ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ പേഴ്‌സണൽ അസിസ്‌റ്റന്റ് അഞ്ച് ലക്ഷവുമായി പിടിയിൽ; ആരോപണവുമായി ബിജെപി
ന്യൂഡൽഹി: വോട്ടെടുപ്പ് പുരോഗമിക്കവേ ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനക്ക് എതിരെയും എഎപിക്കെതിരെയും ഗുരുതര ആരോപണവുമായി ബിജെപി രംഗത്ത്. അതിഷിയുടെ പേഴ്‌സണൽ അസിസ്‌റ്റന്റ് (പിഎ) വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാൻ എത്തിച്ച അഞ്ച് ലക്ഷം രൂപയുമായി പിടിയിലായതായി ബിജെപി അവകാശപ്പെട്ടു.
ബിജെപി നേതാവ് അമിത് മാളവ്യയാണ് ഈ ആരോപണം ഉന്നയിച്ചത്. 'ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനയുടെ പിഎ അഞ്ച് ലക്ഷം രൂപയുമായി ഗിരിഖണ്ഡ് നഗറിൽ പിടിയിലായി. എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു. കൽക്കാജിയിൽ വോട്ടർമാരെ വിലയ്ക്കുവാങ്ങാൻ ഗൂഢാലോചന നടക്കുന്നുണ്ട്' എന്നായിരുന്നു അമിത് മാളവ്യ പങ്കുവച്ച ട്വീറ്റിൽ പറഞ്ഞത്.

ഡൽഹിയിൽ ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ പോളിങ് തുടരവെയാണ് ഗുരുതര ആരോപണവുമായി ബിജെപി രംഗത്ത് വന്നത്. എന്നാൽ എഎപി വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന ഡൽഹിയിൽ പോളിങ് ദിനവും അതിന് കുറവില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ.
നേരത്തെ, എഎപി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പോലീസ് സ്‌റ്റേഷനിൽ യമുനാ നദിയിലെ ജലം വിഷം കലർത്തുന്നതിനെക്കുറിച്ചുള്ള പരാമർശത്തിൻ്റെ പേരിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
വാർത്താ ഏജൻസിയായ ഐഎഎൻഎസുമായുള്ള ആശയവിനിമയത്തിനിടെ, കെജ്രിവാളിന്റെ മുൻ സഹപ്രവർത്തകനും മുതിർന്ന സാമൂഹിക പ്രവർത്തകനുമായ അണ്ണാ ഹസാരെ, മുൻ ഡൽഹി മുഖ്യമന്ത്രിയെ രൂക്ഷമായി ഭാഷയിൽ വിമർശിച്ചിരുന്നു. "തുടക്കത്തിൽ, അരവിന്ദ് എന്നോടൊപ്പമുണ്ടായിരുന്നു, എന്നാൽ അധികാരവും പണവും അദ്ദേഹത്തിന്റെ ചിന്തകളെ മൂടിയതോടെ കാര്യങ്ങൾ മാറി.' അണ്ണാ ഹസാരെ ചൂണ്ടിക്കാട്ടി.
70 അംഗ ഡൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ബാലറ്റുകൾ ഫെബ്രുവരി 8ന് എണ്ണും. തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്താൻ എഎപി ശ്രമിക്കുമ്പോൾ അവർക്ക് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. ഭരണകക്ഷിയായ എഎപി ബിജെപിയിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്നു. രാജ്യതലസ്ഥാനത്ത് രണ്ടര പതിറ്റാണ്ടിന് ശേഷം അധികാരം പിടിച്ചെടുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
കൂടാതെ, മുൻ തിരഞ്ഞെടുപ്പുകളിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയാതെ പോയ കോൺഗ്രസും മികച്ച പ്രകടനം പുറത്തെടുക്കാൻ പരമാവധി നോക്കുന്നുണ്ട്. ഇതിനായി കരുത്തരായ സ്ഥാനാർത്ഥികളെ തന്നെയാണ് അവരും ഇറക്കിയത്. ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയിലെ അംഗങ്ങൾ ആണെങ്കിലും കോൺഗ്രസും എഎപിയും ഡൽഹിയിൽ ബദ്ധവൈരികളാണ്.












Click it and Unblock the Notifications