കോച്ചിംഗ് സെന്റര്‍ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം പ്രഖ്യാപിച്ച് ലെഫ്. ഗവര്‍ണര്‍
ന്യൂഡല്‍ഹി: ഡല്‍ഹി കോച്ചിംഗ് സെന്റര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം നല്‍കും. ലെഫ്.ഗവര്‍ണര്‍ വികെ സക്‌സേനയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. ശനിയാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്.
വിദ്യാര്‍ത്ഥികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം സ്വദേശി നവീന്‍ ഡാല്‍വിന്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍ മരിച്ചിരുന്നു. മൂന്ന് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഡല്‍ഹി അഗ്നിശമനസേനാ സര്‍വീസ്, പോലീസ്, എംസിഡി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ 24 മണിക്കൂറില്‍ നടപടിയെടുക്കുമെന്ന് എല്‍ജി ഉറപ്പ് നല്‍കി.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മുപ്പത് ദിവസത്തിനുള്ളില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഡല്‍ഹി ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് എംസിഡി, ഡിഎഫ്എസ് എന്നിവയുടെ സംയുക്ത ടാസ്‌ക് ഫോഴ്‌സ് നേരത്തെ മുഖര്‍ജി നഗറിലെ കോച്ചിങ് സെന്ററിലെ തീപ്പിടുത്തത്തെ തുടര്‍ന്ന രൂപീകരിച്ചിരുന്നു.
ഈ ടാസ്‌ക് ഫോഴ്‌സ് തന്നെ രജീന്ദര്‍ നഗര്‍ മേഖലയിലെ എല്ലാ കെട്ടിടങ്ങളുടെയും സര്‍വേ എടുക്കും. സുരക്ഷാ പരിശോധനയാണിത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എല്ലാ കെട്ടിടങ്ങളും പൂട്ടിക്കും. കെട്ടിട നിയമങ്ങള്‍ ലംഘിക്കുന്ന നിരവധി കെട്ടിടങ്ങള്‍ ഡല്‍ഹിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബേസ്‌മെന്റ് ഉടമ അടക്കം അറസ്റ്റിലായിട്ടുണ്ട്. പ്രദേശത്തെ അനധികൃത കൈയ്യേറ്റങ്ങള്‍ പൊളിച്ചുമാറ്റുകയാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ഓള്‍ഡ് രജീന്ദര്‍ നഗറിലെ കൈയ്യേറ്റങ്ങളാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റുന്നത്.
അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ 13 സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററുകളുടെ ബേസ്‌മെന്റുകള്‍ എംസിഡി കഴിഞ്ഞ ദിവസം സീല്‍ ചെയ്തിരുന്നു. കോച്ചിങ് സെന്ററിലുണ്ടായ വെള്ളപ്പൊക്കത്തില്‍ യഥാര്‍ത്ഥ മരണസംഖ്യ സര്‍ക്കാരും പോലീസും മറച്ചുവെക്കുകയാണെന്ന് പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. രണ്ട് വിദ്യാര്‍ത്ഥികളെ കൂടി ഇനിയും കണ്ടെത്തേണ്ടതുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
അതേസമയം കോച്ചിംഗ് സെന്ററുകള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ അടക്കം ആഭ്യന്തര മന്ത്രാലയ ഉന്നതതല സമിതി നല്‍കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ളതാണ് ഈ സമിതി. ഡല്‍ഹി സര്‍ക്കാരിന്റെയും നഗരവികസന മന്ത്രാലയത്തിന്റെയും പോലീസിന്റെയും പ്രതിനിധികള്‍ സമിതിയിലുണ്ടാവും. വാണിജ്യപരമായ ഒരാവശ്യത്തിനും ബേസ്‌മെന്റുളില്‍ അനുമതിയില്ലെന്ന് ഡിസിപി എം ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications