പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ തീരുമാനം; ഒടുവിൽ എയർ ഇന്ത്യ എക്‌സ്പ്രസ് സമരത്തിന് അന്ത്യം
ന്യൂഡൽഹി: ഇന്നലെ മുതൽ 170ലധികം വിമാന സർവീസുകൾ റദ്ദാക്കാനും ഒട്ടേറെ പേരുടെ യാത്രാ പ്രതിസന്ധിക്കും കാരണമായ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തിന് ഒടുവിൽ അവസാനമായി. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചു. സമരത്തിൽ പങ്കെടുത്ത മുന്നോറോളം ക്രൂ അംഗങ്ങൾ വൈകാതെ തന്നെ ഡ്യൂട്ടിക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നേരത്തെ പിരിച്ചുവിട്ട 25 ക്യാബിൻ ക്രൂ അംഗങ്ങളെയാണ് തിരിച്ചെടുത്തുവെന്ന് കാട്ടി എയർലൈൻ മാനേജ്‌മെന്റ് കത്തയച്ചത്. ഇന്ന് ലേബർ കമ്മീഷണറുടെ ഓഫീസിൽ നടന്ന അനുരഞ്ജന നടപടികളിൽ എയർലൈൻ മാനേജ്‌മെന്റിന്റെയും എയർ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയന്റെയും പ്രതിനിധികളാണ് പങ്കെടുത്തത്.

കൂടാതെ ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന ഉറപ്പും മാനേജ്മെന്റ് നൽകിയിട്ടുണ്ട്. മുൻകൂട്ടി അറിയിക്കാതെ ജോലിയിൽ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ എയർ ഇന്ത്യ എക്‌സ്പ്രസ് മാനേജ്‌മെന്റ് പുറത്താക്കിയത്. എന്നാൽ ഇതിന് പിന്നാലെ പ്രതിഷേധം കൂടുതൽ ശക്തമായിരുന്നു.
കഴിഞ്ഞ ദിവസം ആരംഭിച്ച സമരത്തിന്റെ ഭാഗമായി നൂറുകണക്കിന് സർവീസുകൾ റദ്ദാക്കിയതോടെ വലിയ തിരിച്ചടിയാണ് യാത്രക്കാർക്ക് ഉണ്ടായത്. പലരും മണിക്കൂറുകളോളം എയർപോർട്ടിൽ കുടുങ്ങുകയും വിദേശത്തെ ജോലി സ്ഥലത്ത് ഉൾപ്പെടെ കൃത്യ സമയത്ത് എത്താനാവാതെ വരികയും ഒക്കെ ചെയ്‌തുവെന്ന് വ്യക്തമാക്കിയിരുന്നു.
മെയ് ഏഴ് രാത്രി മുതലാണ് മുൻകൂട്ടി അറിയിക്കാതെ ജീവനക്കാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയത്. മുൻകൂട്ടി നോട്ടീസ് നൽകാതെ മെഡിക്കൽ ലീവ് എടുത്തായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ എക്‌സ്പ്രസിലെ പരിഷ്ക്കരണ നടപടികളുമായി ബന്ധപ്പെട്ടായിരുന്നു പണിമുടക്ക് നടന്നത്.
എന്നാൽ ജീവനക്കാർ കൂട്ടത്തോടെ അവധി എടുത്തതിന് പിന്നാലെ നൂറ് കണക്കിന് സർവീസുകളാണ് എയർലൈന് റദ്ദാക്കേണ്ടി വന്നു. ഇത് കൂടാതെ രണ്ട് ദിവസത്തിനുള്ള ഏകദേശം 15000ത്തോളം യാത്രക്കാരെ തീരുമാനം ബാധിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് 25 ജീവനക്കാരെ ഇന്നലെ അർധ രാത്രിയോടെ എയർ ഇന്ത്യ എക്‌സ്പ്രസ് പുറത്താക്കിയത്.
പുതിയ തൊഴിൽ നിബന്ധനകളും നഷ്‌ടപരിഹാര പാക്കേജിലെ പരിഷ്‌കാരങ്ങളുമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് വിഷയവുമായി അടുത്ത ബന്ധമുള്ള ചില വൃത്തങ്ങൾ പറയുന്നു. ജീവനക്കാരോടുള്ള പെരുമാറ്റത്തിൽ തുല്യതയില്ലെന്നും ക്രൂ അംഗങ്ങൾ ആരോപിച്ചിരുന്നു. ഇതാണ് അവരെ സമരത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം.












Click it and Unblock the Notifications