ഡൽഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളംകയറി; രണ്ട് വിദ്യാർത്ഥിനികൾ മുങ്ങി മരിച്ചു
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ പ്രമുഖ യുപിഎസ്‌സി പരിശീലന കേന്ദ്രത്തിൽ വെള്ളംകയറിയതിനെ തുടർന്ന് രണ്ട് വിദ്യാർത്ഥിനികൾ മുങ്ങി മരിച്ചു. അപ്രതീക്ഷിതമായി ബേസ്മെന്റിൽ വെള്ളം കയറിയതോടെ അവിടെ പെട്ടുപോയ വിദ്യാർത്ഥിനിളാണ് മുങ്ങിമരിച്ചത്. രണ്ട് വിദ്യാർത്ഥികൾ ഇവിടെ കുടുങ്ങി പോവുകയും ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് മണിക്കൂറിലധികമായി ഇവർ അവിടെ കുടുങ്ങിയെന്നാണ് സൂചന.
കോച്ചിംഗ് ക്ലാസിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികളെ സംഭവത്തിന് ശേഷം കാണാതാവുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. പിന്നീട് നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെടുത്തത്. കനത്ത മഴയെ തുടർന്ന് രാജേന്ദ്ര നഗറിലെ റാവുസ് ഐഎഎസ് സ്‌റ്റഡി സർക്കിളിന്റെ ബേസ്മെൻറ് പൂർണമായും വെള്ളത്തിനടിയിലാവുക ആയിരുന്നു. ഇവിടെയാണ് വിദ്യാർത്ഥികൾ കുടുങ്ങിയത്.

വൈകീട്ട് ഏഴ് മണിയോടെയാണ് അഗ്നിശമന സേനയ്ക്ക് അപകട വിവരം ചൂണ്ടിക്കാട്ടി ഫോൺ വന്നത്. ഉടൻ തന്നെ അവർ അടിയന്തരമായി സംഭവ സ്ഥലത്തേക്ക് പുറപ്പെടുകയായിരുന്നു. കാണാതായ വിദ്യാർത്ഥികളുടെ മൊബൈൽ നമ്പറുകൾ വഴി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ഒന്നും വിജയിച്ചിരുന്നില്ല. ഈ നമ്പറുകളിൽ ഫോൺ കോളുകൾ പോവുന്നുണ്ടായിരുന്നില്ല.
ഡൽഹി ഫയർ സർവീസ്, നാഷണൽ ഡിസാസ്‌റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻഡിആർഎഫ്), ഡൽഹി പോലീസ് എന്നിവർ ഉടൻ സംഭവ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. മൂന്ന് മണിക്കൂറിലധികമായി രണ്ട് വിദ്യാർത്ഥികളെ കുറിച്ചും വിവരമൊന്നും ലഭിച്ചിട്ടില്ല.
കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനായി കോച്ചിംഗ് സെന്ററിന്റെ ബേസ്‌മെന്റിൽ അധികൃതർ വിശദമായി തിരച്ചിൽ നടത്തുകയാണ്. സംഭവം അറിഞ്ഞതിന് പിന്നാലെ ഡൽഹി ബിജെപി എംപി ബൻസുരി സ്വരാജും എംസിഡി മേയർ ഷെല്ലി ഒബ്‌റോയിയും രക്ഷാപ്രവർത്തനങ്ങൾ പരിശോധിക്കാൻ സ്ഥലത്തെത്തി.
വെസ്‌റ്റ് ഡൽഹിയിലെ പട്ടേൽ നഗറിലെ വെള്ളക്കെട്ടുള്ള തെരുവ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ യുപിഎസ്‌സി ഉദ്യോഗാർത്ഥി വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം. ശനിയാഴ്‌ച വൈകുന്നേരം പെയ്‌ത കനത്ത മഴയിൽ കോച്ചിംഗ് സെന്ററിന് ചുറ്റുമുള്ള പ്രദേശം വെള്ളത്തിനടിയിലായതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ ഡൽഹി) എം ഹർഷവർദ്ധൻ പറയുന്നു.
'രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്, ഞങ്ങൾ ചില ബുദ്ധിമുട്ടുകൾ നേരിടുകയാണ്. വെള്ളം ഒഴുകിപ്പോകാൻ സമയമെടുക്കുന്നു. സംഘം പരമാവധി ശ്രമിക്കുന്നുണ്ട്. ഇതിനിടയിൽ ഒരു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി' അദ്ദേഹം ചൂണ്ടിക്കാട്ടി. കോച്ചിംഗ് സെന്റർ ഉടമ ഇപ്പോൾ ഒളിവിലാണ്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications