ഡൽഹിയിൽ റോഡരികിൽ നിസ്‌കരിച്ചവരെ മർദ്ദിച്ചു; വീഡിയോ വൈറൽ, പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
ന്യൂഡൽഹി: ഡൽഹിയിൽ തിരക്കേറിയ റോഡരികിൽ നിസ്‌കരിച്ചു കൊണ്ടിരുന്ന വിശ്വാസികളെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. വെള്ളിയാഴ്ച്ച ഉച്ചയോടെ നിസ്‌കാരത്തിനായി പള്ളിയിലെത്തിയ വിശ്വാസികളെയാണ് പോലീസുകാരൻ കയ്യേറ്റം ചെയ്‌തത്. ഇതിന്റെ വീഡിയോ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സസ്‌പെൻഷൻ നടപടി എടുത്തത്.
34 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഡൽഹിയിലെ ഇൻദർലോക് ഏരിയയിലെ ഒരു പോലീസ് പോസ്‌റ്റിണ്ട് ചുമതലയുള്ള ഉദ്യോഗസ്ഥൻ അതിന് അടുത്തായുള്ള ഒരു പള്ളിക്ക് സമീപം പ്രാർത്ഥിക്കുന്ന ഏതാനും വിശ്വാസികളെ പിരിച്ചുവിടാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പെട്ടെന്ന് രോഷാകുലനായ പോലീസ് ഉദ്യോഗസ്ഥൻ രണ്ട് പേരെ പിന്നിൽ നിന്ന് ചവിട്ടുകയും മർദ്ദിക്കാൻ ശ്രമിക്കയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു.

ഇതിന് പുറമെ പ്രചരിക്കുന്ന മറ്റൊരു ദൈർഘ്യമുള്ള വീഡിയോയിൽ ഇതേ പോലീസുകാരൻ വിശ്വാസികളെ പിടിച്ചു തള്ളുന്നതും കാണാമായിരുന്നു. കൂട്ടമായി നിന്ന ആളുകളെ പിരിച്ചുവിടാനെന്ന പേരിലാണ് പോലീസുകാരൻ ഇവിടേക്ക് എത്തിയത്. ഈ സമയം റോഡില്‍ ഇരുന്ന് നിസ്‌കരിക്കുകയായിരുന്ന ആളുകളെയാണ് ഇയാൾ മർദ്ദിച്ചത്.
"ഇന്ന് നടന്ന സംഭവത്തിൽ, വീഡിയോയിൽ കണ്ട പോലീസ് പോസ്‌റ്റ് ഇൻ-ചാർജിനെ സസ്‌പെൻഡ് ചെയ്‌തു. ആവശ്യമായ അച്ചടക്ക നടപടികളും സ്വീകരിക്കുന്നുണ്ട്," ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എംകെ മീണയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു. ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല അന്വേഷണവും നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രചരിക്കുന്ന വീഡിയോകളിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട പോലീസുകാരനും സമീപത്തുള്ളവരുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുന്നതും കാണാമായിരുന്നു. രോഷാകുലരായ പ്രതിഷേധക്കാർ പിന്നീട് പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു. മസ്‌ജിദിൽ നിറയെ ആളുകൾ ആയിരുന്നതിനാൽ വിശ്വാസികൾ പുറത്ത് പ്രാർത്ഥിക്കുകയായിരുന്നുവെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മേഖലയിലെ ക്രമസമാധാന പാലനത്തിനായി ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ സംഭവത്തിൽ ഡൽഹി പോലീസിനെ കോൺഗ്രസ് ഡൽഹി ഘടകം കടുത്ത ഭാഷയിൽ വിമർശിച്ചു. "ഇത് വളരെ ലജ്ജാകരമാണ്! ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ റോഡിൽ നിസ്‌കരിക്കുന്നവരെ ചവിട്ടുന്നു. ഇതിലും നാണക്കേട് മറ്റെന്തുണ്ട്...?" എന്നായിരുന്നു അവരുടെ പ്രതികരണം.












Click it and Unblock the Notifications