്യൻഷിപ്പിൽ അവസാന മത്സരത്തിലായിരുന്നു ത്രില്ലർ പോരാട്ടത്തിന് ഒടുവിൽ ഗുകേഷിന്റെ വിജയം.
ഗുകേഷിന്റെ ജയത്തിന് മാറ്റുകൂട്ടുന്നത് മറ്റൊരു കാര്യം കൂടിയാണ്. 1985ൽ തന്റെ 22-ാം വയസിൽ ലോക ചാമ്പ്യൻഷിപ്പ് നേടിയ ഇതിഹാസ താരം ഗാരി കാസ്‌പറോവിനെയാണ് ഗുകേഷ് മറികടന്നത്. ഇതോടെ ഇന്ത്യയിലെ ചെസ് പ്രേമികൾക്ക് ഗുകേഷ് റോൾ മോഡൽ ആയിരിക്കുകയാണ്. ചെറുപ്രായം തൊട്ട് തന്നെ ചെസിൽ താൽപര്യം കാട്ടിയിട്ടുള്ള ഗുകേഷ് ഭാവി വാഗ്‌ദാനം കൂടിയാണ്.

എന്നാൽ കിരീട വിജയത്തിന് പിന്നാലെ ചർച്ചയാവുന്നത് താരത്തിന്റെ സമ്പാദ്യത്തെ കുറിച്ചുള്ള വാർത്തകളാണ്. ലോക ചാമ്പ്യൻഷിപ്പ് വിജയം ഗുകേഷിന്റെ ആസ്‌തിയിൽ വൻ വർധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രാദേശിക ടൂർണമെന്റുകളിലും, ദേശീയ തലത്തിലെ മത്സരങ്ങളിലും വിജയിച്ചു നേടിയതിന്റെ എത്രയോ ഇരട്ടിയിലധികമാണ് ഒറ്റ ലോക ചാമ്പ്യൻഷിപ്പ് വിജയത്തോടെ താരത്തെ തേടിയെത്തുന്നത്.
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഏകദേശം 11.45 കോടി രൂപയാണ് സമ്മാനത്തുകയായി ഗുകേഷ് ചാമ്പ്യൻഷിപ്പിൽ നിന്ന് നേടിയത്. ഓരോ ഗെയിം വിജയത്തിനും മാച്ച് റൂൾസ് പ്രകാരം 1.69 കോടി രൂപയാണ് അദ്ദേഹം നേടിയത്. ഗുകേഷിന്റെ മൂന്ന് മത്സരങ്ങളിലെ വിജയങ്ങൾ (3, 11, 14 റൗണ്ടുകൾ) അദ്ദേഹത്തിന് 5.07 കോടി രൂപ അധികമായി നേടിക്കൊടുത്തുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഡി ഗുകേഷിന്റെ ആസ്‌തി എത്ര?
ലോക ചെസ് ചാമ്പ്യൻഷിപ്പിന് മുൻപ് ഗുകേഷിന്റെ ആസ്‌തി ഏകദേശം 8.26 കോടി രൂപയോളമായിരുന്നു എന്നാണ് കണക്കാക്കുന്നത്. എന്നാൽ ചാമ്പ്യൻഷിപ്പ് വിജയത്തിൽ നിന്ന് ലഭിച്ച സമ്മാനത്തുക കൂടി ചേരുന്നതോടെ അദ്ദേഹത്തിന്റെ ആസ്‌തി 20 കോടി കടക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതായത് പ്രായം 18 മാത്രമേ ആയിട്ടുള്ളൂവെങ്കിലും ഇന്ത്യയുടെ ഭാവി ചെസ് വാഗ്‌ദാനത്തിന്റെ സമ്പാദ്യം 20 കോടിക്ക് മുകളിലാണെന്ന് സാരം.
താരത്തിന്റെ സമ്പാദ്യത്തിൽ ഭൂരിഭാഗവും ചെസ് ടൂർണമെന്റുകളിൽ നേടിയ വിജയത്തിന്റെ സമ്മാനത്തുക എന്ന നിലയിൽ കിട്ടിയവയാണ്. മാത്രമല്ല ചില പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിൽ നിന്ന് ലഭിക്കുന്ന തുകയും വരുമാനത്തിൽ വലിയൊരു പങ്ക് സംഭാവന ചെയ്യുന്നു. ലോക ചാമ്പ്യനായതോടെ ഇതെനി വലിയ തോതിൽ ഉയരാനാണ് സാധ്യത.
മാത്രമല്ല ഒരു കോടിയിലധികം രൂപ വില വരുന്ന ആഡംബര വാഹനവും ഡി ഗുകേഷിന്റെ ആസ്‌തികളിൽ ഉൾപ്പെടുന്നു. 1.05 കോടി രൂപ വില വരുന്ന മെഴ്‌സിഡസ് ഇ ക്ലാസ് വാഹനമാണ് ഗുകേഷിന് സ്വന്തമായുള്ളത്. ചെസ് ഒളിമ്പ്യാഡിലെ പ്രകടനം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ വിദ്യാലയമാണ് ഇത്രയും വലിയൊരു സമ്മാനം താരത്തിന് കൊടുത്തത്.












Click it and Unblock the Notifications