'രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നു'; കാനഡയെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണറും സംശയത്തിന്റെ നിഴലിൽ ആണെന്ന കാനഡയുടെ ആരോപണത്തിന് മറുപടിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. കാനഡയുടെ നീക്കത്തെ ശക്തമായ ഭാഷയിൽ വിമർശിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇത് വോട്ട് ബാങ്ക് രാഷ്ട്രീയം ആണെന്നും ഇന്ത്യയെ മനഃപൂർവം അപമാനിക്കാനുള്ള ശ്രമം ആണെന്നും ചൂണ്ടിക്കാണിച്ചു.
കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് വിമർശനം. ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ കാര്യമായ വിള്ളൽ ഉണ്ടാക്കാൻ പുതിയ സംഭവവികാസങ്ങൾക്ക് കഴിഞ്ഞുവെന്നാണ് വ്യക്തമാവുന്നത്. കാനഡയുടെ ആരോപണങ്ങളെ അപകടകരം എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്.

നിരന്തരം അഭ്യർത്ഥനകൾ നടത്തിയെങ്കിലും ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കാളിത്തത്തിന്റെ ഒരു തെളിവും പങ്കുവയ്ക്കാൻ കനേഡിയൻ സർക്കാർ തയ്യാറായിട്ടില്ല. കനേഡിയൻ മണ്ണിലെ വിഘടനവാദ ശക്തികളെ അമർച്ച ചെയ്യാനുള്ള നടപടികൾ ഒന്നും സ്വീകരിക്കാതെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് ജസ്‌റ്റിൻ ട്രൂഡോയെന്നും വിദേശമന്ത്രാലയം ഇന്ന് പുറത്തുവിട്ട പ്രസ്‌താവനയിൽ ആരോപിക്കുന്നു.
കാനഡ ഉയർത്തിയ ആരോപണങ്ങൾ എല്ലാം തന്നെ ട്രൂഡിയോയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു. ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ച കനേഡിയൻ സർക്കാരിന്റെ ഈ ഏറ്റവും പുതിയ ശ്രമങ്ങൾക്ക് മറുപടിയായി തുടർനടപടികൾ സ്വീകരിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ട്രൂഡോയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിശിതമായ വിമർശനമാണ് നടത്തിയത്. 2018ലെ അദ്ദേഹത്തിന്റെ ഇന്ത്യ സന്ദർശനം ഇത്തരമൊരു ലക്ഷ്യം ഉള്ളിൽ വച്ചുകൊണ്ടായിരുന്നു എന്നാണ് ആരോപണം. കൂടാതെ ഇന്ത്യൻ ഹൈക്കമീഷണറെ വിദേശകാര്യ മന്ത്രാലയം പ്രതിരോധിക്കുകയും ചെയ്‌തു.
അതിനിടെ സംഭവത്തിൽ അതൃപ്‌തി അറിയിക്കാനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കാനഡയുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ നടന്ന നിജ്ജാർ വധത്തിന്റെ അന്വേഷണത്തിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും സംശയനിഴലിലാണ് എന്ന ട്രൂഡോ സർക്കാരിന്റെ അറിയിപ്പാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.
നേരത്തെ കഴിഞ്ഞ വർഷം ഈ സംഭവത്തിന് ശേഷം ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കാര്യമായ ഉലച്ചിൽ ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് വീണ്ടും നിജ്ജാർ വധം വിഷയമാക്കി കൊണ്ട് കാനഡ രംഗത്ത് വരുന്നത്. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ വലിയ തോതിൽ കുടിയേറ്റം നടത്തുന്ന കാനഡയുമായുള്ള ബന്ധം വഷളായാൽ അത് വീണ്ടും തിരിച്ചടിയായേക്കും എന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications