ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; 9 പേരുടെ നാലാം പട്ടിക പുറത്തുവിട്ട് ബിജെപി, ഇക്കുറി ലക്ഷ്യം ഭേദിക്കുമോ?
ന്യൂഡൽഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാലാം സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. ഒൻപത് പേരുകൾ അടങ്ങിയ പട്ടികയാണ് ബിജെപി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഗ്രേറ്റർ കൈലാഷിൽ നിന്നും ബാബർപൂരിൽ നിന്നും യഥാക്രമം ശിഖ റായിയെയും അനിൽ വസിഷ്ഠിനെയും മത്സരിപ്പിക്കുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്.
ഇതോടെ ആകെ 70 ഡൽഹി നിയമസഭയിലേക്കുള്ള 68 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. എഎപിയുടെ നിലവിലെ കരുത്തരായ മന്ത്രിമാരുടെ മണ്ഡലങ്ങൾ ഉൾപ്പെടെ നാലാം പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. എഎപി മന്ത്രിമാർക്ക് എതിരെ ബിജെപി ശക്തരായ സ്ഥാനാർത്ഥികളെ തന്നെയാണ് രംഗത്തിറക്കിയത്.

ഡൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജിനെതിരെ ശിഖ റായ് മത്സരിക്കുമ്പോൾ, മറ്റൊരു മന്ത്രി കൂടിയായ ഗോപാൽ റായിക്കെതിരെ വസിഷ്ഠ് കളത്തിൽ ഇറങ്ങും. ബിജെപി നാലാം പട്ടിക പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ സഖ്യകക്ഷിയായ ജെഡിയു ബുരാരി മണ്ഡലത്തിൽ ശൈലേന്ദ്ര കുമാറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
വസീർപൂരിൽ പൂനം ശർമ, ബവാനയിൽ രവീന്ദർ കുമാർ ഇന്ദ്രജ്, ഡൽഹി കന്റോൺമെന്റിൽ ഭുവൻ തൻവർ, സംഗം വിഹാറിൽ ചന്ദൻ കുമാർ ചൗധരി, ത്രിലോക്പുരിയിൽ രവികാന്ത് ഉജ്ജയിൻ, ഷഹ്‌ദാരയിൽ സഞ്ജയ് ഗോയൽ, ഗോക്കൽപൂരിൽ പ്രവീൺ നിമേഷ് എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളും അവിടെ മത്സരിക്കുന്ന സ്ഥാനാർത്ഥികളും.
ഇതിൽ മൂന്ന് മണ്ഡലങ്ങൾ എസ്‌സി വിഭാഗത്തിന് വേണ്ടി നീക്കിവച്ച മണ്ഡലങ്ങളാണ് ബവാന, ത്രിലോക്പുരി, ഗോകൽപൂർ എന്നിവയാണ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്‌ത മണ്ഡലങ്ങൾ. നാലാം സ്ഥാനാർത്ഥി പട്ടികയിൽ ശിഖ റായിയും പൂനം ശർമ്മയും സ്ഥാനം പിടിച്ചതോടെ ബിജെപി ഇതുവരെ ഒമ്പത് വനിതാ സ്ഥാനാർത്ഥികളെയാണ് ഡൽഹിയിൽ മത്സരിപ്പിക്കുമെന്ന് അറിയിച്ചത്.
ദീപ്‌തി ഇന്തോര, ഊർമിള കൈലാഷ് ഗാംഗ്വാർ, ശ്വേത സൈനി, പ്രിയങ്ക ഗൗതം, നീലം പഹൽവാൻ, രേഖ ഗുപ്‌ത, കുമാരി റിങ്കു എന്നിവരാണ് മറ്റ് വനിതാ സ്ഥാനാർത്ഥികൾ. ഇത്തവണ രാജ്യ തലസ്ഥാനത്തെ ഭരണം പിടിച്ചെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ബിജെപി. 2014 മുതൽ കേന്ദ്രത്തിൽ അധികാരത്തിൽ ഉണ്ടെങ്കിലും മൂക്കിന് താഴെയുള്ള ഡൽഹിയിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയാത്തത് ബിജെപിക്ക് തിരിച്ചടിയാണ്.
ഈ സാഹചര്യത്തിൽ ഇത്തവണ ലക്ഷ്യം ഭേദിക്കാൻ മികച്ച പ്രവർത്തനങ്ങളുമായാണ് അവർ മുന്നോട്ട് നീങ്ങുന്നത്. ഇതിന്റെ ഭാഗമായി താര പ്രചാരകരെ തന്നെയാണ് അവർ കളത്തിൽ ഇറക്കുന്നത്. 40 പേരുടെ പട്ടിക കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ന്യൂഡൽഹി എംപി ബൻസുരി സ്വരാജ് എന്നിവർ പ്രചാരണത്തിന് നേതൃത്വം നൽകുമെന്നാണ് കരുതുന്നത്.
ഇത്തവണ രാജ്യ തലസ്ഥാനത്ത് ത്രികോണ മത്സരത്തിനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലായി ഡൽഹിയിലെ ചിത്രത്തിൽ നിന്നും തുടച്ചുനീക്കപ്പെട്ടതിന് ശേഷം കോൺഗ്രസ് വീണ്ടും ഇവിടെ കാലുറപ്പിക്കാൻ ശ്രമിക്കുമ്പോൾ ഡൽഹിയിലെ 27 വർഷത്തെ അധികാര വരൾച്ച തകർക്കാനാണ് ബിജെപിയുടെ പോരാട്ടം. ഭരണം നിലനിർത്താൻ എഎപിയും ഇറങ്ങുന്നതോടെ മത്സരം കടുക്കും.












Click it and Unblock the Notifications